അർത്തുങ്കൽ പള്ളി: ലേഖനം, കെ. പ്രേമചന്ദ്രൻ നായർ കടയ്ക്കാവൂർ

അർത്തുങ്കൽ പള്ളി: ലേഖനം, കെ. പ്രേമചന്ദ്രൻ നായർ കടയ്ക്കാവൂർ

ലപ്പുഴ ജില്ലയിലെ ചേർത്തലക്കടുത്താണ് അർത്തുങ്കൽ പള്ളി സ്ഥിതി ചെയ്യുന്നത്. കിഴക്കിന്റെ വെനീസ് എന്നറിയപ്പെടുന്ന ആലപ്പുഴ ജില്ലയിലെ പ്രധാനപ്പെട്ട ഒരു ആരാധനാലയം. ഇത് ഒരു വിശ്വാസഗോപുരമായാണ് അറിയപ്പെടുന്നത്. ശബരിമല തീർത്ഥാടനം പൂർത്തിയാക്കണമെങ്കിൽ അർത്തുങ്കൽ വെളുത്തച്ചന്റെ തിരുനടയിലെത്തി മാലയിടണമെന്നാണ് വിശ്വാസം.

 1581 ൽ രാജാവിന്റെ അനുമതിയോടെ    വിശുദ്ധ ആശ്രയോഗത്തിന്റെ പേരിൽ പണികഴിപ്പിച്ച ഒരു പള്ളിയാണ് അർത്തുങ്കൽ പള്ളി. വര്ഷങ്ങള്ക്കുശേഷം അർത്തുങ്കൽ പള്ളി പുനര്നിര്മ്മിക്കപെട്ടു. ചെത്തിമിനുക്കിയ കല്ല് കൊണ്ടുണ്ടാക്കിയ ഗോപുരങ്ങളും ശില്പഭംഗിയും പള്ളിയുടെ മാത്രം പ്രത്യേ കതയാണ്. 

 പോർച്ചുഗീസ് മിഷനറിമാരുടെ കാലത്തു പാരീസിൽ നിർമിച്ച വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുസ്വരൂപവുമായിട്ടു കപ്പലിൽ മൈലാപ്പൂരിലേക്കു പോകുകയായിരുന്ന ലിയാനോസ് ബോൺസാലാസ് എന്ന  നാവികൻ അർത്തുങ്കലിനടുത്തെത്തിയപ്പോൾ കടൽക്ഷോഭമുണ്ടായി. കപ്പൽ തകർന്നു പോകുമെന്ന അവസ്ഥ വന്നപ്പോൾ സുരക്ഷിതനായിട്ടു തീരത്തെത്തിയാൽ തിരുസ്വരൂപം അർത്തുങ്കൽ പള്ളിയിൽ പ്രതിഷ്ഠിക്കാമെന്നു നാവികൻ പ്രാർഥിച്ചു. പ്രാർഥനയുടെ ഫലമായി സുരക്ഷിതമായി കരയ്ക്കടുത്ത നാവികൻ 1947-ൽ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുസ്വരൂപം അർത്തുങ്കൽ പള്ളിയിൽ പ്രതിഷ്ഠിച്ചുവെന്നാണ് പറയപ്പെടുന്നത്. വിശുദ്ധ സെബാസ്ത്യനോസാണ് വെളുത്തച്ചനായി പറയപ്പെടുന്നത്. 


ജനുവരി 18 നു പതിനായിരക്കണക്കിന് അയ്യപ്പന്മാർ തിരുസ്വരൂപം കണ്ട് വണങ്ങുകയും പള്ളിക്കുളത്തിൽ കുളിച്ചു തൊഴുകയും ചെയ്യുന്നു. കേരളത്തിലെ പ്രമുഖമായ പെരുന്നാളാഘോഷങ്ങളിലൊന്നാണ് അർത്തുങ്കൽ പള്ളിയിലെ വെളുത്തച്ചന്റെ പെരുന്നാൾ. രണ്ടാഴ്ച നീണ്ടു നിൽക്കുന്നതാണ് പെരുന്നാൾ. ജനുവരി 22 നാണു പ്രധാന പെരുന്നാൾ. ചരിത്രപരമായിട്ടുള്ള 4-മണിക്കൂർ പ്രദക്ഷിണവും അന്നാണ്.

