ബഷീർ - കാലാതിവർത്തിയായ ജനകീയ കഥാകാരൻ: എം ഒ രഘുനാഥ്

ബഷീർ - കാലാതിവർത്തിയായ ജനകീയ കഥാകാരൻ: എം ഒ രഘുനാഥ്

 

കേശവൻനായരും സാറാമ്മയും അത്രമേൽ പരസ്പരം ഇഷ്ടമാകയാൽ ഒന്നിച്ചു ജീവിക്കാൻ തീരുമാനിച്ചു.

വണ്ടി ഒരു സ്റ്റേഷനിൽ നിന്നു. പ്രണയ പരീക്ഷണത്തിൽ വിജയിച്ചത്തിന്റെ ആദ്യദിനത്തിലെ യാത്ര. കുടുംബസ്ഥനായതിന്റെ അതിയായ സന്തോഷത്താൽ, കേശവൻനായർ രണ്ടു ചായയ്ക്ക് ആർഡർ ചെയ്തു.

രണ്ടുപേർക്കും കാപ്പി മതിയെന്ന് സാറാമ്മ !

രണ്ടു പേർക്കും ചായ മതിയെന്ന് കേശവൻനായർ !

രണ്ടു പേർക്കും ദേഷ്യം വന്നു.

ഒടുവിൽ കേശവൻനായർ ഒരു ചായയും സാറാമ്മ ഒരു കാപ്പിയും കുടിച്ചു. സൂര്യനും വളരെ ഭംഗിയായി സന്തോഷത്തോടെ ഉദിച്ചു.

പ്രണയത്തിന്റെ പാരമ്യതയിലും കേശവൻ നായരുടെ പുരുഷാധിപത്യത്തിനുമേൽ സാറാമ്മ നേടിയ കേവലവിജയമായിമാത്രം വായിച്ചുപോകാൻ സാധിക്കാത്ത ബഷീറിന്റെ മാസ്മരികത. മതത്തിന്റെ സകല വേലിക്കെട്ടുകളെയും തകർത്തുമുന്നേറുന്ന പ്രണയയാത്രയുടെ കുതിപ്പായാണ് വിവാഹദിനത്തിലെ ട്രെയിൻ യാത്രയിലൂടെ ബഷീർ കഥ നിർത്താതെ നിർത്തുന്നത്. മനുഷ്യനെ മനുഷ്യനായി കാണുമ്പോഴാണ് യഥാർത്ഥ പ്രണയം സാധ്യമാകുകയെന്ന് വരച്ചുവയ്ക്കുന്നതിലൂടെ കൃതിക്ക് ആകാശമിഠായിയോളം മധുരവും പകരുന്നു. തൊള്ളായിരത്തി നാല്പതുകളിലെ പ്രാദേശിക സാഹചര്യത്തിൽ നിന്നുകൊണ്ട് എഴുതപ്പെട്ട കൃതി, ആനുകാലിക ദേശീയ സാഹചര്യത്തിൽ വായിക്കപ്പെടുമ്പോൾ അതിന്റെ ചരിത്രപരമായ നിയോഗം എടുത്തുകാട്ടുന്നു.

സുഖ-ദുഖങ്ങളെ ഇരുട്ടിനേയും വെളിച്ചത്തെയും എന്നപോലെ ഒരുപോലെ ആവഷ്കരിക്കുവാനും മനുഷ്യാവസ്ഥകളുടെ സങ്കീർണ്ണതകൾ നിറഞ്ഞ സന്ദർഭങ്ങൾ വൈരുധ്യങ്ങളോടെ ആവിഷ്കരിക്കാൻ ശ്രമിക്കുകയും അതിൽ വിജയിക്കുകയും ചെയ്ത എഴുത്തുകാരനായിരുന്നു ശ്രീ. വൈക്കം മുഹമ്മദ്‌ ബഷീർ. വിരൂപവും സുന്ദരവുമായ ലോകകാഴ്ചകൾ നമുക്ക് ബഷീർ കഥകളിൽ ഒരുപോലെ കണ്ടെത്താൻ സാധിക്കും. 

