പുതുവർഷപ്പുലരി: കവിത , ടോബി തലയൽ

പുതുവർഷപ്പുലരി: കവിത , ടോബി തലയൽപുറത്താരോ വാതിലിൽ
പതിവിലും നേരത്തേ
മുട്ടിവിളിക്കുന്നുണ്ടോ?
ഞാൻ എണീറ്റ്
കണ്ണുതിരുമ്മി
പാളികൾ പാതി തുറന്നു,
പുതുവർഷമാണ്

പുലരിവെളിച്ചം
അനുവാദത്തിന്
കാത്തു നിൽക്കാതെ
അകത്തേക്ക് കടന്നു
വെളിച്ചത്തിന്റെ
കാലുകൾ നിലത്ത് ഉറക്കുന്നുണ്ടായിരുന്നില്ല!

രാത്രിയുടെ
അഴിഞ്ഞുപോയ
ഇരുൾവസ്ത്രം
മുറിയുടെ മൂലയിൽ
ചുരുണ്ടുകിടന്നു,
വിടവാങ്ങിയ വർഷം
ഉപേക്ഷിച്ചുപോയ
ഓർമ്മകൾ പോലെ

അകലെ കണ്ടു
ഒഴിഞ്ഞ കോപ്പകളിലേക്ക്
വീണ്ടും പ്രതീക്ഷകൾ
പകർന്നു വെയ്ക്കുന്ന സൂര്യനെ!