 10-ദിവസം മാത്രം ദര്ശന ഭാഗ്യമുള്ള തിരുസ്വരൂപം വണങ്ങാനെത്തുന്ന ഭക്തർ ഉരുൾ നേർച്ച, മുട്ടേൽ നിരങ്ങൽ, ആനപ്പുറത്തു നേർച്ച, അടിമയിര്പ്പു ഇങ്ങനെയുള്ള നേർച്ചകളിൽ പങ്കെടുക്കുന്നു . സ്വര്ണത്തിലും, വെള്ളിയിലും തീർത്ത പലതരം മത്സ്യം, ശരീര അവയവങ്ങൾ, അമ്പും വില്ലും ഇവയെല്ലാം നേർച്ചകളായി ഇവിടെ സമർപ്പിക്കപ്പെടാറുണ്ട്. 

അറബിക്കടലിന്റെ തീരത്തുള്ള അർത്തുങ്കൽപ്പള്ളി തനിമകൊണ്ടും വിശുദ്ധിയിലും ഭക്തി സാന്ദ്രമായി അനുഗൃഹീതമാണ്. കേരളത്തിലെ അറിയപ്പെടുന്ന ക്രിസ്തീയ ദേവാലയങ്ങളിലൊന്നാണ് അർത്തുങ്കൽ പള്ളി മതസാഹോദര്യത്തിന്റെ കഥ പറയാനുണ്ട്അർത്തുങ്കൽ നിവാസികൾക്ക്‌.            

  
മതസൗഹാർദ്ദത്തിന്റെ  പ്രതീകം


    പള്ളിയിലെത്തുന്ന അയ്യപ്പഭക്തന്മാർ

 

അതായതു മണ്ഡലകാലത്തു അർത്തുങ്കൽ  സെൻറ് ആൻഡ്രുസ് ബസലിക്കയിലെ രൂപക്കൂടിനു മുമ്പിൽ നിന്നു വേദസങ്കീർത്തനങ്ങൾക്കൊപ്പം ശരണം വിളിയും മുഴങ്ങുന്നു. മലയിറങ്ങി വരുന്ന അയ്യപ്പന്മാർ അർത്തുങ്കൽ പള്ളിയിലെ അൾത്താരക്കു മുന്പിൽ വിശുദ്ധ സെബസ്ത്യാനോസിനെ തൊഴുതു വണങ്ങി നേർച്ചയിട്ടു മാലയൂരി പള്ളിപ്പറമ്പിലെ കുളത്തിലോ സമീപത്തുള്ള കടലിലോ കുളിച്ചു കയറുന്നതു ഒരു കാഴ്ചയെയല്ല. നൂറ്റാണ്ടുകളായി തുടർന്നുവരുന്ന വിശുദ്ധമായ ഒരാചാരത്തിന്റെ നേർക്കാഴ്ചമാത്രം.

 ശ്രീ അയ്യപ്പന്റേയും വാവരുടെയും മൈത്രിയുടെ കഥയറിയാവുന്ന മലയാളിക്ക് മണികണ്ഠനും ഫാദർ ഫെനിഷ്യോയും തമ്മിൽ ഉണ്ടായിരുന്നു എന്ന് പറയപ്പെടുന്ന സഹോദര്യത്തെപ്പറ്റി ഒരു പക്ഷെ, അറിയില്ലായിരിക്കാം. 

വെളുത്തച്ചൻ എന്ന് അറിയപ്പെട്ടിരുന്ന ഫാദർ ഫെനോഷ്യോയെക്കുറിച്ചുള്ള ആ കഥ ഇങ്ങനെ തുടരുന്നു :---        
 വെളുത്തച്ചൻ എന്നത് വിശുദ്ധ സെബാസ്ത്യാനോസിന്റെ മറ്റൊരു പേരായിട്ടാണ് അർത്തുങ്കലുകാർക്കു അറിയാവുന്നതും അവർ വിശ്വസിക്കുന്നതും. എന്നാൽ പോർച്ചുഗീസ് മിഷനറിയായിരുന്ന father ജെക്കോമോ ഫെനിഷ്യോയെ തീരനിവാസികൾ വിളിച്ചിരുന്ന പേരാണത്രെ വെളുത്തച്ചൻ. 

