വീണ്ടും പുകഞ്ഞ് ഖാലിസ്ഥാൻ വാദം

വീണ്ടും പുകഞ്ഞ് ഖാലിസ്ഥാൻ വാദം

വീണ്ടും പുകഞ്ഞ് ഖാലിസ്ഥാൻ വാദം

ഞ്ചാബിൽ വീണ്ടും ഖാലിസ്ഥാൻ വാദം തലപൊക്കുന്നതിന്റെ സൂചനകളാണ് പുറത്തു വരുന്നത് . സ്വദേശത്തും വിദേശത്തും ഇന്ത്യയെ അപമാനിക്കുന്ന നടപടികളിലൂടെയാണ് ഖാലിസ്ഥാൻ വാദികൾ ശ്രദ്ധപിടിച്ചുപറ്റാൻ ശ്രമിക്കുന്നത്. ആയിരത്തിത്തൊള്ളായിരത്തി എൺപത് , തൊണ്ണൂറുകളിൽ രാജ്യത്തിന്റെ സ്വൈരജീവിതം നശിപ്പിച്ച് പഞ്ചാബിൽ താണ്ഡവമാടിയ ഖാലിസ്ഥാൻ വാദികൾ വീണ്ടും സജീവമാകുന്നുവെന്നാണ് സൂചനകൾ .

ദുബൈയിൽ ട്രക്ക് ഓടിച്ചിരുന്ന അമൃത്പാൽ ‘വാരിസ് പഞ്ചാബ് ദേ’ നായകനായി അവതരിച്ച് രാജ്യത്തിനകത്തും പുറത്തും ഇന്ത്യക്കെതിരെ ഭീകരാക്രമണങ്ങൾ അഴിച്ചുവിടുന്ന സാഹചര്യമാണുള്ളത് . ആയുധങ്ങളേന്തി​ ജനാധി​പത്യ സർക്കാരുകളെ വെല്ലുവി​ളി​ക്കുന്ന ഇത്തരം തീവ്രഗ്രൂപ്പുകളെ ഇന്ത്യൻ മണ്ണി​ൽ വീണ്ടും വളരാൻ അനുവദി​ക്കരുത്.

വാരിസ് പഞ്ചാബ് ദേയുടെ സ്ഥാപകന്‍ -നടനും ആക്ടിവിസ്റ്റുമായ ദീപ് സിദ്ദു  2022 ഫെബ്രുവരിയില്‍ ഒരു വാഹനാപകടത്തില്‍  മരിച്ചതോടെ സംഘടനയുടെ നേതാവായി അമൃത്പാല്‍ സിംഗ് സ്വയം അവരോധിതനാവുകയായിരുന്നു .
ഖാലിസ്ഥാന്‍ വാദത്തെ പരസ്യമായി പിന്താങ്ങുന്ന അമൃത്പാല്‍ ഖാലിസ്ഥാന്‍ ഭീകരനായിരുന്ന ഭിന്ദ്രന്‍വാലയെ പോലെ വേഷം ധരിച്ചാണ് പൊതു വേദികളില്‍ പ്രത്യക്ഷപ്പെടുന്നത്. ‘ഭിന്ദ്രന്‍വാല രണ്ടാമന്‍’ എന്നൊരു പേരുമുണ്ട് ഇയാൾക്ക് .

സിഖ് പുരോഹിതനും മതപ്രഭാഷകനുമായിരുന്ന ജര്‍നലി സിംഗ് ഭിന്ദ്രന്‍വാലയാണ് എണ്‍പതുകളുടെ തുടക്കത്തില്‍ സ്വതന്ത്ര പരമാധികാര പഞ്ചാബെന്ന ആവശ്യവുമായി ഖലിസ്ഥാന്‍ വാദത്തിന് വിത്തുവിതച്ചത്. അമൃത്സറിലെ സുവര്‍ണ ക്ഷേത്രം കേന്ദ്രീകരിച്ച് ഭിന്ദ്രന്‍വാലയുടെ നേതൃത്വത്തില്‍ ആയുധധാരികള്‍ സജീവമായതോടെ ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര ഭരണകൂടം 1984ൽ ബ്ലൂസ്റ്റാർ ഓപറേഷനിലൂടെ സുവർണക്ഷേത്രത്തിൽ കടന്നുകയറി ഭിന്ദ്രൻവാലയെ വെടിവെച്ചുകൊന്നു , ഇതോടെയാണ്കുറച്ചെങ്കിലും സമാധാനം നിലവിൽവന്നത്. എന്നാൽ അതേവർഷം ഒക്ടോബർ 31ന് പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ നേരെ അവരുടെ അംഗരക്ഷകരിൽപെട്ട സത്‍വന്ത്സിങ്ങും ബിയാന്ത്സിങ്ങും വെടിയുതിർത്തത് രാജ്യം കണ്ട വലിയ ദുരന്തമായി.തുടർന്ന് ഡൽഹിയിൽ ആളിപ്പടർന്ന പ്രതികാരജ്വാലയിൽ നിരപരാധികളായ നിരവധി സിഖുകാരും കൊല്ലപ്പെട്ടു .

രാജ്യത്തിന്റെ അതിർത്തി കാക്കുന്ന ധീര സൈനികരിൽ സിഖുകാർ ഏറെയുണ്ട് . വിഘടനവാദത്തിനും രാജ്യരക്ഷ അപകടപ്പെടുത്തുന്നതിനും അനുകൂലമായി ഈ സമൂഹത്തിലെ ഏറെപ്പേരും ചിന്തിക്കുമെന്ന് കരുതാനാവില്ല   , എന്നാലും ഏതാനും പേര് മതിയല്ലോ പ്രശ്നങ്ങളുണ്ടാക്കാൻ.


ബ്രി​ട്ടനി​ലെ ഇന്ത്യൻ ഹൈക്കമ്മി​ഷനി​​ൽ കഴി​ഞ്ഞ ദി​വസം ഖാലി​സ്ഥാൻ തീവ്രവാദി​കൾ അക്രമം നടത്തുകയും ഇന്ത്യൻ ദേശീയപതാക വലി​ച്ച് താഴെയി​ടുകയും ഈ ദൃശ്യം സോഷ്യൽമീഡി​യയി​ൽ പ്രചരി​പ്പി​ക്കുകയും ചെയ്തു. ഇത്തരം വിഘടനവാദിഗ്രൂപ്പുകളുടെ നീക്കങ്ങളും തീവ്രവാദവും തുടക്കത്തിലേ നിരീക്ഷിച്ച്  വേരോടെ പിഴുതെറിയാൻ ബന്ധപ്പെട്ടവർ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു, അല്ലെങ്കിൽ മുൻകാലങ്ങളിലേതുപോലെ രക്തപ്പുഴകൾ ഒഴുകേണ്ടിവരും .