സരളയുടെ രാജയോഗം ; ചെറുകഥ, സുജ ശശികുമാർ

സരളയുടെ രാജയോഗം ; ചെറുകഥ, സുജ ശശികുമാർ

 


ന്നത്തേയും പോലെ പ്രഭാതം പൊട്ടി വിടർന്നപ്പോൾ തുടങ്ങിയ ജോലിയാ ദേവകിയമ്മ.

അടുക്കളയിൽ നിന്നും എന്തെല്ലാമോ പിറുപിറുക്കുന്നു.

ഹൊ, എൻ്റീശ്വരാ..എന്നാ ഇതിൽ നിന്നൊരു മോചനം.

അയൽവീട്ടിലുള്ളവരും ബന്ധക്കാരും എല്ലാം പറഞ്ഞു മോനെക്കൊണ്ട് കല്ല്യാണം കഴിപ്പിച്ചാൽ ഇതിൽ നിന്നെല്ലാം ഒന്നു മാറി നിൽക്കാം. ഒരാശ്വാസമാകും നിങ്ങൾക്കെന്ന്.
എന്നിട്ടോ . കൊണ്ടുവന്ന്കാലമിത്രയായിട്ടും എന്നെക്കൊണ്ട് ജോലി ചെയ്യിക്കുന്നതല്ലാതെ വല്ല മാറ്റവും ഉണ്ടോ...

അവൾക്കു കൂടി ഞാൻ വെച്ചുവിളമ്പണ്ട ഗതികേടിലാ... പറഞ്ഞിട്ടു കാര്യമില്ല, അവൾക്കു രാജയോഗമാ. സരളയ്ക്ക്

ഓ... ഇന്നും ഒരുങ്ങി തീർന്നില്ലാന്നു തോന്നുണു.

എന്തു പറയാനാ..
അവനോടു പറഞ്ഞാലവൻ പറയും അമ്മയുള്ളപ്പോ അവളെന്തിനാ ജോലിചെയ്യുന്നേ... ന്ന്

ഇവിടെ ഒരാൾക്ക് ചെയ്യാവുന്ന ജോലിയേ ഉള്ളൂ... ന്ന്.

ആ.. ഒരു ദിവസം എൻ്റെ പണി തീരും, ഞാനെന്തെങ്കിലും പറഞ്ഞാൽ അതു കുറ്റമാവും.
അമ്മായി അമ്മപ്പോരാ.. ന്ന് പറയും.
എല്ലാം ക്ഷമിക്ക്യാ.. ൻ്റെ മോനെ കരുതി.

അവൾ പ്രസിഡൻ്റാ.. ത്രേ ..കുടുംബശ്രീയുടെ...
പുറപ്പെട്ടുള്ള പോക്ക് കണ്ടാൽ കലക്ടറാ.. ന്നാ വിചാരം.

മും.. എന്നെ പറഞ്ഞാ മതി
ആ..ശാന്ത വന്ന് ചോദിച്ചപ്പോൾ എനിക്ക് ചേർന്നാൽ മതിയായിരുന്നു കുടുംബശ്രീയിൽ.

അതെങ്ങനാ.. ഇവിടൊരാൾക്ക് അതൊന്നും ഇഷ്ടമില്ലായിരുന്നല്ലോ അന്ന്.
ഇന്നിപ്പോ. അതൊന്നും അറിയാതെയുള്ള കിടപ്പല്ലേ..

അവർക്ക് ആരെ പേടിക്കാനാ..

അങ്ങേര് കുടുംബശ്രീയെക്കുറിച്ച് പറയുന്നത്  " ലഹള ശ്രീ " യെന്നാ..
നാല് പെണ്ണുങ്ങൾ കൂടിയാലുള്ള അവസ്ഥ എന്താകും എൻ്റമ്മോ..

പരദൂഷണത്തിൻ്റെ സമ്മേളനമാകും അവിടെ..

അതേ സ്ഥാനത്ത് നാല് പുരുഷന്മാർ കൂടിയാൽ കുഴപ്പമില്ലെന്നാ.. അങ്ങേരുടെ ഭാഷ്യം..