കൊച്ചി രാജാവിന്റെ സാമന്തനായിരുന്ന മൂത്തേടത്തു രാജാവിന്റെ പ്രത്യേക അനുമതിയോടുകൂടി അദ്ദേഹം നൽകിയ തടിയും ഓലയും ഉപയോഗിച്ച് 1581--ൽ വടക്കോട്ടു ദർശനമായി ആദ്യത്തെ പള്ളി അ ർത്തു ങ്ക ലിൽ പണിയുന്നത് ഈ വെളുത്തച്ചന്റെ കാലത്താണ്. 1584-ൽ ഫെനിഷ്യോപള്ളി വികാരിയായി നിയമിക്കപെട്ടതുമുതൽ ഈ പള്ളി പലതവണ പുതുക്കിപ്പണിതു. 1632--ൽ കാലം ചെയ്ത ഫെനിഷ്യോയുടെ ഭൗതികശരീരം പഴയപള്ളിയുടെ അൾത്താരയിൽ അടക്കം ചെയ്തിരിക്കുന്നത് ഇന്നും കാണാം.     

    ദിവ്യനും നാട്ടുകാർക്ക്‌ പ്രിയങ്കരനുമായിരുന്ന ഫെനിഷ്യോ എന്ന വെളുത്തച്ചൻ കലയിലും ശാസ്ത്രത്തിലും നിപുണൻ. ചീരപ്പൻപാറയിൽ കളരി പഠിച്ചിരുന്ന വെളുത്തച്ചൻ ഇതേ ഗുരുകുലത്തിൽ കളരി അഭ്യസിക്കാൻ വന്ന മണികണ്ഠനുമായി സഹോദരതുല്യമായ സ്നേഹാതിരേകങ്ങൾ പുലർത്തിയിരുന്നുവത്രെ. എന്നാൽ വടക്കോട്ടു പോയ ശ്രീ അയ്യപ്പൻ വെളുത്തച്ചനുമായി മാർഗ്ഗമധ്യേ പരിചയപ്പെടുകയും അയ്യപ്പനെ അദ്ദേഹം ചീരപ്പൻപാറയിലേക്കു കൊണ്ടുപോയി സ്വസഹോദരനായി പരിചയപ്പെടുത്തി,കളരി അഭ്യസിക്കാൻ വേണ്ട ഒത്താശകൾ ചെയ്തു കൊടുത്തു എന്നതാണ് മറ്റൊരു കഥ. 

കഥകളെന്തൊക്കെയായാലും ശ്രീ അയ്യപ്പനും വെളുത്തച്ചനും സഹോദരസ്നേഹത്തോടെ കഴിഞ്ഞവരായിരുന്നു, എന്നുള്ള പ്രബലമായ വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ് വിദൂരദേശങ്ങളിൽ നിന്നു പോലും ആയിരക്കണക്കിന് അയ്യപ്പന്മാർ മാലയൂരാനായി അർത്തുങ്കൽ പള്ളിയിൽ ഇന്നും എത്തിച്ചേരുന്നത്. 

ജനുവരി 10--നാണു അർത്തുങ്കൽ പള്ളിയിൽ പിറന്നാളിന് കൊടിയേറ്റ്. അപ്പോൾ ആയിരക്കണക്കിന് വിശ്വാസികളുടെ 'veluthacho' എന്ന വിളിയിൽ അന്തരീക്ഷം ശബ്ദമുഖരിതമാകും. ആചാരവെടി മുഴങ്ങുമ്പോൾ കൊടിയേറിയതു ധര്മശാസ്താവിനെ അറിയിക്കാനെന്നപോലെ കണ്ഠനാളങ്ങളിൽ നിന്നു കണ്ഠനാളനങ്ങളേറ്റുവാങ്ങുന്ന വയ്ക്കുരവ പകർന്നുപകർന്നു പോകും.

