ലിമ വേൾഡ് ലൈബ്രറി സാഹിത്യ സംഗമം 2026..ഒരവലോകനം

Jun 19, 2026 - 20:21
 0  4
ലിമ വേൾഡ് ലൈബ്രറി സാഹിത്യ സംഗമം 2026..ഒരവലോകനം
 
Mary Alex (മണിയ)
 ലോകമെങ്ങുമുള്ള മലയാളി സാഹിത്യ പ്രതിഭകളുടെ സാഹിത്യ കൂട്ടായ്‌മയായ ലിമ വേൾഡ് ലൈബ്രറി സാഹിത്യ ഓൺലൈൻ (ലണ്ടൻ ഇന്റർനാഷണൽ മലയാളം ഓഥെഴ്‌സ്) കോട്ടയം പ്രസ്സ് ക്ലബ്ബിൽ മെയ് 23, 2026 നു പ്രമുഖ സാഹിത്യകരനും ലിമ വേൾഡ് ലൈബ്രറി ചീഫ് എഡിറ്ററുമായ ശ്രീ. കാരൂർ സോമന്റെ അദ്ധ്യക്ഷതയിൽ കേരള നിയമസഭ സ്പീക്കർ ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം നിർവഹിച്ചു. 

 
പ്രശസ്ത ഗായികയും പ്രോഗ്രാം കോർഡിനേറ്ററുമായ ശ്രീമതി റാണി വിനോദിന്റെ ഈശ്വര പ്രാർത്ഥനയോടെ ആരംഭിച്ച സാഹിത്യ സംഗമം ലിമ വേൾഡ് ലൈബ്രറി ഏഷ്യൻ കോർഡിനേറ്റർ ശ്രീമതി മിനി സുരേഷ് ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നെത്തിയവരെ സ്വാഗതം ചെയ്തു. മുൻ കേരള ബാല സാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. പോൾ മണലിൽ മുഖ്യ പ്രഭാഷണവും, പ്രമുഖ ബാല സാഹിത്യകാരൻ ശ്രീ. കിളിരുർ രാധാകൃഷ്ണൻ, പ്രമുഖ എഴുത്തുകാരൻ ശ്രീ. സനിൽ പി. തോമസ്, പ്രമുഖ എഴുത്തുകാരി ഡോ. ആനിയമ്മ ജോസഫ്, ശ്രീമതി സിജിത അനിൽ, മുൻ കവിമൊഴി മാസിക എഡിറ്റർ ശ്രീ. ബാലകൃഷ്ണൻ അമ്പലപ്പാട്ട് തുടങ്ങിയവർ ആശംസകൾ നേർന്നു.
      അദ്ധ്യക്ഷ പ്രസംഗത്തിൽ ശ്രീ കാരൂർ ചോദിച്ചു. സമൂഹത്തിന്റെ ഹൃദയ സ്പന്ദനമറിയാത്തവർ എങ്ങനെ എഴുത്തുകാരാകുന്നു. രാഷ്ട്രീയ പാർട്ടികൾക്ക് വിധേയരായി എഴുത്തുകാർ എന്തു കൊണ്ട് മാറുന്നു?പ്രവാസി എഴുത്തുകാരോടുള്ള അവഗണന എന്നാണ് അവസാനിക്കുന്നത്? ഉദ്ഘാടന പ്രസംഗത്തിൽ സ്പീക്കർ വായനയുള്ള ഒരു സമൂഹം വളർന്നു വരാതെ വളരില്ലെന്നും ലിമ ലൈബ്രറി ലോകമെങ്ങുമുള്ള എഴുത്തുകാർക്കും വായനക്കാർ  ക്കും ഉത്തേജനം പകരട്ടെയെന്നും ആശംസിച്ചു. ലിമ വേൾഡ് ലൈബ്രറിക്ക് വേണ്ടി ഡോ. പോൾ മണലിൽ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണനെ പൊന്നാടയണിയിച്ചാദരിച്ചു. സ്പീക്കർ ശ്രീ. കിളിരുർ രാധാകൃഷ്ണനെയും ശ്രീ. കാരൂർ സോമനയും പൊന്നാടയണിയിച്ചാദരിച്ചു.

