അധികാര കസേര തേടിയുള്ള ലജ്ജിപ്പിക്കുന്ന രാഷ്ട്രീയ മലക്കം മറിച്ചിലുകൾ

അധികാര കസേര തേടിയുള്ള ലജ്ജിപ്പിക്കുന്ന  രാഷ്ട്രീയ മലക്കം മറിച്ചിലുകൾ
ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യം ഇന്ന്  രാഷ്ട്രീയ കുതിരക്കച്ചവടങ്ങളിലൂടെ അവിശുദ്ധ സഖ്യങ്ങൾ രൂപപ്പെടുത്തുന്ന തിരക്കിലാണ് .  ബീഹാറിൽ മഹാസഖ്യത്തെ പൊളിച്ചടുക്കി,​ എൻ.ഡി.എ സഖ്യത്തിന്റെ മുഖ്യമന്ത്രിയായി വീണ്ടും നിതീഷ് കുമാർ സത്യപ്രതിജ്ഞ ചെയ്തത്  ഏവരെയും ഞെട്ടിച്ചുകൊണ്ടായിരുന്നു. .ജനാധിപത്യത്തെ ഒറ്റുകൊടുക്കുന്ന യൂദാസായി ഇന്ത്യൻ രാഷ്‌ട്രീയത്തിൽ ഏറ്റവും നിന്ദ്യമായ  പേരായി  നിതീഷ് കുമാർ എന്ന രാഷ്ട്രീയ ചാണക്യന്റെ പേര്  അധഃപതിച്ചിരിക്കുന്നു. 
  ഭരണഘടനാ തത്വങ്ങളെ പോലും പൊളിച്ചെഴുതി ഒരു ഹിന്ദു റിപ്പബ്ലിക്കിനെ രൂപീകരിക്കാനുള്ള ശ്രമങ്ങൾ  കേന്ദ്ര   സര്‍ക്കാര്‍ നടപ്പിലാക്കുന്നതിനിടയിലാണ്  നിതീഷ് കുമാറിനെ പോലെയുള്ളവരുടെ കാലുമാറ്റങ്ങളുടെയും കുതിര കച്ചവടങ്ങളുടെയും കഥകൾ പുറത്തു വരുന്നത് .മുൻകാലങ്ങളിൽ ഇന്ത്യൻ രാഷ്ട്രീയത്തിൽ നിർണായക ശക്തിയായിരുന്ന  സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങള്‍  നിര്‍വീര്യമാക്കപ്പെടുന്നുവെന്നാണ് നിതീഷിന്റെ കാലുമാറ്റം സൂചിപ്പിക്കുന്നത് .
ഗോവ, കർണാടക, മഹാരാഷ്‌ട്ര, പുതുച്ചേരി, അരുണാചൽ പ്രദേശ്, മണിപ്പുർ, ത്രിപുര, മധ്യപ്രദേശ് എന്നിവിടങ്ങളിലെല്ലാം രാഷ്ട്രീയ കുതിരക്കച്ചവടത്തിലൂടെ ആളുകളെ ചാക്കിട്ടു പിടിച്ച്  ജനവിധി അട്ടിമറിക്കാൻ ശ്രമിച്ച ബിജെപിയുടെ ഏറ്റവും പുതിയ ശ്രമമാണ് നിതീഷിലൂടെ   ബിഹാറിൽ അരങ്ങേറിയത്.  
ആർക്കെതിരെ 'ഇന്ത്യ'യെന്ന  മുന്നണിയുണ്ടാക്കിയോ അവരുടെ കൂടാരത്തിൽ തന്നെ  ചെന്ന് കേറി,  മുൻപേ അവസരവാദ രാഷ്ട്രീയത്തിന്റെ വക്താവായി മാറിയ  ബീഹാറിൽ നിന്നുള്ള സോഷ്യലിസ്റ്റ് -നിതീഷ് കുമാർ ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ജീർണതയുടെ മുഖം ഒരിക്കൽ കൂടി  വെളിപ്പെടുത്തിയിരിക്കുന്നു .  അവസരത്തിനനുസരിച്ച്  നി​​റം മാ​​റു​​ന്ന, കസേര മോഹി  എ​​ന്നർഥം വരുന്ന  “പാ​​ൽ​​തു ചാ​​ച്ച, ‘കുര്‍സി കുമാര്‍’’ എ​​ന്നീ  പേരുകൾ  ഉള്ള നി​​തീ​​ഷ് കു​​മാ​​ർ വീണ്ടും ആ പേര് തനിക്ക് യോജിച്ചതെന്ന് തെളിയിച്ചിരിക്കുന്നു. 
 