ചരിത്രത്തിന്റെ സൂക്ഷ്മയാഥാര്‍ത്ഥ്യം ഉൾക്കൊള്ളുന്ന പാത്രസൃഷ്ടി ബഷീറിന്റെ വലിയ പ്രത്യേകതയും ശക്തിയുമാണ്.

'പാത്തുമ്മയുടെ ആട്' വിശപ്പും ആർത്തിയും ദാരിദ്ര്യവും സഹനവും വരച്ചുകാട്ടുമ്പോഴും അതിനിടയിലെ സ്നേഹവും നന്മയും സഹകരണവും നിറഞ്ഞൊരു കൂട്ടുകുടുംബ സഹവാസത്തിന്റെ മനോഹരചിത്രം സമ്മാനിക്കുന്നു. ബഷീറിന്റെ സഹോദരിയും ആടുമാണ് മുഖ്യ കഥാപാത്രങ്ങളെങ്കിലും സഹോദരി-സഹോദരന്മാരുടെ മക്കളുടെ കുസൃതിത്തരങ്ങളും സർവതന്ത്ര സ്വതന്ത്രയായ ആടിന്റെ നടപ്പിനൊപ്പം കഥയെ രസകരമാക്കുന്നുണ്ട്. സാമ്പത്തിക ബുദ്ധിമുട്ടിൽ ഓരോ ദിവസവും കടന്നുപോകുന്ന കൂട്ടുകുടുംബത്തിലെ കാരണവരായി കഥാകാരനും കഥയിൽ ജീവിക്കുന്നുണ്ട്. പരസ്പരം സ്നേഹമുണ്ടെങ്കിൽ ഒരു കലഹവും തെറ്റിപ്പിരിയാൻ കാരണമാകില്ലെന്നാണ് ബഷീർ വരച്ചുവയ്ക്കുന്നത്. കൊച്ചുകൊച്ചു മോഷണങ്ങളിലും വഴക്കുകളിലും ഒക്കെ നന്മകാണുന്ന വിശാലമായ ജീവിതവീക്ഷണമുള്ള എഴുത്തുകാരനെയാണ് ഇവിടെ കണ്ടെത്താൻ കഴിയുക.

മനുഷ്യർ സ്വയം സൃഷ്ടിച്ചെടുക്കുന്ന ഒറ്റപ്പെടലുകളെ കാട്ടിത്തരുന്ന 'മതിലുകൾ' മനുഷ്യന് മനുഷ്യനെ അറിയാനും പ്രണയിക്കുവാനും പരസ്പരം കാണേണ്ടുന്ന ആവശ്യം പോലുമില്ലെന്നുകൂടിപറഞ്ഞുവയ്ക്കുന്നു. ആത്മകഥാ സ്വഭാവത്തിലാണ് ഈ കൃതി വായിച്ചെടുക്കാൻ സാധിക്കുക. സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി കഥാകൃത്തും ജയിലിൽ കിടക്കേണ്ടിവന്നിട്ടുണ്ട് എന്നത് ഈ കഥയിലൂടെ കടന്നുപോകുമ്പോൾ നമുക്ക് ഓർക്കാതിരിക്കാനാവില്ല.

യുദ്ധം, അനാഥത്വം, വിശപ്പ്, രോഗം, വ്യഭിചാരം, മദ്യാസക്തി തുടങ്ങിയ സാമൂഹിക വിഷയങ്ങളെ തുറന്നു ചർച്ച ചെയ്യുന്ന ചെറു നോവലായ 'ശബ്ദങ്ങൾ' ബഷീറിന്റെ കൃതികളിൽ വേറിട്ടുനിൽക്കുന്ന രചനയാണ്. അനാഥനായ കഥാനായകന്റെ ജീവിതവും സൈനികവൃത്തിയും യുദ്ധത്തിലെ പങ്കാളിത്തവും സഹസൈനികരുടെ സിഫിലീസ് രോഗവും ഒക്കെ പ്രതിപാദിക്കുന്ന നോവലിൽ കഥാനായകന്റെ ലൈംഗിക ജിജ്ഞാസയുമായി ബന്ധപ്പെട്ട അവതരണം, നോവൽ പ്രസിദ്ധീകരിച്ച കാലത്ത് മലയാളികൾക്ക് പുതുമയുള്ള അനുഭവമെന്നതിനൊപ്പം, പൊതിഞ്ഞുവച്ച സദാചാര ബോധത്തിന്മേലുള്ള കൂരമ്പുകളുമായിരുന്നു.

