മികച്ചതുടക്കവുമായി ട്രമ്പിന്റെ രണ്ടാമൂഴം

മേക്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ന്‍ ക്യാമ്പെയ്‌നുമായി യുഎസ് തിരഞ്ഞെടുപ്പ് തൂത്തുവാരിയ ഡൊണാൾഡ് ട്രംപ് അമേരിക്കന്‍ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത് അധികാരം ഏറ്റെടുത്ത ഉടന്‍ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ രാജ്യത്ത് നടപ്പിലാക്കി തുടങ്ങി. 47-ാമത് പ്രസിഡന്‍റായി സ്ഥാനമേറ്റ ട്രംപ് എന്തൊക്കെ മാറ്റങ്ങളാണു നടപ്പാക്കുകയെന്നു ലോകം ശ്രദ്ധയോടെ നിരീക്ഷിക്കുന്നു.
മികച്ച ബിസിനസുകാരനും മുൻ ടി വി അവതാരകനും ഇതുവരെയുള്ള പ്രസിഡന്റുമാരിൽ ഏറ്റവും സമ്പന്നനുമായ ട്രമ്പ് ലോകത്തെ ഏറ്റവും സമ്പന്നനും ടെസ്ല മോട്ടോർസ്,സ്പേസ് എക്സ്, സമൂഹമാധ്യമമായ എക്സ് തുടങ്ങിയവയുടെ ഉടമയുമായ ഇലോൺ മസ്ക് തുടങ്ങിയ വമ്പന്മാരെയാണ് ഒപ്പം കൂട്ടിയിരിക്കുന്നതും .
എഴുപത്തെട്ടുകാരനായ ട്രമ്പിന്‍റെ വൈറ്റ് ഹൗസിലെ രണ്ടാമൂഴത്തിന് നിരവധി നിർണായക ഉത്തരവുകളിലൂടെയാണ് തുടക്കമായിരിക്കുന്നത് . അമേരിക്കൻ പ്രസിഡന്റായി രണ്ടാമതും അധികാരമേറ്റ , ഒരു രാഷ്ട്രീയക്കാരനെന്നതിനേക്കാൾ നല്ലൊരു ബിസിനസുകാരൻ കൂടിയായ ട്രമ്പ് തന്‍റെ നയപരിപാടികളിൽ നിന്ന് വ്യതിചലിക്കില്ലെന്ന സന്ദേശം കൃത്യമായി നൽകുന്നതാണ് സത്യപ്രതിജ്ഞ ചെയ്ത് ഏതാനും മണിക്കൂറുകൾക്കകം അദ്ദേഹം ഒപ്പുവച്ച ഉത്തരവുകളിൽ ഏറെയും. ബൈഡൻ ഭരണകൂടത്തിന്‍റെ നയങ്ങൾ തിരുത്തുന്നതാണ് അവയിൽ പലതും.
ലോകാരോഗ്യ സംഘടനയിൽ നിന്ന് യുഎസ് പിന്മാറുമെന്ന പ്രഖ്യാപനവും സംഘടനയ്ക്ക് സാമ്പത്തിക സഹായം നൽകില്ലെന്ന പ്രഖ്യാപനവും ലോകാരോഗ്യ സംഘടനയ്ക്കു കനത്ത തിരിച്ചടിയാണ്. സംഘടനയ്ക്ക് ഏറ്റവുമധികം സാമ്പത്തിക സഹായം നൽകിക്കൊണ്ടിരിക്കുന്നത് യുഎസാണ്. ഫണ്ടില്ലാതെ തളരുന്നത് മഹാമാരികൾ പ്രതിരോധിക്കുന്നതിലടക്കം ആരോഗ്യ രംഗത്തെ തളർത്തുമെന്ന് ആശങ്കയുണ്ട്.
കാലാവസ്ഥാ സംരക്ഷണത്തിനുള്ള പാരിസ് ഉടമ്പടിയിൽ നിന്ന് അമേരിക്കയുടെ പിന്മാറ്റം അറിയിച്ച് ഐക്യരാഷ്ട്ര സഭയ്ക്കു നൽകുന്ന ഔദ്യോഗിക കത്തിൽ ട്രംപ് ഒപ്പുവച്ചിട്ടുണ്ട്. കാലാവസ്ഥാ വ്യതിയാനം നേരിടാനുള്ള ആഗോള ശ്രമങ്ങൾക്കു തിരിച്ചടിയാണ് ഈ പിന്മാറ്റം.
ട്രാൻസ്ജെൻഡറുകൾ അമേരിക്കയുടെ ഔദ്യോഗിക രേഖകളിൽ നിന്നു പുറത്താകുന്നതാണ് മറ്റൊരു ഉത്തരവ് .ട്രാൻസ്ജെൻഡറുകൾക്കെതിരായ വിവേചനം ഇല്ലാതാക്കുന്നതിന് ബൈഡൻ ഭരണകൂടം ശ്രമിച്ചെങ്കിൽ സ്ത്രീ, പുരുഷൻ എന്നീ വിഭാഗങ്ങളെ മാത്രമേ യുഎസ് സർക്കാർ ഇനി അംഗീകരിക്കൂ.
കഴിഞ്ഞ തവണ ട്രംപിന്‍റെ തെരഞ്ഞെടുപ്പ് പരാജയത്തെതുടർന്ന് കലാപമുണ്ടാക്കിയവർക്ക് മാപ്പു നൽകിയതാണ് മറ്റൊരു പ്രധാന ഉത്തരവ്. പാർലമെന്‍റ് മന്ദിരമായ ക്യാപിറ്റോൾ ഹിൽ ആക്രമണവുമായി ബന്ധപ്പെട്ട എല്ലാ കേസുകളും ഉപേക്ഷിക്കാൻ നിർദേശം നൽകിയിരിക്കുന്നു.
അനധികൃതമായി കുടിയേറിയ കുറ്റവാളികളെയെല്ലാം പുറത്താക്കുമെന്ന് ട്രംപ് വ്യക്തമാക്കിയിരിക്കുന്നു. ബൈഡൻ ഭരണത്തിൽ അമേരിക്ക ഇതിനുമുൻപ് കണ്ടിട്ടില്ലാത്ത വിധം കുടിയേറ്റക്കാർ എത്തുന്നുവെന്ന് ട്രംപ് ആരോപിച്ചിരുന്നു. കുടിയേറ്റ പ്രശ്നത്തിൽ അതിശക്തമായ നിലപാടാണു ട്രംപിന്‍റേത്.
വിദേശികൾക്കു പൗരത്വം നൽകുന്ന നടപടികൾ നിർത്തിവയ്ക്കുന്നു, ആഗോള വ്യാപാരത്തിൽ പ്രധാന പങ്കു വഹിക്കുന്ന പാനമ കനാലിന്‍റെ നിയന്ത്രണം യുഎസ് തിരിച്ചുപിടിക്കുന്നു എന്നിവയും ശ്രദ്ധേയ തീരുമാനങ്ങളാണ് .