ചാപല്യം: കഥ, ആനി കോരുത്

ചാപല്യം:  കഥ, ആനി കോരുത്
ആ മലയോര പ്രദേശത്തെ ഗവ. ഹയർ സെക്കന്ററി സ്കൂളിലെ എട്ടാം ക്ലാസ്സ് വിദ്യാർഥിയാണ് ദേവീ പ്രിയ കൂട്ടുകാർ അവളെ പ്രിയ എന്ന വിളിക്കും. പഠിത്തത്തിൽ അത്ര മോശമില്ലന്നേയൊള്ളു. ജസ്റ്റ് ആവറേജ് എന്നൊക്കെ വിശേഷിപ്പിക്കാം.
 
ഒരു മാസത്തെ കാത്തിരിപ്പിനു  ശേഷമാണ് അവിടെ പുതിയ കണക്കു സാർ വന്നു ചാർജ്ജെടുത്തത് പഴയ കണക്കു മാഷ് - ഭാസ്ക്കരൻ പിള്ള സാറിനു സ്ഥലം മാറ്റമായി. കുട്ടികളിൽ ബഹുഭൂരിപക്ഷത്തിനും കണക്കു തെറ്റിച്ചാലും ഹോം  ചെയ്തില്ലെങ്കിലും അദ്ദേഹത്തിന്റെ  അടി ഉറപ്പാണ്. അതും നല്ല ചുള്ളിപ്പിടിച്ച അടി, അതും കൈവെള്ളയിൽ  ചുവന്ന് നീണ്ടു കിടക്കുന്നതു കാണുമ്പോൾ തന്നെ വേദന ഇരട്ടിക്കും. സ്കൂളുകളിൽ കോർപ്പൽ പണീഷ്മെന്റ് വേണ്ടാ എന്നുള്ള നിയമമൊന്നും അദ്ദേഹത്തിന് ബാധകമേയല്ല. പലപ്പോഴും സ്ക്കൂളിൽ പോകുന്നതിനു മുമ്പേ ഭഗവാനോട് കണക്കു സാറിന്റെ അടി കൊള്ളരുതേയെന്ന് ആത്മാർഥമായി പ്രാർഥിക്കാറുണ്ടായിരുന്നു. കണക്കു പരീക്ഷയുടെ പേപ്പർ തരാറാകുമ്പോൾ മ്പാർ പനി പിടിച്ച് കിടപ്പിലാകണേ എന്നും പ്രാർഥിക്കാറുണ്ട്. പലപ്പോഴും ഈശ്വരൻ തന്റെ പ്രാർഥന കേൾക്കാറില്ലായിരുന്നു. അങ്ങനെ ഭാസ്ക്കരൻ മാഷിനെക്കുറിച്ച് പൊറുതി മുട്ടിയിരിക്കുമ്പോഴാണ് അദ്ദേഹത്തിന് സ്ഥലമാറ്റമായത്. പിന്നീട് ഒരു മാസത്തേയ്ക്ക് കണക്കു പിരീഡ് ഫ്രീ ആയി. വല്ലപ്പോഴും സബ്സിറ്റ്യൂഷന് വല്ല റ്റീച്ചറുമാരും വരും. അല്ലെങ്കിൽ നേരത്തെ ആ പിരീഡ് ഡ്രില്ലിനു പോകാനുള്ള അനുവാദം വാങ്ങാൻ ക്ലാസ് ലീഡറിനെ ചട്ടംകെട്ടും. ആ ഡ്രിൽ പിരീഡിലാണ് കുട്ടുകാർ കൂടിയിരുന്ന് പല കാര്യങ്ങൾ പറയുന്നത്. പുതിയ മാഷ് വന്നു എന്നു കേട്ടപ്പോൾ കൂട്ടം കൂടിയുള്ള ആ വർത്തമാന സുഖം നഷ്ടമായി എന്നുള്ള ദുഃഖമായിരുന്നു ഹൃദയത്തിൽ . എങ്കിലും പുതിയ മാഷിനെ കാണാൻ ഒരു തിടുക്കമുണ്ടായിരുന്നു
പഴയ ഭാസ്ക്കരൻ മാഷിനെപ്പോലെയല്ലായിരുന്നു പുതിയ മാഷ്. ചെറു പ്പക്കാരൻ , സുന്ദരൻ. സാർ ക്ലാസ്സിൽ വന്നപ്പോൾ കുട്ടികളെല്ലാവരും പരിപൂർണ്ണനിശബ്ദരായിരുന്നു. എല്ലാവരുടേയും മനസ്സിൽ ഭാസ്ക്കരൻ മാഷേയും പുതിയ മാഷേയും തമ്മിൽ ഒരു താരതമ്യം നടത്തുകയായിരിക്കും. അദ്ദേഹത്തിന്റെനല്ല നീളവും ചീകി ഒതുക്കിയ കോലൻ മുടിയും ആരുടെയും ശ്രദ്ധ ആകർഷിക്കും. തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് ഷേവ് ചെയ്ത് മിനുക്കിയ ആ മുഖത്തു വിരിയുന്ന നുണക്കുഴിയായിരുന്നു. സാർ എല്ലാവരുടെയും പേരു ചോദിച്ചു. ഓരോരുത്തരും പേരു പറയുമ്പോൾ
 സാർ അത് ഹൃദിസ്ഥമാക്കുന്നതു പോലെ എടുത്തു പറഞ്ഞു കൊണ്ടിരുന്നു. തന്റെ ഊഴത്തിൽ താൻ പേരു പറഞ്ഞപ്പോൾ സ്വരം അല്പം വിറച്ചു എന്നു തോന്നി സാർ ഒന്നുകൂടി പറയാൻ ആവശ്യപ്പെട്ടു. ഈ പ്രാവശ്യം 'ദേവി പ്രിയ ., എന്നു ഉറക്കെ പറഞ്ഞു.
ങ്ഹാ നല്ല പേരാണെല്ലോ പിന്നെ എന്തിനാ പറയാൻ മടിക്കുന്നത്?" എന്നു ചോദിച്ചപ്പോൾ നാണം കൊണ്ട് തല കുനിച്ചു. അവസാനം സാർ തന്റെ പേര് പറഞ്ഞു - വിനോദ് കുമാർ . നല്ല പേര് ! മനസ്സിൽ കുറിച്ചിട്ടു.
          