ബാല്യകാല സഖിയിൽ 'ഇമ്മിണി ബാല്യ ഒന്ന്' പോലുള്ള വലിയൊരു ജീവിതഗണിതത്തിലൂടെ നമ്മെ നയിക്കുന്നുണ്ട് ബഷീർ. ആഗ്രഹങ്ങളുടെയും പ്രതീക്ഷകളുടെയും കടയ്ക്കൽ ജീവിത യാഥാർഥ്യത്തിന്റെ വാൾമുന ആഞ്ഞുതറയ്ക്കുന്നത് വായനക്കാരെ വേദനിപ്പിക്കുന്ന ഒന്നാണ്. 

ഒടുവിൽ മജീദ് മന്ത്രിച്ചു 'സുഹ്‌റാ...'

ഭൂതകാലത്തിന്റെ ഹൃദയത്തിൽനിന്നെന്നോണം അവൾ വിളികേട്ടു. 'ഓ...'

വർഷങ്ങളുടെ ഇടവേളയ്ക്കു ശേഷം ആരുടേതോ ആയി മാറിയ ഉടലിന്റെയും മനസ്സിന്റെയും സൗന്ദര്യം നഷ്ടപ്പെട്ട സുഹറയും പ്രണയത്തിന്റെ സത്യത്തിൽ ജീവിക്കുന്ന മജീദിന്റെയും കണ്ടുമുട്ടൽ മറ്റെങ്ങനെ അവതരിപ്പിച്ചാലാണ് ഇത്രകണ്ട് അനുഭവേദ്യമാകുക. മജീദും സുഹറയും നമ്മെ കീഴ്പ്പെടുത്തിക്കളയുന്ന കഥാപാത്രങ്ങളാണ്. അവരുടെ ബാല്യം, പ്രണയം, വിരഹം, വേദന ഒക്കെ ഈ കൊച്ചു നോവലിൽ ആരെയും അംബാരിപ്പിക്കുന്ന അടുക്കും ചിട്ടയോടെയും കൂടിയാണ് ബഷീർ അവതരിപ്പിച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ, ആമുഖത്തിൽ എം.പി. പോൾ സൂചിപ്പിച്ചിട്ടുള്ളതുപോലെ 'വക്കിൽ ചോര പൊടിഞ്ഞിരിക്കുന്ന, ജീവിതത്തിൽ നിന്നും കീറിയെടുത്ത, ഒരേടു' തന്നെയാകുന്നു ബാല്യകാല സഖി.

ചുറ്റുമതിലിൽ തളയ്കപ്പെട്ട ഒരു കാലത്തുള്ള ഒരു അന്തർജ്ജനത്തിന്റെ ഏകസന്താനം നഷ്ടപ്പെട്ട മാതൃവേദനയാണ് കാരൂരിന്റെ പൂവമ്പഴം വായിച്ചിട്ടുള്ളവർക്ക് അനുഭവിച്ചറിയാൻ സാധിച്ചിരുന്നതെങ്കിൽ, അബ്ദുൽഖാദറിന്റെയും ജമീലാബീബിയുടെയും പ്രണയമെന്ന വ്യത്യസ്തമായ മാനുഷിക വികാരങ്ങളെ സരളമായും സമർത്ഥമായും ബഷീറിന്റെ പൂവൻപഴത്തിൽ വായിച്ചെടുക്കാം.

