എങ്കിലും സ്വാസികെ !; ഡോ. മാത്യു ജോയിസ്, ലാസ്‌ വേഗാസ് 

Mar 23, 2023 - 18:20
May 10, 2023 - 14:33
 0  28
എങ്കിലും സ്വാസികെ !;   ഡോ. മാത്യു ജോയിസ്, ലാസ്‌ വേഗാസ് 

മേരിക്കൻ  പ്രവാസി പോലും വാലും ചുരുട്ടിയോടുന്ന ഒരു വിധവയുടെ ഒറ്റ ആക്രോശം മലയാളി കേട്ടിരുന്നോ ? " ഇറങ്ങിപ്പോടാ മൈരേ !". കേട്ടപ്പോൾ ഞെട്ടിയെങ്കിൽ, അത്ഭുതപ്പെടേണ്ടാ, മലയാള  സിനിമയുടെ തുരുമ്പിച്ച വാതായനങ്ങൾ മലർക്കെ,  തുറന്നുകൊണ്ട് സ്വാസിക എന്ന നടി തന്റെ മികവാർന്ന  അഭിനയചാതുര്യം കൊണ്ട്‌ , നമുക്ക്‌ ഒരു പുത്തൻ അനുഭവം കാഴ്ച വെയ്‌ക്കുന്നു.

ഒരു "ചതുരം" മാത്രം മതി, ചതുരംഗം മുഴുവൻ വേണ്ട, ഒരു പെണ്ണിന് തന്റെ കളികൾ എല്ലാം തനിയെ വിജയിപ്പിക്കാൻ എന്ന് തെളിയിക്കാൻ,  എന്ന് വിളിച്ചോതുന്ന സുന്ദരമായ കഥാ പ്രമേയം. സംവിധായകൻ സിദ്ധാർത്ഥ് ഭരതനും വിനോയ് തോമസും ചേർന്ന് എഴുതിയ തിരക്കഥ, ചതുരത്തെ യഥാർത്ഥത്തിൽ ഉള്ളതിനേക്കാൾ കൂടുതൽ മികവുറ്റതാക്കാൻ  ശ്രമിക്കുന്നു. ( ഒരു പക്ഷേ, സിദ്ധാർത്ഥനെന്ന മകനിലൂടെ, നമ്മേ വിട്ടുപോയ ഭരതനും ലളിതാ ദമ്പതികൾക്കും ഏറെ അഭിമാനിക്കാം, അവരുടെ സകല കഴിവുകളും നിലനിർത്തിയതിൽ)

എൽദോ (അലെൻസിയർ) എന്ന ഒരു ധനികൻ, തന്നേക്കാൾ വളരെ ഇളയ സ്ത്രീയായ സെലീനയെ (സ്വാസിക വിജയ്) വിവാഹം കഴിക്കുന്നു. വിശാലമായ ഒരു എസ്റ്റേറ്റിന് നടുവിൽ സ്ഥിതി ചെയ്യുന്ന എൽദോയുടെ വീട്ടിൽ അവർ വന്നിറങ്ങിയ ഉടൻ, അവൻ അവളുടെ മേൽ ക്രൂരമായ പീഡനം  അഴിച്ചുവിടുന്നു. അവളുടെ സാഹചര്യത്തിന്റെ നിസ്സഹായത കാരണം, സെലീന ഇത് സഹിക്കുകയും കാര്യമായ ഒന്നും സംഭവിക്കാത്തതുപോലെ പെരുമാറുകയും ചെയ്യുന്നു. ഉദാഹരണത്തിന്, ഒരു അക്രമാസക്തമായ പീഡനത്തിനുശഷം  ശേഷം രാവിലെ, അവൾ അവനെ ഒരു ചെസ്സ് കളിക്കാൻ ക്ഷണിക്കുന്നു. അവിടെത്തുടങ്ങുന്നു ചതുരത്തിലെ ചതുരംഗക്കളികൾ.

