മുഖ്യമന്ത്രി വി ഡി സതീശനെ വഴി തടഞ്ഞ കേസ്; ഡിസിസി മുന്‍ അംഗം ചേന്തി അനിലിന് ജാമ്യം
തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശനെ വഴിയിൽ തടഞ്ഞ സംഭവത്തിൽ ഡിസിസി മുൻ അംഗം ചേന്തി അനിലിന് കോടതി ജാമ്യം അനുവദിച്ചു. ഉപാധികളോടെയാണ് ജാമ്യം. കസ്റ്റഡിയിൽ വിട്ട സമയം കഴിഞ്ഞതിനു പിന്നാലെയാണ് ജാമ്യം അനുവദിച്ചത്. ബിഎൻഎസ് 61(2) വകുപ്പ് പ്രകാരം ഗൂഢാലോചന കുറ്റമാണ് ഇയാൾക്കെതിരെ ചുമത്തിയത്.
ഇയാളുടെ മൊബൈൽ ഫോണും പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. ശ്രീനാരായണഗുരു ജയന്തി ആഘോഷവുമായി ബന്ധപ്പെട്ട് ചേന്തിയിലെ പരിപാടിയിൽ മുഖ്യമന്ത്രി പങ്കെടുക്കാതെ ചെമ്പഴന്തിയിലേക്ക് പോകാൻ തുടങ്ങിയതാണ് തർക്കത്തിന് കാരണമായിരുന്നത്. മുഖ്യമന്ത്രി വാഹനത്തിൽ നിന്ന് ഇറങ്ങിയപ്പോൾ ചേന്തി അനിലുമായി വാക്കുതർക്കം ഉണ്ടാകുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. മുഖ്യമന്ത്രിക്ക് കോളജ് കുട്ടികൾ വഴക്കിടുന്ന ശൈലിയാണെന്ന് ചേന്തി അനിൽ വിമർശനം ഉന്നയിച്ചിരുന്നു. മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞിട്ടില്ലെന്നാണ് അനിൽ വിശദീകരിച്ചത്.
ഈ വിഷയത്തിൽ വിശദീകരണവുമായി മുഖ്യമന്ത്രി വിഡി സതീശൻ രംഗത്തെത്തിയിരുന്നു. ചേന്തിയിലെ ശ്രീനാരായണുഗുരു ജയന്തിയുമായി ബന്ധപ്പെട്ട പരിപാടിക്ക് ക്ഷണിച്ചിരുന്നു. ക്രിമിനൽ പശ്ചാത്തലമുള്ള ആളാണ് പരിപാടി നടത്തുന്നതെന്ന റിപ്പോർട്ടിനെത്തുടർന്ന് രണ്ടാഴ്ച മുൻപുതന്നെ ആ പരിപാടി ക്യാൻസൽ ചെയ്തിരുന്നുവെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു. ചെമ്പഴന്തിയിലെ പരിപാടിക്ക് പോകുന്നവഴി അവിടെ കുറേ പാർട്ടി പ്രവർത്തകർ നിൽക്കുന്നത് കണ്ട് പുറത്തിറങ്ങുകയായിരുന്നു. തന്നെ ആരും തടഞ്ഞിട്ടില്ല.
ഈ വ്യക്തി വളരെ മോശമായി സംസാരിച്ചു. ഞാൻ പോകുന്നതിനിടെ തടയുകയും ചെയ്തു. അവിടെയൊരു സംഘർഷം ഉണ്ടാകാതിരിക്കാനായി അപ്പോൾ തന്നെ വണ്ടിയിൽ കയറി പോയി. പൊലീസ് സ്വമേധയാ എടുത്ത കേസാണ് അത്. അനിലിനെ വ്യക്തിപരമായി പരിചയമില്ല. അദ്ദേഹത്തിന്‍റെ ഭാര്യ തദ്ദേശ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ മരിച്ചിരുന്നു. അതുകൊണ്ട് അന്ന് വീട്ടിൽ പോയിട്ടുണ്ടെന്നും മുഖ്യമന്ത്രി വിശദീകരിച്ചിരുന്നു.
മുഖ്യമന്ത്രിയെ വഴിയിൽ തടയുകയും അപമര്യാദയായി പെരുമാറുകയും അവഹേളിക്കുകയും ചെയ്‌തെന്ന കാരണത്താലാണ് ചേന്തി അനിലിനെതിരെ പോലീസ് കേസെടുത്തത്. ഗൂഢാലോചന കുറ്റം ഉൾപ്പെടെ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തത്. തിരുവനന്തപുരത്തുനിന്നും ശ്രീകാര്യം വഴി പോകുകയായിരുന്ന മുഖ്യമന്ത്രിയുടെ വാഹനം ചേന്തിയിൽ വെച്ച് തടഞ്ഞുനിർത്തിയെന്നാണ് അനിലിനെതിരെയുള്ള പരാതി.