 
തുടർന്ന് വർഷങ്ങളായി ലിമ ഗ്രൂപ്പിൽ എഴുതുകയും ഗ്രൂപ്പിനെ സ്തുത്യർഹമായ വിധത്തിൽ നയിച്ചു കൊണ്ടു പോകയും ചെയ്യുന്ന ലിമയുടെ അഡ്മിൻമാരെയും നല്ല രചനകൾ കാഴ്ച വച്ച് ലിമയെ  ധന്യമാക്കുന്ന ശ്രീമതി ശ്രീമിഥില എന്ന ശ്രീകുമാരിയേയും, ശ്രീമതി പ്രസന്ന നായരേയും,ശ്രീ തങ്കച്ചൻ ജോസഫിനേയും ശ്രീ ജഗദീശ് കരിമുളക്കലിനേയും ദിനം പ്രതി ഗാനമാലപിച്ചു സന്തോഷിപ്പിക്കുന്ന ശ്രീമതി റാണി വിനോദിനേയും ലിമയുടെ മൊമെന്റോ നൽകി സ്പീക്കർ ആദരിച്ചു.
ആദരവ് ഏറ്റുവാങ്ങിയ ഏവരും മൊമെന്റോ കയ്യിലേന്തിയും അല്ലാതെ കടന്നു വന്ന ലിമാംഗങ്ങൾ എല്ലാവരും തന്നെ ആ സന്തോഷനിമിഷത്തിന് വേണ്ട പ്രാധാന്യം നൽകി ഓർമ്മയിൽ നിലനിർത്താൻ വിശിഷ്ടാതിഥികളോടൊപ്പം സ്റ്റേജിൽ ഒരു ഫോട്ടോയ്ക് പോസ് ചെയ്തു. പലരോടും കുശലം പറഞ്ഞും ചിലർക്ക് ഹസ്തദാനം നൽകിയും സ്പീക്കർ വേദിയിൽ നിന്ന് യാത്ര പറഞ്ഞിറങ്ങി.

ലണ്ടൻ മലയാളി കൗൺസിലിന്റ 2025 ലേ കവിതാ പുരസ്കാരജേതാവ് ശ്രീ സുധാകരൻ ചന്തവിളക്ക് 25000 രൂപയും പ്രശസ്തി ഫലകവും ശ്രീ കാരൂർ സോമൻ സമ്മാനിച്ചു.
നോവലിനുള്ള പുരസ്‌കാരത്തിന് ശ്രീ സാബു ശങ്കറിന്റെ 'ഷെവലിയാർ ഹൗസിലെ കൊറോണ രാത്രി' എന്ന നോവൽ അർഹമായി. ഫിൽക്ക ഫിലിം ഫെസ്റ്റിവൽ നടക്കുന്ന സമയമായതിനാൽ ശ്രീ സാബു ശങ്കറിന്റ അവാർഡ് ദാനം പിറ്റേന്ന് തിരുവനന്തപുരത്തു നടക്കുന്ന ഒരു മീറ്റിംഗിലേക്കു മാറ്റി. ഒപ്പം ശ്രീ കാരൂരിന്റെ 'കാലം ചുംബിച്ച മാസിഡോണിയ 'എന്ന ഗ്രീസ് യാത്രാ വിവരണവും 'കണ്ടറിയാത്തവർ കൊണ്ടറിയും ' എന്ന ലേഖനവും ആ വേദിയിൽ പ്രകാശനം നടത്തുവാൻ തീരുമാനിക്കപ്പെട്ടു .
         ഇവിടെ നടന്ന പുസ്തക പ്രകാശനത്തിൽ ശ്രീ കാരൂർ സോമന്റെ 'കാലൊച്ചകൾ' എന്ന ലേഖനവും, 'കളിയുഗം','കാട്ടു ചിലന്തികൾ' എന്നീ രണ്ടു കഥാ സമാഹാരങ്ങളും, 'കാലമെഴുതിയ നക്ഷത്ര മിഴികൾ' എന്ന യാത്രാ വിവരണവും ശ്രീമതി ശ്രീകലാ മോഹൻദാസിന്റ് 'കുഞ്ഞോമനകൾ' എന്ന ബാലകഥകളും ഒപ്പം എന്റെ 'വർണ്ണങ്ങൾ വൈരുധ്യങ്ങൾ' എന്ന നോവലും വേദിയിലും സദസ്സിലുമുണ്ടായിരുന്ന പ്രശസ്ത വ്യക്തികളാൽ പ്രകാശനം ചെയ്യപ്പെട്ടു.
 
