സി.പി.ഐ.എം സംസ്ഥാന കമ്മിറ്റി ബഹുജന റാലി; കോഴിക്കോട് നഗരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം

Sep 15, 2026 - 05:38
 0  2
സി.പി.ഐ.എം സംസ്ഥാന കമ്മിറ്റി ബഹുജന റാലി; കോഴിക്കോട് നഗരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം

കോഴിക്കോട്: സി.പി.ഐ.എം വിപുലീകൃത സംസ്ഥാന കമ്മിറ്റിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന ബഹുജന റാലിയുടെ പശ്ചാത്തലത്തിൽ കോഴിക്കോട് നഗരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. വൈകുന്നേരം 3 മണി മുതൽ രാത്രി 10 മണി വരെയാണ് സിറ്റി പോലീസ് കമ്മീഷണർ ഗതാഗത ക്രമീകരണങ്ങൾ പ്രഖ്യാപിച്ചിരിക്കുന്നത്. പൊതുപരിപാടി നടക്കുന്ന ബീച്ച് റോഡ് ഭാഗത്തേക്ക് വൈകിട്ട് 3 മണി മുതൽ വാഹനങ്ങൾക്ക് പ്രവേശനം ഉണ്ടാകില്ല.

എലത്തൂര്‍ ഭാഗത്തുനിന്നും വരുന്ന വാഹനങ്ങള്‍ പുതിയാപ്പ-ഭട്ട് റോഡ് വഴി ഗാന്ധി റോഡ് ജംഗ്ഷനിൽ ആളെ ഇറക്കി ഭട്ട് റോഡ് ബീച്ച് റോഡരികിൽ പാർക്ക് ചെയ്യണം. പേരാമ്പ്ര, ബാലുശ്ശേരി, താമരശ്ശേരി, കുന്ദമംഗലം തിരുവമ്പാടി, കക്കോടി എന്നീ ഭാഗങ്ങളില്‍ നിന്ന് വരുന്ന വാഹനങ്ങള്‍ ക്രിസ്ത്യൻ കോളേജ് ജംഗ്ഷൻ വഴി ഫ്ലൈഓവറിന് സമീപം ആളെ ഇറക്കി സരോവരം ട്രേഡ് സെന്ററിന് സമീപമുള്ള മൈതാനത്ത് പാർക്ക് ചെയ്യണം. ഫറോക്ക്, രാമനാട്ടുകര, ബേപ്പൂർ എന്നീ ഭാഗങ്ങളില്‍ നിന്ന് വരുന്ന വാഹനങ്ങള്‍ പുഷ്പ ജംഗ്ഷൻ – എ.കെ.ജി ഫ്ലൈഓവർ വഴി സീ ക്വീൻ ഹോട്ടലിന് സമീപം ആളെ ഇറക്കി കോതി സൗത്ത് ബീച്ചിൽ പാർക്ക് ചെയ്യേണ്ടതാണ്.

നഗരത്തിലെ പ്രധാന റോഡുകളിൽ റോഡരികിലെ പാർക്കിംഗ് പൂർണ്ണമായും നിരോധിച്ചിട്ടുണ്ട്. റെയിൽവേ സ്റ്റേഷൻ, എയർപോർട്ട് എന്നിവിടങ്ങളിലേക്ക് പോകുന്ന യാത്രക്കാർ യാത്രാസമയം കണക്കിലെടുത്ത് നേരത്തെ ഇറങ്ങണമെന്ന് പോലീസ് അറിയിച്ചു. അടിയന്തിര സഹായങ്ങൾക്ക് 0495 2721017, 9497975656 എന്നീ പോലീസ് ഹെൽപ്പ് ലൈൻ നമ്പറുകളിൽ ബന്ധപ്പെടാം.