ഒരു ദിവസം എ.ഡി എസ് ശ്രീകല വീട്ടിൽ വന്നു.

ദേവകി ചേച്ചി പറഞ്ഞോണ്ടാ ഞാനിവളെ കുടുംബശ്രീയിൽ നിന്നും പുറത്താക്കാത്തത്
എ ഡി എസ് ശ്രീകല പറഞ്ഞു.

ഇവൾ ലോണെടുത്ത കുടുംബശ്രീയിലെ മറ്റ് അംഗങ്ങൾക്കു കിട്ടേണ്ട കോഴിക്കുഞ്ഞുങ്ങളെയും കൂട്ടത്തിൽ കിട്ടുന്ന കൂടും മറിച്ചുവിറ്റു.
അഴിമതിയല്ലേ.. ഇത്

കഴിഞ്ഞ മീറ്റിംഗിൽ ഇവൾ മാപ്പു പറയേണ്ടി വന്നു.

മാഷിതൊന്നും അറിയാത്തത് ഭാഗ്യായി.

എന്തായാലും അവളുടെ ജാഡയില്ലാതായിട്ടുണ്ട്
ഹൊ, എന്തായിരുന്നു ഭാവം ?

ദേവകിച്ചേച്ചീ.. ഇന്നവളുടെ ഒരു ക്ലാസ്സുണ്ട് വൈകുന്നേരം മൂന്നു മണിയ്ക്ക്.

അവന് പോലും സമയത്തിന് വെള്ളം കൊടുക്കാത്ത അവളാണോ കുടുംബശ്രീയിൽ ചെന്ന് 
നല്ല ഒരുകുടുംബം എങ്ങനെ മുന്നോട്ടു നയിക്കാം എന്ന വിഷയത്തെക്കുറിച്ച് ക്ലാസ്സെടുക്കുന്നത്.

ദേവകി അമ്മ ചോദിച്ചു.

ഇത്തവണ അവൾക്കാ പഞ്ചായത്തിൻ്റെ വക നല്ല പ്രവർത്തനത്തിനും, നല്ല കുടുംബിനിയ്ക്കുമുള്ള പുരസ്ക്കാരം.

ദേവകിയമ്മ ചിരിച്ചു കൊണ്ടു പറഞ്ഞു
എൻ്റീശ്വരാ.. നിങ്ങൾക്കും തെറ്റുപറ്റാൻ തുടങ്ങിയോ..

പറഞ്ഞിട്ടു കാര്യമില്ല. ഇപ്പോൾ പിടക്കോഴി കൂവുന്ന കാലമല്ലേ...
എന്തെല്ലാം കാണാനിരിക്കുന്നു..

അസമത്വം അടിച്ചമർത്താനുള്ള പെണ്ണുങ്ങളുടെ പ്രതിഷേധ ജാഥ 
അപ്പോൾ അതുവഴി കടന്നു പോയി. മുൻ നിരയിൽ അവളുണ്ടായിരുന്നു. സരള.
അതെ അവൾക്ക് രാജയോഗമാണ്.

മേലോട്ടു നോക്കിയാൽ ആകാശം, താഴോട്ടു നോക്കിയാൽ ഭൂമി..
അങ്ങനെ നടക്കാനും വേണം ഭാഗ്യം..
എൻ്റെയൊരു കഷ്ടപ്പാടാരാണു കാണാൻ, ആരോടു പറയാൻ..

ദേവകിയമ്മ നെടുവീർപ്പിട്ടു നീണ്ടു നൂർന്ന് ഉമ്മറത്തു കിടക്കാൻ നോക്കവേ
അകത്തുനിന്നു മാഷിൻ്റെ വിളി വന്നു...
അതേ... ഇങ്ങനെയൊക്കെ അങ്ങ് പോകുന്നു .
ഓരോ പകലിരവുകളും. ഒരു പ്രത്യേകതയുമില്ലാതെ...

ശുഭം..