എൽദോയ്ക്ക് പെട്ടെന്ന്  വീഴ്ച സംഭവിക്കുകയും കിടപ്പിലായിരിക്കുകയും ചെയ്യുമ്പോൾ സമവാക്യങ്ങൾ മാറുന്നു. ഹോം നേഴ്‌സായി,  ബലത്തസാറിന്റെ  (റോഷൻ മാത്യു) വരവ് കാര്യങ്ങൾ കൂടുതൽ സങ്കീർണ്ണമാക്കുന്നു, പക്ഷേ കാര്യങ്ങൾ  എവിടേക്കാണ് കൊണ്ടുപോകുന്നതെന്ന്ന് നമുക്ക് വ്യക്തമായി അറിയാം. എന്നിരുന്നാലും, ഇത് സിനിമയുടെ മാരകമായ പോരായ്മയല്ല. സിനിമ അതിന്റെ കേന്ദ്ര കഥാപാത്രമായ സെലീനയെ നോക്കുന്നത് മറ്റൊരു ലെന്സിലൂടെയാണ്. അവൾക്ക് മാദകമായ ശരീരവടിവുണ്ട്‌, ഒടുങ്ങാത്ത കാമദാഹങ്ങൾ ഉണ്ടു്, അതിനെല്ലാം ഉപരിയായി അവളുടെ സ്വന്തം പദ്ധതികൾ നടപ്പിലാക്കാൻ സജ്ജമാക്കിയ  മസ്തിഷ്‌കവും ഉണ്ടെന്ന് തെളിയിക്കുന്ന  കഥാതന്തു. ആ ലക്ഷ്യത്തോടെയാണ് സ്‌ക്രിപ്റ്റ്  തയ്യാറാക്കി അവൾ എല്ലാവരേയും തന്റെ നിയന്ത്രണത്തിലാക്കാൻ പ്രേരിപ്പിക്കുന്നത്. തന്റെ വീണു കിടക്കുന്ന, ഒന്നിനും വയ്യാത്ത, തനി എമ്പോക്കിയായ ഭർത്താവിന്റെ സ്ഥാനത്ത് ഒരു വക്കീലിനെ വെക്കുന്നത് പോലെയുള്ള ചില സീനുകളിലൊഴികെ, മിക്ക ഭാഗങ്ങളിലും കഥയുടെ ചാരുത അവളുടെ  ശരീരത്തോട് മാത്രമായിരുന്നു. ഒരുപക്ഷേ ഇക്കാരണത്താൽ, അവളുടെ ഭൂതകാലത്തെക്കുറിച്ച് കൂടുതൽ സംസാരിക്കാൻ പോലും കഥാകൃത്ത് തന്മയത്തമായി  മറന്നുപോയിരിക്കാം, അവൾ എന്തിനാണ് ഇങ്ങനെയൊക്കെ  ചെയ്യുന്നത് എന്നതിനെക്കുറിച്ചുള്ള മികച്ച ആശയം കാഴ്ചക്കാർക്ക്  നൽകാമായിരുന്നുവെന്ന് തോന്നിയേക്കാം. 

