ഇരുട്ടറയിലെ കറുത്ത പക്ഷി; കഥ

 ഇരുട്ടറയിലെ കറുത്ത പക്ഷി; കഥ

 

 

  സുജ ശശികുമാർ


 അലങ്കോലമായി കിടക്കുന്ന ചെറിയൊരു ഇടുങ്ങിയ മുറിയിൽ 
മുഷിഞ്ഞ സാരിയും പാറിയ അഴിച്ചിട്ട മുടിയുമായവൾ.

കൊച്ചു സുന്ദരിയാണവൾ, ഇപ്പോഴും കുട്ടിത്തം മാറിയിട്ടില്ല.
ഒരിറ്റു വെളിച്ചത്തിനു നേരെ നടന്നു നീങ്ങാൻ ശ്രമിക്കവേ അവളുടെ കാലിലെ അധികം പഴക്കമില്ലാത്ത ചങ്ങല കലപില കൂടി.
അപ്പോഴാണവൾ താൻ ബന്ധിതയാണെന്നോർത്തത് , തൻ്റെ ദുരവസ്ഥ മനസ്സിലാക്കിയത്.
അവളുടെ കണ്ണുകളിൽ തീജ്വാലയായിരുന്നു
ഉള്ളിൽ നോവിൻ്റെ കടൽ ആർത്തിരമ്പാൻ തുടങ്ങി.

എന്തിനാണിവർ എന്നെ ബന്ധിച്ചത്, അവൾ ഓർത്തെടുത്തു.

അകലെ ജ്വലിച്ചു കത്തുന്ന സൂര്യനെ ഇലകൾക്കിടയിലൂടെ അവൾ കണ്ടു.
എന്തേ, സൂര്യനും കത്തിജ്വലിച്ച് തീരാറായോ?
സ്വയം പിറുപിറുത്തു.

ആരോടെന്നില്ലാതെ അവൾ അവളുടെ കഥ പറയാൻ തുടങ്ങി.

ആ ദിവസം, അന്ന് ഒരു ബന്ധുവിൻ്റെ വിവാഹത്തിന് പോയി വരുന്ന വഴി അച്ഛനും, അമ്മയും സഞ്ചരിച്ച ബസ്സ് ആക്സിഡൻ്റായി. ആരൊക്കെയോ മരിച്ച കൂട്ടത്തിൽ എൻ്റെ അച്ഛനും അമ്മയും പോയി
അതോടെ ഞാൻ അനാഥയായി. ആ കറുത്ത ദിനം ഓർക്കുമ്പോൾ ഇന്നും കണ്ണുനീർപ്പെയ്ത്താണെന്നിൽ.

വലിയൊരു വീട്ടിൽ ഞാൻ തനിച്ച് താമസിക്കാൻ തുടങ്ങി. അതിന് ആളുകൾ പലതും പറഞ്ഞ് അധിക്ഷേപിക്കാൻ തുടങ്ങി.

എൻ്റെ കഥ കേട്ടറിഞ്ഞ് അകന്ന ബന്ധത്തിൽപ്പെട്ട ഒരു സ്ത്രീ എന്നെ അവരുടെ വീട്ടിലേയ്ക്ക് കൊണ്ട്
പോയി -
പോകാൻ എനിക്ക് മനസ്സുണ്ടായിട്ടല്ല.
അത്രയ്ക്ക് സ്നേഹത്തോടെയുള്ള അവരുടെ വിളി കേട്ട് പോയതാ.

ആദ്യമൊക്കെ അവർ എന്നോട് വളരെ നല്ല രീതിയിൽ തന്നെ പെരുമാറി -
അവർ ഞാൻ വിചാരിച്ച പോലെ ഒരു നല്ല സ്ത്രീ ആയിരുന്നില്ല. മഹാ ചീത്തയായിരുന്നു.

പിന്നെ എങ്ങനെയെങ്കിലും രക്ഷപ്പെടണമെന്ന വിചാരമായിരുന്നു മനസ്സുനിറയെ.

ഒരു ദിവസം സന്ധ്യയ്ക്ക് ഉമ്മറത്ത് നിന്നും ആ സ്ത്രീ ഏതോ ഒരു പുരുഷനോട് ഉച്ചത്തിൽ സംസാരിക്കുന്നത് കേട്ടു. എന്തോ പൈസയുടെ കാര്യം പറഞ്ഞ്

അയാളെ വഴക്കു പറയുകയായിരുന്നു.
എൻ്റെ മാനത്തിന് വിലയുറപ്പിക്കുകയാണെന്ന് മനസ്സിലാക്കാൻ അല്പം വൈകി.