'ഇന്ത്യ'  മുന്നണിയിൽ നിന്നാൽ പ്രധാന മന്ത്രി സ്ഥാനം  തനിക്കു ലഭിക്കില്ലെന്ന തോന്നൽ, കൈയിലുള്ള മുഖ്യമന്ത്രി സ്ഥാനമെങ്കിലും നിലനിർത്താനുള്ള അധികാരമോഹം ഇതൊക്കെയാകും മുന്നണി വിടാൻ നിതീഷിനെ പ്രേരിപ്പിച്ചത്. 
 എന്‍ഡിഎ പാളയത്തിൽ നിന്ന് ഒന്നരവര്‍ഷം മുമ്പ്   മതേതര ശക്തികളോടൊപ്പം ചേര്‍ന്ന് ബിഹാറിന്റെ ഭരണത്തിലിരുന്ന നിതീഷ് ലോക്സഭാ  തിരഞ്ഞെടുപ്പിന് മുമ്പ് വീണ്ടും  മലക്കം മറിയുകയായിരുന്നു . ബി ജെ പിക്കെതിരെ  'ഇന്ത്യ' മുന്നണി  രൂപീകരിക്കാൻ മുന്നിട്ടു നിന്ന  നേതാവ് തന്നെയാണ് മാസങ്ങള്‍ക്കുളളില്‍   മറുകണ്ടം ചാടിയത്. 
 
ഇന്ത്യൻ ജനാധിപത്യം വെല്ലുവിളി നേരിടുമ്പോൾ രക്ഷകരാകുമെന്ന് കരുതിയവർ തന്നെ  അതിന് മരണ മണി മുഴക്കുന്ന കാഴ്ചയാണ് ജനാധിപത്യ മതേതര  സ്നേഹികളുടെ പ്രതീക്ഷകളെ തല്ലിക്കെടുത്തുന്നത് .
 
ബീഹാറിൽത്തന്നെ നിതീഷ് മുഖ്യമന്ത്രിപദത്തിലെത്തുന്നത് അഞ്ചാം തവണയാണ്. 2005 മുതൽ 2013 വരെ എൻ.ഡി.എ മുഖ്യമന്ത്രി. പിന്നെ,​ ആർ.ജെ.‌ഡിക്കൊപ്പം. 2017ലും എൻ.ഡി.എ മുഖ്യമന്ത്രി. 2022-ൽ മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി. ഇപ്പോഴിതാ തികച്ചും നാടകീയ നീക്കത്തിൽ  മഹാസഖ്യത്തിന്റെ നിലനിൽപിന് തന്നെ വെല്ലുവിളിയുയർത്തി നിതീഷ് വീണ്ടും എൻ.ഡി.എയിലെത്തിയിരിക്കുന്നു .
ബിഹാറില്‍ നേരത്തെ സഖ്യസര്‍ക്കാരുണ്ടാക്കി   ആര്‍ജെഡിയുടെ കാരുണ്യത്തില്‍ മുഖ്യമന്ത്രി കസേരയില്‍ ഉറച്ചിരുന്ന നിതീഷ്   മഹാസഖ്യത്തിലെ മുൻധാരണയനുരിച്ച് ഇനിയുള്ള കാലം മുഖ്യമന്ത്രി സ്ഥാനം തേജസ്വി യാദവിനു വിട്ടുകൊടുക്കുന്നത് ഒഴിവാക്കാനും കൂടിയാണ്  എന്‍ഡിഎയ്‌ക്കൊപ്പം പോകുന്നത്.
പ്രധാനമന്ത്രിക്കസേരയിൽ കണ്ണും നട്ടിരിക്കുന്ന നിതീഷ് ഇപ്പോഴത്തെ കസേരയിലും മുന്നണിയിലും  എത്രകാലം തുടരുമെന്ന് പറയാനാവില്ല . കാലു മാറാൻ   വലിയ കാരണങ്ങളൊന്നും വേണ്ടാത്ത നിതീഷ്  മലക്കംമറിച്ചിലുകളിലൂടെ രാഷ്ട്രീയ അതിജീവനം ഉറപ്പാക്കുന്നതില്‍ എത്രയോ വട്ടം കഴിവ് തെളിയിച്ചിരിക്കുന്നു .
ഇപ്പോഴത്തെ തിരിച്ചടിയിൽ നിന്ന് പാഠം  പഠിച്ച്  ബിജെപിയെ പരാജയപ്പെടുത്തുക എന്ന   ലക്ഷ്യത്തിലേക്ക് വിട്ടുവീഴ്ചകൾ ചെയ്ത് ഒന്നിച്ച് നീങ്ങാൻ ഇന്ത്യ സഖ്യത്തിലെ  എല്ലാ കക്ഷികളും തയാറായാലേ ഫലമുള്ളൂ. എങ്കിൽ മാത്രമേ ഇന്ത്യൻ ജനാധിപത്യത്തിനും നിലനിൽപ്പുള്ളൂ എന്നതാണ് യാഥാർഥ്യം.