 തന്നെ കാണാൻ വരുന്നവർ വെളുത്തച്ചനെ കൂടി കണ്ടു മടങ്ങണമെന്ന ശ്രീഅയ്യപ്പന്റെ ഇംഗിതം വെളിച്ചപ്പാടുതുള്ളി അറിയിച്ചതായി  വേറൊരു കഥയും ഉണ്ട്‌. വാഴ്ത്തപ്പെട്ട വിശുദ്ധ ചാവറ കുരിയാക്കോസ് ഏലിയാസച്ചൻ തിരുപ്പട്ടം  സ്വീകരിച്ചതും ആദ്യബലിയർപ്പിച്ചതും ചരിത്രപ്രസിദ്ധമായ അർത്തുങ്കൽ പള്ളിയിലായിരുന്നു.    

 2010--ലാണ് അർത്തുങ്കൽപ്പള്ളി ബസലിക്ക പദവിയിലേക്ക് ഉയർത്തപ്പെട്ടതു. മണികണ്ഠൻ കളരി അഭ്യസിച്ചിരുന്നതായി വിശ്വസിക്കപ്പെടുന്ന ചേർത്തല മുഹമ്മ ചീരപ്പൻചിറയിലെ കളരിഗൃഹം ആ കുടുംബക്കാർ ഇന്നൊരു സംരക്ഷിക സ്മാരകമാക്കിയിട്ടുണ്ട്. ഗുരുനാഥന്റെ മകൾ ചെറുത്തി (ലീല )യാണ് മാളികപ്പുറത്തമ്മ. മണികണ്ടനിൽ അനുരക്തയായ ലീലയോടു ഭഗവാൻ വെച്ച ഉപാധി പ്രസിദ്ധമാണല്ലോ. ഒരു കന്നി അയ്യപ്പനെങ്കിലും ശബരിമലയിൽ തന്നെ കാണാനായി വരാത്ത ഒരു വർഷം ഉണ്ടായാൽ അന്ന് ഞാൻ ഭഗവതിയെ വിവാഹം ചെയ്‌തുകൊള്ളാംഎന്നായിരുന്നു അയ്യപ്പസ്വാമിയുടെ വാഗ്ദാനം.     

  അയ്യപ്പന്മാർക്കു എല്ലാ സൗകര്യങ്ങളും ഒരുക്കിക്കൊടുക്കാൻ ബദ്ധശ്രദ്ധനായി ഓടി നടക്കുന്ന ഫാദർ ക്രിസ്റ്റഫർ എം. അർത്ഥശ്ശേരി അർത്ഥം വെച്ചു പറഞ്ഞു "വിശ്വാസങ്ങൾ മനുഷ്യരെ തമ്മിൽ അടുപ്പിക്കാനാണ്, അല്ലാതെ അടിപ്പിക്കാനല്ലല്ലോ !" ചരിത്രവും ഐതിഹ്യവും ഇവിടെ കെട്ടു പിണഞ്ഞു കിടക്കുന്നു. 
 
മാനവ മൈത്രിയുടെ മഹോന്നതമായ സന്ദേശമാണ് മലയിലെ കറുപ്പുസ്വാമിയും തീരത്തെ വെളുത്തച്ചനും നൽകുന്നത്. ക്രിസ്തുമസും മണ്ഡലകാലവും സംഗമിക്കുന്ന പുണ്യകാലത്ത്   നാം ഇതൊക്കെ ഓർക്കേണ്ടതുണ്ട്.   

മത സൗഹാര്ദത്തിന്റെ പ്രതീകമായി അർത്തുങ്കൽ സെൻറ് ആൻഡ്രുസ് പള്ളി നാനാജാതി മതസ്ഥരായ ഭക്തരെ വരവേൽക്കുന്നു. മത സൗഹാർദ്ദത്തിന്റെ പ്രതീകങ്ങളായ ധാരാളം ദേവാലയങ്ങളും ക്ഷേത്രങ്ങളും പള്ളികളും കൊണ്ട് സമ്പന്നമാണ് നമ്മുടെ നാട്. അതൊക്കെ നമ്മുടെ അഭിമാനമാണ്. മണ്ഡലകാലത്തു അർത്തുങ്കൽ സെൻറ് ആൻഡ്രുസ് ബസലിക്കയിൽ അയ്യപ്പന്മാരുടെ ശരണം വിളിയും ഉയരുന്നു. 

കെ. പ്രേമചന്ദ്രൻ നായർ, കടയ്ക്കാവൂർ