അന്ന് രാത്രി എനിക്കുള്ള ഭക്ഷണത്തിൽ അവരെന്തോ മയക്കുമരുന്ന് കലർത്തിയിരുന്നു.
ഞാനറിഞ്ഞില്ല. കുറച്ച് കഴിച്ചതും ബോധം പോയി,
പിന്നെ ഒന്നും ഓർമ്മയില്ല.

ഞാൻ മയക്കത്തിൽ നിന്നുണർന്നപ്പോൾ എനിക്കു ചുറ്റും കുപ്പി വളപ്പൊട്ടുകളും, മദ്യക്കുപ്പിയും, സിഗരറ്റിൻ്റെ കുറ്റിയും നിറഞ്ഞു ചിതറിക്കിടക്കുന്നു.

മുറി നിറയെ എന്തൊക്കെയോ ദുർഗന്ധം, എനിക്ക് ഓക്കാനിക്കാൻ തുടങ്ങി -

എൻ്റെ സ്വപ്നങ്ങൾ കൊഴിഞ്ഞ കാളരാത്രിയായിരുന്നു അതെന്ന് എനിയ്ക്ക് മനസ്സിലായി.

എന്താടീ, നിനക്കൊരു ക്ഷീണം. ഹും എല്ലാം ചെയ്തു കൂട്ടിയിട്ട് അവരുടെ ഒരു ചോദ്യം.
ഞാൻ പരുഷ ഭാവത്തിൽ അവരെ നോക്കി
അവർക്കത് പിടിച്ചില്ല. അവരുടെ മറ്റൊരു മുഖം ഞാൻ കണ്ടു. 
നിങ്ങൾ ആള് ശരിയല്ല.

 എനിക്ക് പോണം.
 ഞാൻ ഒച്ച വെക്കാൻ തുടങ്ങി.
നീ ഇനി എവിടെയും പോകില്ല, പോകാൻ ഞാൻ അനുവദിക്കില്ല.
നിന്നെ ഉപയോഗിച്ച് എനിക്ക് കുറച്ച് പൈസയുണ്ടാക്കണം.
നീ നല്ല ഒരു ചരക്കല്ലേ..

മും, എൻ്റെ ഭാഗ്യം നിന്നെ കിട്ടിയത്..

അന്നവർ എന്നെ ബലം പ്രയോഗിച്ച് പിടിച്ച് അകത്തടച്ചു.

പിന്നീട് പലർക്കും കാഴ്ച്ച വസ്തുവാക്കിയെന്നെ.

എപ്പഴോ മനസ്സ് പിടി വിട്ടു പോയി - എന്തെല്ലാം സ്വപ്നങ്ങളായിരുന്നു അച്ഛനും, അമ്മയ്ക്കും എന്നെക്കുറിച്ച്.
ഒരു നിമിഷം കൊണ്ട് എല്ലാം തല്ലിത്തകർത്തില്ലേ ദൈവം.

അങ്ങനെ ഒന്നുണ്ടോ എന്നാ ഇപ്പോ എൻ്റെ സംശയം.

മനസ്സുകൊണ്ടെന്നേ മരിച്ചു പോയി ഞാൻ.
ഇന്നീ വേഷത്തിൽ കാണുന്നത് മറ്റൊരു പരിവേഷം.

സ്വപ്നങ്ങളുടെ ചിറകരിഞ്ഞിട്ട ഇരുട്ടറയിലെ കറുത്ത പക്ഷിയാണിന്നു ഞാൻ.
എന്നെ നോക്കി ഗൗളി അട്ടഹാസം പോലെചിലയ്ക്കുന്നു.
കാലക്കേട് തീർന്നില്ലെന്നോർമ്മിപ്പിച്ചു കൊണ്ട്.

വെറുപ്പാണെനിക്ക് എല്ലാത്തിനോടും
ഇനിയും എന്താണെനിക്ക് കാലം കരുതിവെച്ചത്.
അറിയില്ല, അവൾ വീണ്ടും
ഇരുട്ടറയിലേയ്ക്ക് നീങ്ങി
പ്രതീക്ഷ വറ്റിയ മിഴികൾ കൂമ്പി...