സംഗമത്തിന്റ തുടക്കത്തിൽ  ശ്രീമതി റാണി വിനോദും കാല യവനികക്കുള്ളിൽ മറഞ്ഞ മുൻ മുഖ്യമന്ത്രി ശ്രീ ഉമ്മൻ ചാണ്ടിയുടെ സന്തത സഹചാരിയും പ്രൈവറ്റ് സെക്രട്ടറിയും ആയിരുന്ന ഇപ്പോൾ സംഗീത ട്രൂപ്പ് മെമ്പർ കൂടിയായ സുരേന്ദ്രൻ പുതുപ്പള്ളിയും ചേർന്ന് ഗാനങ്ങൾ ആലപിക്കുകയും മീറ്റിംഗിന്റ് ഇടവേളകളിൽ ശ്രീമതി റാണി തന്നെ ഗാനങ്ങൾ ആലപിച്ചും  സദസ്സിനെ ഹരം കൊള്ളിച്ചു. അതേ പ്രകാരം പ്രൊഫസർ കവിതാ സംഗീത് ബാംഗ്ലൂർ, ശ്രീമതി പ്രസന്ന നായർ കോട്ടയം, ശ്രീ എം തങ്കച്ചൻ ജോസഫ് അങ്കമാലി, ജഗദീശ് കരിമുളയ്കൽ ആലപ്പുഴ, ശ്രീ സ്വരൂപ് ജിത്ത് കൊല്ലം എന്നീ ലിമാംഗങ്ങൾ സ്വന്തം കവിതകൾ ആലപിച്ച് സംഗമത്തിൽ കവിയരങ്ങു ഹൃദ്യമാക്കി. പുരസ്കാര ജേതാവായ ശ്രീ സുധാകരൻ ചന്തവിളയും മറുപടി പ്രസംഗത്തിൽ പുരസ്കാരാർഹമായ അദ്ദേഹത്തിന്റ 'ഏകാത്മകം' എന്ന പുസ്തകത്തിൽ നിന്ന് ഒരു കവിത ആലപിച്ച് പ്രസംഗം അവസാനിപ്പിച്ചു. 

സമയ പരിമിതി മൂലം ആദരവ് വാങ്ങിയവരും പുസ്തകങ്ങൾ പ്രകാശനം ചെയ്തവരും നന്ദിയും സ്നേഹവും പറഞ്ഞ് മറുപടി പ്രസംഗങ്ങൾ ഹൃസ്വമാക്കി.

അഡ്മിൻ ശ്രീ ജോൺസൻ ഇരിങ്ങോൾ ചുരുങ്ങിയ വാക്കുകളിൽ കൃതജ്ഞത പ്രകാശിപ്പിച്ചു.വേദിയിലെയും സദസ്സിലെയും എല്ലാവരും എഴുന്നേറ്റ് അറ്റൻഷൻ ആയി നിന്ന് ദേശീയഗാനം ആലപിച്ചു.

      ആതിഥേയരായ ശ്രീമതി മിനി സുരേഷ്, ശ്രീമതി റാണി വിനോദ് എന്നിവർ പ്രോഗ്രാം കോർഡിനേറ്റർ
മാരായി ദിവസങ്ങളോളം ഓടിയും നടന്നും പ്രവർത്തിച്ച്, പോൾ മണലിൽ സാർ പറഞ്ഞതു പോലെ സംഗമം ഗംഭീരമാക്കിയത് അഭിനന്ദനം അർഹിക്കുന്നു.