കടക്കെണിയിൽപ്പെട്ടു വാടകവീട്ടിലെത്തുമ്പോൾ സാമ്പത്തിന്റെയും പ്രതാപത്തിന്റെയും വിലക്കുകൾ കുഞ്ഞുപ്പാത്തുമ്മയെ വിട്ടൊഴിയുന്നത് 'ന്റുപ്പാപ്പക്കൊരാനേണ്ടാർന്ന്' നമുക്ക് കാണിച്ചുതരുന്നു. അവളുടെ ആമ്പൽക്കുളം ഒരു ലോകം തന്നെയാകുന്നു, അഥവാ നാം ജീവിക്കുന്ന സമൂഹത്തിന്റെ പ്രതിരൂപമാകുന്നു. സമ്പത്ത് കയ്യൊഴിഞ്ഞിട്ടും, ഉപ്പൂപ്പാന്റെ ആനക്കൊമ്പുകൊണ്ടുണ്ടാക്കിയതെന്ന് പറയപ്പെടുന്ന മെതിയടിയിൽനിന്നും കുഞ്ഞുപ്പാത്തുമ്മാന്റെ ഉമ്മ ഇറങ്ങാൻ കൂട്ടാക്കാത്തത്, മാറിയ കാലത്തും നമ്മുടെ ഉള്ളിലെ ആഡ്യ മനോഭാവത്തിന്റെ അടയാളമാണ്. കാൽകാശിനു ഗതിയില്ലാതാകുമ്പോഴാണ് മനുഷ്യൻ ശരിക്കും സ്വതന്ത്രനാകുന്നതെന്നു ഇവിടെ ബഷീർ പറയാതെ പറയുകയാണ്. 'വെളിച്ചതിനെന്തൊരു വെളിച്ചം' എന്ന് പറയിപ്പിക്കുന്നതിലൂടെ എഴുത്തുകാരൻ നമുക്ക് വെളിച്ചം പകരുകയാണ്.

സമൂഹത്തിലെ പൊള്ളത്തരങ്ങൾ തുറന്നുകാണിക്കുന്ന വിശ്വവിഖ്യാതമായ മൂക്കുപോലെ, സ്ഥലത്തെ പ്രധാന ദിവ്യനെപ്പോലെ നമുക്കുമുന്നിൽ ബഷീർ രചനകൾ വഴികാട്ടികളായി നിൽക്കുകയാണ്. ആനവാരിയും പൊൻകുരിശും സമ്മാനിക്കുന്ന കഥാപാത്രങ്ങളും കാഴ്ചകളും എത്ര വർഷങ്ങൾ പിന്നിട്ടാലും മലയാളിയുടെ സാഹിത്യമണ്ഡലത്തിലും ദൈനംദിന സംഭാഷണങ്ങളിലും സജീവമായി നിലനിൽക്കുന്നവയാണ്.

 ബഷീറിനെപ്പോലെ സാമൂഹ്യ പ്രശ്നങ്ങള്‍ ഇത്രകണ്ട് കൈകാര്യം ചെയ്ത എഴുത്തുകാർ മലയാള സാഹിത്യത്തിലെന്നല്ല, വിശ്വസാഹിത്യത്തിൽത്തന്നെ വിരളമാണ്. ഭാഷാപ്രയോഗങ്ങൾ മാത്രമല്ല, അർഥമില്ലാത്ത വാക്കുകളെപോലും ഫലപ്രദമായി സമന്വയിപ്പിച്ചുകൊണ്ട്, മലയാള സാഹിത്യത്തിൽ ആസ്വാദനത്തിന്റെ നവലോകം തന്നെ ബഷീർ പണിതുയർത്തി. ഇമ്മിണി ബല്യബഡുക്കൂസ്, ലൊഡുക്കൂസ്, ബുദ്ദൂസ്, ച്ചിരിപ്പിടിയോളം, ഉമ്മിണിശ്ശ, തുടങ്ങിയ വാക്കുകൾ ജീവിതാനുഭവങ്ങളിൽ നിന്ന് കണ്ടെത്തിയതാണ്.

സുദൃഢവും സുവ്യക്തവുമായ രൂപങ്ങളോടെ ഭാവിയിലേക്ക് പ്രയാണം ചെയ്യുന്ന പ്രമാണങ്ങളായല്ല ബഷീറിന്റെ കഥാപരിസരങ്ങളും കഥാപാത്രങ്ങളും രൂപപ്പെട്ടിട്ടുള്ളത് എന്ന് നിരീക്ഷിക്കാൻ സാധിക്കും. അവിടെ, അടിയിളകിയ ആധുനികതയുടെ സ്ഥാപനരൂപങ്ങളുടെ പ്രകാശനമാണ് സംഭവിക്കുന്നത്. മലയാളിക്ക് പരിചയമില്ലാതിരുന്ന, നാടൻ ഭാഷയുടെ അത്യന്തം ലളിതവും മനോഹരവുമായ അവതരണരീതി സാഹിത്യത്തിൽ ഫലപ്രദമായി പ്രയോഗിച്ച് വിജയിപ്പിച്ചത് ബഷീറായിരുന്നു.

