പുതു പ്രതീക്ഷകളിലേക്ക് കോൺഗ്രസ്

നഷ്ടപ്രതാപവും അധികാരവും വീണ്ടെടുക്കാനും അടുത്ത പൊതുതെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ പരാജയപ്പെടുത്തി കേന്ദ്രഭരണം പിടിക്കാനുമുള്ള ദൃഢനിശ്ചയത്തോടെയാണ് കോൺഗ്രസിന്‍റെ 85 ാം പ്ലീനറി സമ്മേളനം ഞായറാഴ്ച്ച റായ്പൂരിൽ സമാപിച്ചത്. കോൺഗ്രസ് അധികാരത്തിലുള്ള രണ്ടേ രണ്ടു സംസ്ഥാനങ്ങളിലൊന്നായ ഛത്തിസ്ഗഢിലെ റായ്പൂരിൽ നടന്ന നാലുനാൾ നീണ്ട സമ്മേളനം പിരിഞ്ഞത് അടുത്ത തെരഞ്ഞെടുപ്പിന് തയ്യാറെടുത്ത് തന്നെയാണ് .
138 വയസെങ്കിലും പ്രായമുള്ള ഇന്ത്യൻ നാഷനൽ കോൺഗ്രസ് പ്രായാധിക്യത്തിന്റെ അവശതകൾ പലപ്പോഴും കാണിക്കുന്നുവെങ്കിലും ചരിത്രത്തിന്റെ പ്രത്യേക ഘട്ടങ്ങളിൽ തങ്ങളുടെ ദൗത്യം മറക്കാറില്ലെന്നത് പ്രതീക്ഷ നൽകുന്നു. ഭാരത് ജോഡോ യാത്രയ്ക്കു പിന്നാലെ റായ്പുരിൽ നടന്ന പ്ലീനറി സമ്മേളനവും പാർട്ടിയെ സ്നേഹിക്കുന്നവരിൽ ആവേശമായിട്ടുണ്ട്.
പ്ലീനറി സമ്മേളനത്തിൽ സംസാരിച്ച സോണിയ ഗാന്ധി പാർട്ടിക്ക് സംഭവിച്ച ഉയർച്ച താഴ്ചകളെ സൂചിപ്പിച്ചു . സമ്മേളനത്തിൽ അവതരിപ്പിക്കപ്പെട്ട 58 രാഷ്ട്രീയ പ്രമേയങ്ങൾ 2024ലെ പൊതുതെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് മത്സരമില്ലെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ വെല്ലുവിളിക്ക് മറുപടി നൽകുന്നതായി . ബി.ജെ.പിയുടെ വെല്ലുവിളി സ്വീകരിക്കുന്നുവെന്ന് സമ്മേളനം തുറന്നുപറഞ്ഞു.
രാഷ്ട്രീയ എതിരാളികളെ വാക്കുകൾ കൊണ്ട് നേരിടുന്നതിൽപതിവ് പോലെ മുന്നിൽ നിന്നു പ്ലീനറി സമ്മേളനത്തിൽ സംസാരിച്ച രാഹുൽ ഗാന്ധി . ഗൗതം അദാനിയും പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ഒന്നാണെന്ന് പറഞ്ഞ രാഹുൽ ഗാന്ധി അദാനിയെ അതിസമ്പന്നനാക്കിയത് കേന്ദ്ര സർക്കാരിന്റെ നയങ്ങളാണെന്ന് കുറ്റപ്പെടുത്തി.
തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് അധികാരത്തിലെത്തിയാൽ ആറു ലക്ഷം രൂപയിൽ താഴെ നിലവിലുള്ള കാർഷിക കടങ്ങൾ എഴുതിത്തള്ളും, കാർഷികോത്പന്നങ്ങളുടെ താങ്ങുവില 50 ശതമാനം വർധിപ്പിക്കും, റബറിന് 250 രൂപ ഉറപ്പാക്കും തുടങ്ങി എഐസിസി അംഗീകരിച്ച പ്രമേയങ്ങളുണ്ടായി . ജാതി സെൻസസ് നടപ്പാക്കും, പിന്നാക്ക ക്ഷേമത്തിനായി ഒബിസി മന്ത്രാലയം രൂപീകരിക്കും, ജിഎസ്ടി ലളിതമാക്കും തുടങ്ങിയ പ്രഖ്യാപനങ്ങളും ഉണ്ടായി . തൊഴിലില്ലായ്മ, ദാരിദ്ര്യനിർമാർജനം, പണപ്പെരുപ്പം, സ്ത്രീശാക്തീകരണം, ദേശസുരക്ഷ തുടങ്ങിയ വിഷയങ്ങൾ ഉൾപ്പെടുത്തി വിഷൻ ഡോക്യുമെന്‍റ് പുറത്തിറക്കാനും പാർട്ടി ലക്ഷ്യമിടുന്നു .
ഭരണഘടന ഭേദഗതി ചെയ്ത് പാർട്ടി പദവികളിൽ അമ്പതു ശതമാനം പട്ടികജാതി/വർഗ/ന്യൂനപക്ഷവിഭാഗങ്ങൾക്കായി സംവരണം ചെയ്തതും, സംവരണം ചെയ്തതും അല്ലാത്തതുമായ എല്ലാ പദവികളിലും പാതി സ്ത്രീകൾക്കും യുവാക്കൾക്കുമായി നീക്കിവെച്ചതും സ്വാഗതാർഹമായി .
മറ്റു പ്രതിപക്ഷ പാർട്ടികൾക്കും രാജ്യത്തെ വോട്ടർമാർക്കും വ്യക്തമായ സന്ദേശങ്ങൾ കൈമാറുന്ന പ്രഖ്യാപനങ്ങളും സമ്മേളനത്തിൽ ഉണ്ടായെങ്കിലും ഉൾപ്പാർട്ടി ജനാധിപത്യത്തിൽ തീർത്തും ഉൾവലിഞ്ഞ പാർട്ടിയെയാണ് റായ്പുരിൽ കണ്ടത് . പ്രവർത്തകസമിതിയിലേക്കുള്ള തെരഞ്ഞെടുപ്പ് പ്ലീനറി ഒഴിവാക്കിയത് സ്വന്തം പാർട്ടിയിൽ ജനാധിപത്യത്തെ അട്ടിമറിക്കുന്നു എന്ന വിമർശനങ്ങൾക്ക് ആക്കം കൂട്ടുന്നതായി .
പാർട്ടിക്കുള്ളിലെ പ്രതിസന്ധികൾ പരിഹരിക്കാനും പ്രതിപക്ഷത്തെ ഒന്നിപ്പിച്ച് നിർത്താനുംകഴിഞ്ഞാൽ അടുത്ത തെരഞ്ഞെടുപ്പിൽ മോദിയെ വിജയകരമായി നേരിടാനാകും .മമതാ ബാനർജി, അരവിന്ദ് കേജരിവാൾ, കെ. ചന്ദ്രശേഖര് റാവു എന്നിവരൊക്കെ പ്രധാനമന്ത്രി കസേര പണ്ടേ നോക്കി വച്ചിരിക്കുന്നവരാണ് എന്നതിനാൽ പ്രതിപക്ഷത്തെ ഒന്നിപ്പിക്കുന്നതും എളുപ്പമല്ല. രാഹുൽ ഗാന്ധി നയിക്കുന്ന ജോഡോ യാത്രയുടെ രണ്ടാം ഘട്ടം അവസാനിക്കും മുമ്പ് അതൊക്കെ പരിഹരിച്ചാൽ നഷ്ടപ്രതാപം വീണ്ടെടുക്കാൻ പാർട്ടിക്ക് സാധിക്കുമെന്നതിൽ സംശയമില്ല .
കൈകൾ കോർത്തു മുന്നോട്ട് (ഹാഥ് സേ ഹാഥ് ജോഡോ) എന്നാണ് കോൺഗ്രസ്സിന്റെ പുതിയ മുദ്രാവാക്യം. പ്രയോഗത്തിൽ വരുത്താനായാൽ കോൺഗ്രസിന് ഇനിയും അങ്കത്തിന് സാധിക്കുമെന്നത് പ്രതീക്ഷ നൽകുന്നു.