 വീട്ടിൽ ചെന്നിട്ടും അന്നത്തെ കണക്കു ക്ലാസ് മറക്കാനേ കഴിഞ്ഞില്ല കണ്ണടക്കുമ്പോൾ സാറിന്റെ ചിരിക്കുന്ന മുഖം.! കണക്കു പുസ്തകവും നോട്ട്ബുക്കും വൃത്തിയായി പൊതിഞ്ഞ് ബാഗിൽ എടുത്തു വച്ചു. ഓരോ ദിവസവും കഴിയുന്തോറും സാറിന്റെ ക്ലാസ് രസകരമായി തോന്നി. അതിലും രസം താൻ സംശയം ചോദിക്കുമ്പോൾ കൂട്ടുകാരുടെ മുഖത്തു വിരിയുന്ന അത്ഭുതം കാണുമ്പോഴാണ്. അന്നൊരു ദിവസം താനൊരു സ്വപ്നം  കണ്ടു. തന്റെ അടുത്ത് ചുമലിൽ കൈവച്ചു കൊണ്ടു വേണു ഊതുന്ന കൃഷ്ണനെ . ആ കൃഷ്ണന് വിനോദ് സാറിന്റെ മുഖമായിരുന്നു എന്നു മനസ്സിലായപ്പോഴേക്കും താൻ ഉണർന്നു പോയി. പിന്നെ ഉറങ്ങാനെ കഴിഞ്ഞില്ല. അവസാനം ഒരു തീരുമാനത്തിൽ എത്തി - എങ്ങനെ യും തന്റെ ഹൃദയ വികാരങ്ങൾ സാറിനെ അറിയിക്കണം. ഇനി അതിനെന്താ ഒരു വഴി. ? ഒരു പാട് ആലോചിച്ചപ്പോൾ ഒരു മാർഗ്ഗം തെളിഞ്ഞു.
  പിറ്റേന്ന് കണക്ക് ഹോം വർക്ക് ബുക്ക് സബ്മിറ്റ് ചെയ്യേണ്ടതാണ്. ഹോം വർക്കൊക്കെ ഭംഗിയായി ചെയ്തു. അവസാനം ഒരു ഹാർട്ട് വരച്ചു - അതിലൂടെ അമ്പ് കയറുന്ന വിധത്തിൽ. മേശപ്പുറത്തു ബുക്ക് കൊണ്ട് വച്ചപ്പോൾ തന്റെ ഹൃദയം പടപടാന്ന് അടിക്കുകയായിരുന്നു. പിറ്റേന്ന് സാർ ഒരു ഭാവ ഭേദവും കാണിക്കാതെ ക്ലാസ്സെടുത്തു. - എന്നത്തേപ്പോലെ ധാരാളം തമാശ പറഞ്ഞു കൊണ്ട് തനിക്ക് തലയുയർത്താനെ കഴിഞ്ഞില്ല. ഒരു പ്രാവശ്യം സാർ ചോദിച്ചു:
"എന്താ ദേവി പ്രിയ ഉറക്കമാണോ?'
" തലവേദനയാണ് സാർ " ഒരു തരത്തിൽ പറഞ്ഞൊപ്പിച്ചു. പിന്നെ സാർ ഒന്നും പറഞ്ഞില്ല.
  ഉച്ചയ്ക്ക് ഊണു കഴിഞ്ഞേച്ച് കൈ കഴുകാനായി കൂട്ടുകാരുടെ കൂടെ പൈപ്പിനടുത്തേക്കു പോകുമ്പോൾ വിനോദ് സാർ എതിരെ വരുന്നതു കണ്ടു തന്നെ കണ്ടയുടനെ സാർ പറഞ്ഞു "ദേവിപ്രിയ അവിടെയൊന്ന് നിന്നേ . എന്റെ ഈശ്വരൻമാരേ എന്നു അറിയാതെ വിളിച്ചു പോയി. തന്റെ കൂടെയുള്ളവരൊക്കെ പോയി എന്നു കണ്ടപ്പോൾ സാർ മെല്ലെ അടുത്തു വന്നു. "എന്താ കുട്ടി, ബുക്കിൽ കാണിച്ചു വച്ചിരിക്കുന്നത്. തനിക്കെന്നെ ക്കുറിച്ച് ഒന്നും അറിയാത്തതു കൊണ്ടാണ് അങ്ങനെ പെരുമാറിയത് എന്ന് എനിക്കറിയാം. ഞാൻ ഒരു കുട്ടിയുടെ അച്ഛനാണ് നല്ലൊരു വീടുകിട്ടിയാൽ ഭാര്യയേയും മോനെയും ഇങ്ങു കൊണ്ടുവരണം. അതുകൊണ്ട് എന്റെ കുട്ടി മനസ്സിൽ നിന്നു വേണ്ടാത്ത വിചാരമൊക്കെ കളഞ്ഞ് നന്നായി പഠിച്ച് മാർക്കു വാങ്ങുവാൻ നോക്ക് "
ഒന്നും സംഭവിക്കാത്ത മട്ടിൽ, അകന്ന് പോകുന്ന സാറിനെ കണ്ട് അവൾ കണ്ണീരടക്കി നിന്നു.