എന്നാൽ മുമ്പ്  ആരോഗ്യവാനായിരുന്ന ഈ അച്ചായൻ എങ്ങനെ വളരെ പ്രായം കുറഞ്ഞ ഭാര്യയായ സെലീനയെ (സ്വാസിക) സ്വന്തമാക്കി, അവന്റെ ഇപ്പോഴത്തെ അവസ്ഥയിൽ അവൻ എങ്ങനെ അവസാനിച്ചു എന്നതിന്റെ പിന്നാമ്പുറക്കഥ നമുക്ക് ഊഹിക്കാവുന്നതേയുള്ളു. ഈ വേഷങ്ങളിൽ താൻ സ്വാഭാവികനാണെന്ന് ഒരിക്കൽ കൂടി അലൻസിയർ എന്ന മുതിർന്ന നടൻ കാണിക്കുന്നു. (അപ്പനു ശേഷം രണ്ടാം തവണ കിടപ്പിലായവൻ എന്ന തന്റെ മൊശടൻ കഥാപാത്രമായി ജീവിക്കാൻ ഇദ്ദേഹത്തേക്കാൾ  പറ്റിയ ഒരു നടന്നില്ലെന്ന് നമ്മൾ സമ്മതിച്ചുപോകും).
റോഷൻ മാത്യു എന്ന ബൽത്തസർ, എൽദോയെ  പരിചരിക്കുമ്പോൾ, നല്ലവനായ ഹോം നേഴ്‌സായി നീതി പുലർത്തിയിരുന്നു. എന്നാൽ സെലീനാ, അവനിലെ പുരുഷനെ മോഹിപ്പിച്ചു കാര്യസാദ്ധ്യം നടത്തുമ്പോൾ, അവന്റെ സകല നിയന്ത്രണവും പിടിവിട്ടുപോയി അര്മ്മാദിക്കുന്നതു സ്വല്പം കൂടിപ്പോയോ എന്ന് തോന്നിയേക്കാം. സെലീനയുമായുള്ള എൽദോയുടെ ദുരുപയോഗം കണക്കിലെടുക്കുമ്പോൾ, അവൻ നിഷ്‌ക്രിയനായതിന് ശേഷം അവൾ ചെയ്യുന്നത് കാണുമ്പോൾ അതിശയിക്കാനില്ല. അവൾ മുമ്പില്ലാത്ത വിധത്തിൽ അവനെ പരിഹസിക്കാൻ അവളുടെ ശരീരം ഉപയോഗിക്കുന്നു. ബാൽത്തസാറിനെ പരോക്ഷമായി വശീകരിക്കുന്നതും അതിൽ ഉൾപ്പെടുന്നു, 

ഒരു പുരുഷ ഹോം നഴ്‌സിനോട്, അവന്റെ എല്ലാ തത്ത്വങ്ങൾക്കും വിരുദ്ധമായ എന്തെങ്കിലും ചെയ്യാൻ മാത്രമല്ല, ഒരു കൊലപാതകത്തിൽ പങ്കാളിയാകാൻ, ഒരു സഹായി ആവുക  എന്ന അവളുടെ വശ്യമായ  ആവശ്യപ്പെടൽ, അവന്റെ ജീവിതം മാറ്റിമറിക്കുന്നതായിരുന്നു. അവൻ അത് ചെയ്യുമോ ഇല്ലയോ എന്ന് കാഴ്ചക്കാരുടെ പ്രതിസന്ധിയെ,  സംവിധായകൻ സിദ്ധാർത്ഥ് ഭരതന്റെ പുതിയ ചിത്രമായ ചതുരം മുതലെടുക്കുന്ന കൂർമ്മബുദ്ധി, വളരെ തന്മയത്വമായി വിജയിച്ചിരിക്കുന്നു .

സ്വാസികയ്ക് ഒറ്റ തെറിപ്രയോഗമേ അറിയാവുള്ളൂ എന്ന് തോന്നുന്നു. ആ ഒറ്റ വാക്കുകൊണ്ട്  ഭർത്താവിന്റെ സഹോദരനെയും, വശപ്പിശകനായ വക്കീലിനെയും ഒറ്റയടിക്ക്   ആട്ടിപ്പായിക്കുമ്പോൾ, കാഴ്ചക്കാർക്ക് വിഹ്വലത കുടിയിട്ടുണ്ടാവാം. ( അടുത്ത കാലത്ത് ഇറങ്ങിയ പച്ചത്തെറികൾ കുത്തിനിറച്ച പടങ്ങൾ ജനം കൈക്കൊണ്ടില്ലെന്ന് പറയുമ്പോൾ, സ്വാസികയുടെ വാക്കുകളിൽ അസഭ്യത ആർക്കും തോന്നുകയില്ല). പക്ഷേ  അവളിൽ ഒരു സത്യം ഒളിഞ്ഞിരിപ്പുണ്ട്, അവൾക്ക്‌ കൊലപാതകിയാകാൻ കഴിയില്ല, അവളിലെ കള്ളച്ചിരിയിൽ സംവിധായകൻ കൃത്യമായി അതൊളിപ്പിച്ചു വെച്ചത് മനോഹരമായി. 

