ഇബോള: ആഫ്രിക്കൻ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യരുത്; കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കർശന മുന്നറിയിപ്പ്

May 24, 2026 - 14:18
May 24, 2026 - 14:58
 0  7
ഇബോള: ആഫ്രിക്കൻ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യരുത്; കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കർശന മുന്നറിയിപ്പ്

മധ്യ-കിഴക്കൻ ആഫ്രിക്കൻ രാജ്യങ്ങളിൽ മാരകമായ ഇബോള വൈറസ് ബാധ അതിവേഗം പടരുന്ന സാഹചര്യത്തിൽ പൗരന്മാർക്ക് കർശന യാത്രാ നിർദ്ദേശവുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, ഉഗാണ്ട, ദക്ഷിണ സുഡാൻ എന്നീ രാജ്യങ്ങളിലേക്കുള്ള അനിവാര്യമല്ലാത്ത എല്ലാ യാത്രകളും ഇന്ത്യൻ പൗരന്മാർ പൂർണ്ണമായും ഒഴിവാക്കണമെന്ന് കേന്ദ്ര സർക്കാർ ഞായറാഴ്ച (മെയ് 24) പുറപ്പെടുവിച്ച പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

 ലോകാരോഗ്യ സംഘടന ഇബോള വ്യാപനത്തെ ‘അന്താരാഷ്ട്ര ആശങ്കയുള്ള പൊതുജനാരോഗ്യ അടിയന്തരാവസ്ഥ’ ആയി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഇന്ത്യയുടെ അടിയന്തര നടപടി.

ആഫ്രിക്കയിൽ നിലവിൽ പടർന്നുപിടിക്കുന്നത് ഇബോളയുടെ ഏറ്റവും അപകടകരവും അപൂർവ്വവുമായ ‘ബുണ്ടിബുഗ്യോ’ എന്ന വകഭേദമാണ്. നിലവിൽ ഈ വൈറസ് ബാധയ്ക്ക് കൃത്യമായ വാക്സിനുകളോ പ്രത്യേക ചികിത്സകളോ ലഭ്യമല്ല എന്നത് ഭീതി വർദ്ധിപ്പിക്കുന്നു. കോംഗോയിൽ മാത്രം ഇതുവരെ 746 സംശയാസ്പദമായ കേസുകളും 176 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അയൽരാജ്യങ്ങളായ ഉഗാണ്ടയിലേക്കും ദക്ഷിണ സുഡാനിലേക്കും രോഗം പടരാൻ സാധ്യതയേറെയാണെന്നാണ് ആഫ്രിക്കൻ ആരോഗ്യ സംഘടനകളുടെ വിലയിരുത്തൽ.

അതേസമയം, ഇന്ത്യയിൽ ഇതുവരെ ഇബോളയുടെ ബുണ്ടിബുഗ്യോ വകഭേദം ഒന്നുപോലും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. എങ്കിലും മുൻകരുതലിന്റെ ഭാഗമായി വിമാനത്താവളങ്ങളിലും അതിർത്തികളിലും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.