മലയാളം വായിക്കാൻ അറിയാവുന്ന സാധാരണക്കാരന് വഴങ്ങുന്ന ഭാഷയും ശൈലിയുമായിരുന്നു ബഷീറിന്റെത്. ഹാസ്യംകൊണ്ട് ചിരിപ്പിക്കുവാൻ മാത്രമല്ല, ചിന്തിപ്പിക്കുവാനും കരയിപ്പിക്കുവാനും അദ്ദേഹത്തിന് സാധിച്ചു. സമൂഹത്തിന്റെ ഏറ്റവും കീഴ്ത്തട്ടിൽ ജീവിക്കുന്നവരെക്കുറിച്ച് അദ്ദേഹം കഥകളെഴുതിയപ്പോൾ, അവ ജീവസ്സുറ്റതായിമാറി. ഭിക്ഷക്കാരനും ജയിൽപ്പുള്ളിയും വേശ്യയും സ്വവർഗ്ഗാനുരാഗികളും ഒക്കെ ബഷീറിന്റെ കൃതികളിൽ നിറഞ്ഞാടി. ഒരു വേശ്യയിലെ മാതൃത്വത്തെ വളരെ സൂക്ഷ്മതയോടെ അവതരിപ്പിക്കുകയെന്ന അതിശക്തമായ സൃഷ്ടിപരതയിലേക്ക് അദ്ദേഹത്തിന് കടന്നുച്ചെല്ലാൻ സാധിച്ചു. വലിയ കൃതികൾ രചിച്ചിട്ടില്ലെങ്കിലും വളരെയധികം കൃതികൾ എഴുതിയിട്ടില്ലെങ്കിലും "ബഷീറിയനിസം" എന്ന ബഷീർ സാഹിത്യം വർഷങ്ങൾക്കിപ്പുറവും മലയാളികൾ നെഞ്ചിലേറ്റുന്നു. ലളിതമായി പറഞ്ഞാൽ, അദ്ദേഹത്തിന്റെ ജീവിതാനുഭവങ്ങളുടെ കരുത്തും ഭാഷയും ബഷീർ ശൈലിയെ മലയാളത്തിന്റെ മറ്റൊരു സാഹിത്യശാഖയായിത്തീർക്കുകയായിരുന്നു.

സാഹിത്യകാരൻ എന്നതിനപ്പുറം ഒരു സ്വാതന്ത്ര്യസമര സേനാനികൂടിയാണ് ബഷീർ. 1908 ജനുവരി 21 ന് കോട്ടയം ജില്ലയിലെ വൈക്കം തലയോലപ്പറമ്പിൽ ജനിച്ച്, 1994 ജൂലായ് 5ന് കോഴിക്കോട് ബേപ്പൂരിൽ അന്തരിച്ച ബഷീറിന്റെ ജീവിതം സംഭവബഹുലമായിരുന്നു. നീണ്ടയാത്രകൾ, യാതനകൾ ഒക്കെ അദ്ദേഹത്തിന്റെ എഴുത്തിനെ സ്വാധീനിച്ചു. ഭാർഗ്ഗവി നിലയവും മുച്ചീട്ടുകളിക്കാരന്റെ മകളും ഉൾപ്പെടെ അദ്ദേഹത്തിന്റെ പലകൃതികളും ചലച്ചിത്രാവിഷ്കാരം നേടിയിട്ടുണ്ട്. മറ്റൊരാൾക്കും സാധിക്കാത്തതരത്തിൽ മലയാള സാഹിത്യത്തിൽ തന്റെതായ കയ്യൊപ്പുപതിപ്പിച്ച, കാലം മായ്ക്കാത്ത ഓർമകളിൽ നിലനിൽക്കുന്ന എഴുത്തുകാരനാണ് വൈക്കം മുഹമ്മദ് ബഷീർ. 

 

(എം ഒ രഘുനാഥ്)