എ ഐ ക്യാമറയിൽ തെളിയുന്നത് വിവാദചിത്രങ്ങൾ

എ ഐ ക്യാമറയിൽ തെളിയുന്നത് വിവാദചിത്രങ്ങൾ



താഗത സുരക്ഷയ്ക്കായി സംസ്ഥാനത്തെ റോഡുകളിൽ പുതുതായി സ്ഥാപിച്ച ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ക്യാമറകളിൽ തെളിയുന്നത് വിവാദ ചിത്രങ്ങൾ . ക്യാമറകൾ സ്ഥാപിച്ചതിലെ സാമ്പത്തികമായ സുതാര്യമില്ലായ്മയെകുറിച്ച് വൻ വിവാദങ്ങളാണുയരുന്നത് . ദിവസവും പുറത്തുവരുന്ന ദുരൂഹതകൾ നിറഞ്ഞ അഴിമതികഥകൾ ഈ കരാറിനെ സംശയനിഴലിലാക്കുന്നു, അഴിമതി കഥകൾക്ക് ബലമേറുന്നതല്ലാതെ അവ നിഷേധിക്കപ്പെടുന്നില്ല .


ഏപ്രിൽ 20 മുതൽ ക്യാമറകൾ പ്രവർത്തിപ്പിച്ച് ഗതാഗത നിയമലംഘകർക്ക് പിഴയിടാനാണു തീരുമാനിച്ചിരുന്നതെങ്കിലും മുന്നറിയിപ്പുകളില്ലാതെ ക്യാമറകൾ പ്രവർത്തിപ്പിക്കുന്നതിനെതിരെ പ്രതിഷേധം ഉയർന്നതോടെ നടപടികൾ ഒരുമാസത്തേക്ക് നീട്ടിവച്ചുകൊണ്ട് ഉത്തരവിറങ്ങി. മെയ് ഇരുപത് മുതൽ നിയമലംഘകരെ കണ്ടെത്താൻ ക്യാമറകൾ പ്രവർത്തിച്ചു തുടങ്ങുമെന്നാണ് അറിയിപ്പ്.


ക്യാമറ വാങ്ങിയതിലെ സാമ്പത്തിക ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് വി.ഡി സതീശനും കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും വിശദീകരണങ്ങൾ ആവശ്യപ്പെട്ടിട്ടും മുഖ്യമന്ത്രി മൗനത്തിലാണ് . ക്യാമറ സ്ഥാപിക്കുന്നതിന് കരാർ എടുത്ത സംസ്ഥാന പൊതുമേഖല സ്ഥാപനമായ കെൽട്രോൺ പറഞ്ഞ മറുപടി വിശ്വാസ യോഗ്യവുമല്ല .പദ്ധതി സംബന്ധിച്ച് കെൽട്രോണിന്റെ വിശദീകരണം ആരോപണങ്ങൾക്ക് കൂടുതൽ ശക്തി പകരുന്ന തരത്തിലുള്ളതാണ്. ഈ വിവാദവുമായി ബന്ധപ്പെട്ടു പുറത്തുവന്ന രേഖകളെല്ലാം സർക്കാരിനെ സംശയ നിഴലിലാക്കുന്നതാണ് .ആരോപണം മുഖ്യമന്ത്രിയിലേക്കു വരെ നീളുന്ന പശ്ചാത്തലത്തിൽ വിശ്വാസ്യത ഉറപ്പിക്കുന്നതിനായി സർക്കാറിന്റെ ഭാഗത്തു നിന്ന് വിശദീകരണം ഉണ്ടായേതീരൂ .


സർക്കാർ കെൽട്രോണിന് നൽകിയ കരാർ ബംഗളൂരു കേന്ദ്രമായി പ്രവർത്തിക്കുന്ന സ്വകാര്യ കമ്പനിക്ക് ഉപകരാറിലൂടെ മറിച്ച് നൽകിയത് വഴി കെൽട്രോണിനും ഉപകരാർ ഏറ്റെടുത്ത കമ്പനിക്കും വൻ സാമ്പത്തിക നേട്ടമുണ്ടായി എന്നാണ് ആരോപണം . സാങ്കേതികമായും സാമ്പത്തികമായും യോഗ്യതയുള്ള കമ്പനിക്കേ ഉപകരാർ പോലും നൽകാവൂ എന്നിരിക്കെ ഇത് രണ്ടുമില്ലാത്ത എസ്.ആർ.ഐ.ടി എന്ന സ്ഥാപനത്തിന് ഉപകരാർ നൽകിയതിൽ വലിയ പിഴവാണ് സംഭവിച്ചതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു . കരാർ പ്രകാരം മറ്റു സ്വകാര്യ കമ്പനികളിൽ നിന്ന് ഉപകരണങ്ങൾ വാങ്ങരുതെന്ന ധനവകുപ്പിന്റെ നിർദേശം ലംഘിച്ചാണ് കെൽട്രോൺ പ്രവർത്തിച്ചത് .

 151 കോടി രൂപ പദ്ധതി ചെലവ് കണക്കാക്കിയിരുന്നത് കെൽട്രോൺ ഉപകരാർ നൽകിയപ്പോൾ 232 കോടി രൂപയിലെത്തുകയായിരുന്നു . കെൽട്രോൺ ഉപകരാർ നൽകിയ എസ്.ആർ.ഐ.ടി വീണ്ടും മറ്റ് രണ്ട് സ്ഥാപനങ്ങളുമായും സാമ്പത്തിക കാര്യങ്ങളിലടക്കം ഉപകരാർ ഉണ്ടാക്കിയെന്നാണ് വിവരം. ഇതൊന്നും പരിശോധിക്കാതെ സംസ്ഥാന സർക്കാർ കെൽട്രോൺ പറഞ്ഞതൊക്കെയും നിബന്ധനകൾ അംഗീകരിക്കുകയാണ് ചെയ്തത്.


ക്യാമറ വിവാദം ദുരൂഹമായി തുടരുന്നതിനിടെ ഇതിന് പിന്നിൽ എന്താണ് നടന്നതെന്നറിയാൻ ജനങ്ങൾക്ക് അവകാശമുണ്ട്. ഇത് സംബന്ധിച്ച് ദുരൂഹതകൾ നീക്കി കാര്യങ്ങൾ ജനത്തോട് വിശദീകരിക്കാൻ സർക്കാറിന് ബാധ്യതയുണ്ട് .