എഴുത്തുകാരൻ: കവിത, ശുഭ ബിജുകുമാർ

എഴുത്തുകാരൻ: കവിത,   ശുഭ ബിജുകുമാർ
ശുഭ ബിജുകുമാർ
ആനന്ദത്തിലതിരു
കടക്കാറില്ല
അഴലിൽ
പതറി പോകാറുമില്ല..
പാഞ്ഞടുക്കുന്ന
വാക്കാകുന്ന അസ്ത്രമുനയാൽ
മുറിവേൽക്കുമ്പോൾ
മൗനം പാലിക്കുന്നവൻ
എഴുത്തുകാരൻ..
ഒരു വേളയിൽ
നിശബ്ദതയുടെ
ആഴങ്ങളിലൊളിച്ചും
വീണ്ടുമൊരു തെന്നലായും
വരും.
തൂലിക കൊണ്ട്
വസന്തം വിരിയിച്ചു
കടന്നു വരുന്നവൻ
കവിയാണ്..
 
ദൃശ്യചാരുതയവന്റെ
തൂലികയ്ക്കു പറയാതിരിക്കുവാനാകില്ല.
ചുറ്റിലും കാണുന്ന
കദനങ്ങൾ
കോറിയിടുമ്പോൾ
മനസ്സു പിടയുന്നവൻ
കവിയാണ്..
അവന്റെ കഥയെന്നു
ജനം അടക്കം പറയുമ്പോൾ
പ്രതികരിക്കാൻ
കഴിയില്ലവന്.
കവിയുടെ
ദുഃഖമായി
മാറിയാ കാഴ്ചകൾ
  
പ്രണയിക്കുന്നവരുടെ
മുഖത്തു വിരിയുന്ന
നറു നിലാവ് കവിതയാണ് 
ആ നിലാവ് അവൻ നെഞ്ചിലേറ്റുന്നു.
മനോഹരമായ
വാക്കുകൾ കൂട്ടിയിണക്കി
മറ്റൊരു പ്രണയകാവ്യമാക്കുന്നു
ചുവന്ന തുമ്പികളും
മുക്കുറ്റിയും മുല്ലയും
അവന്റെ തൂലികയിൽ
വിരിയുന്ന വാങ്മയ
ചിത്രങ്ങളല്ലോ.
ഏകാന്തമായ
തീരത്ത്‌
അടിഞ്ഞു ചേർന്ന്
വീണ്ടുമടുത്ത
തിരയിൽ
കടലിന്റെ മാറിൽ
തെന്നി നീങ്ങുന്ന
ശംഖു പോലവന്റെ
ചിന്തകൾ പുതിയ
കാഴ്ചകൾ തേടുകയാണ്....