കഴിഞ്ഞ നാലഞ്ചു പതിറ്റാണ്ടുകളിലെ  പല ക്ലാസിക് നോയർ സിനിമകളുടെയും പ്രധാന ആശയമാണ് ചതുരത്തിന്റെ കാതലായ ആശയം. ഒരു തിരിച്ചുവരവില്ലാത്ത ഒരു അപകടകരമായ യാത്രയിൽ നായികയെ  അനുഗമിക്കാൻ ആദ്യം വിമുഖത കാണിച്ച ഒരു യുവാവിനെ അവൾ കുടുക്കുന്നു. ഡബിൾ ഇൻഡെംനിറ്റി, ബോഡി ഹീറ്റ് തുടങ്ങിയ സിനിമകളുടെ അതേ ലീഗിൽ പെട്ടതാണ് ഇത്, എന്നിരുന്നാലും ഫിലിം മേക്കിംഗിന്റെ നിലവാരം ബില്ലി വൈൽഡറിനോ, ലോറൻസ് കാസ്‌ദാനിനോ തുല്യമെന്ന് പറയാൻ വയ്യ താനും.

കൗമാരപ്രായക്കാർക്ക് എല്ലാ രാജ്യാന്തര സീരീസുകളിലേക്കും സിനിമകളിലേക്കും കൂടുതൽ ശക്തമായ സംഗതികളിലേക്കും എളുപ്പത്തിൽ ആക്സസ് ലഭിക്കുന്ന കാലത്ത്, ഈ  ചിത്രത്തിന് "ഇറോട്ടിക് ത്രില്ലർ" എന്ന ലേബൽ ഈ ആവശ്യത്തിന് സൗകര്യപ്രദമാണെന്ന് തോന്നുന്നു. നായികയുടെ ദുരൂഹമായ ആന്തരിക ലോകവും അതിനുള്ളിലെ സംഘർഷങ്ങളും അങ്ങനെ നമുക്ക് അജ്ഞാതമായി തുടരുന്നുകൊണ്ടേയിരിക്കുന്നു. അ വളെ സമീപിക്കുന്ന സിനിമയിലെ ഒട്ടുമിക്ക പുരുഷന്മാരെയും പോലെയാണ് ക്യാമറയും ചലിക്കുന്നതെങ്കിലും, ഈ സിനിമയിൽ അഭിനയവും സംഭാഷണങ്ങളും കൃത്യമായി ഒരു ചതുരത്തിൽ ഒതുക്കിനിർത്തിയ സംവിധായകൻ സിദ്ധാർത്തിനും, ഈ കഥയുടെ എല്ലാമാകാൻ ധൈര്യം കാട്ടിയ സ്വാസികയ്ക്കും, പാവം ഹോം നേഴ്‌സായി തിളങ്ങിയ റോഷൻ മാത്യൂസിനും അഭിനന്ദനങ്ങൾ.

എത്ര സുന്ദരമായ ഒരു ക്ളൈമാക്സ്, വെട്ടിമാറ്റാൻ ഒന്നുമില്ലല്ലോ എന്ന് ചിന്തിക്കുമ്പോൾ അടുത്ത കാലത്തിറങ്ങിയ ചിത്രങ്ങളിൽ  മികവുറ്റതെന്ന് നിസ്സംശയം പറയേണ്ടിയിരിക്കുന്നു ചതുരം, സ്വാസികയുടെ വിജയത്തിന്റെ ചതുരം!