 
ദുരത്തുനിന്നും ചാരത്തുനിന്നും വന്നു ചേർന്നവരിൽ പഴയതും പുതിയതുമായ  അംഗങ്ങൾ അവരുടെ കുടുംബാംഗങ്ങളേയും സുഹൃത്തുക്കളെയും കൊണ്ടുവന്ന ത് വളരെ സന്തോഷമായി. വിശിഷ്യ ശ്രീമതിമാരായ സിജിത അനിൽ, ലാലി രംഗനാഥ്, ശ്രീകല മോഹൻദാസ്, ശ്രീകുമാരി,പ്രസന്ന 
നായർ,റെണിത,ശ്രീ ജോൺസൻ ഇരിങ്ങോൾ, ശ്രീ തങ്കച്ചൻ ജോസഫ്, തുടങ്ങിയവരുടെ കുടുംബാംഗങ്ങളെയും പ്രോഫ് കവിതാ സംഗീത്,സ്വരൂപ് ജിത്ത്. ജഗദീശ് കരിമുളയ്ക്ൽ,ശ്രീമതി ആലീസ് ജോമി,ശ്രീ ഗോപൻ അമ്പാട്ട്, ശ്രീ ഹരിയേറ്റുമാനൂരു, എന്നിവരെയും ശ്രീമതി മിനിയുടെ ക്ഷണപ്രകാരം എത്തിയ സുഹൃത്തുക്കൾ,അക്ഷരസ്ത്രീ ചീഫ് അഡ്മിൻ ഡോക്ടർ ആനിയുടെ ക്ഷണപ്രകാരം, യശ:ശരീരനായ ശ്രീ കാനം ഇ ജെ ഫിലിപ്പിന്റെ മകളും നമ്മുടെ ലിമ അംഗം സേബ ജോയിയുടെ ചേച്ചിയും എഴുത്തുകാരിയുമായ അക്ഷരസ്ത്രീ അംഗം ശ്രീമതി സോഫി ഐസക്ക്, റാണിയുടെ ക്ഷണപ്രകാരം വൈ ഡബ്ലിയു സി എ അംഗങ്ങൾ, പാട്ടുകാർ എല്ലാറ്റിനും ഉപരി കാരൂർ സാറിന്റെ സഹധർമിണി,  ഒപ്പം കടന്നു വന്ന ബന്ധു, എന്റെ ക്ഷണപ്രകാരം ബ്ലോക്ക്‌/ പഞ്ചായത്ത്‌ മെമ്പർമാരും സ്പീക്കർ രാധാകൃഷ്ണൻ സാറിന്റെ സുഹൃത്തുക്കളുമായ  തിരുവഞ്ചൂർ ലൈബ്രറിയുടെ ഭാരവാഹികൾ ശ്രീ സാബു കോലത്ത്,ശ്രീ കെ സി ഐപ്പ് കിഴക്കനത്ത്,ഏറ്റുമാനൂർ കാവ്യ വേദി ചെയർമാൻ ശ്രീ ബ്രെസ്‌ലി ജോസും പത്നിയും, എന്റെ  ബന്ധുക്കൾ,ഏവരെയും പരസ്പരം കാണാനും പരിചയപ്പെടാനും സുഹൃത്ബന്ധം സ്ഥാപിക്കാനും സാധിച്ചു എന്നത് സന്തോഷമായി. 

       ലിമ ഒരുക്കിയ ചായ സൽക്കാരത്തിൽ പങ്കു ചേർന്ന് ഏവരും സന്തോഷം പ്രകടിപ്പിച്ച് ഇനിയും കാണാം എന്ന പ്രത്യാശയിൽ പിരിഞ്ഞു. ജർമനിയിൽ ജോസ് കുമാർ ചോലങ്കേരിയേപ്പോലെ ലോകത്തിന്റെ പല ഭാഗത്തുനിന്നും പലരും ഈ സംഗമത്തിൽ പങ്കെടുക്കാൻ ആവാത്തതിന്റ വിഷമം അറിയിച്ച് ആശംസകൾ നേർന്നു.
നമ്മുടെ അഷ്‌റഫ്‌ സാർ ഇതിൽ പങ്കെടുക്കാം എന്ന പ്രത്യാശയിൽത്തന്നെ നാട്ടിൽ എത്തിയിരുന്നു.എങ്കിലും ഉമ്മയുടെ അനാരോഗ്യം അതിനനുവദിച്ചില്ല. കഴിഞ്ഞദിവസം മരണ വിവരവും അറിഞ്ഞു. ആ ആത്മാവിന് നിത്യശാന്തി നേരുന്നു.എല്ലാറ്റിനും സഹകരിച്ച ഓരോരുത്തർക്കും നന്ദിയും സ്നേഹവും കരേറ്റുന്നു. പുരസ്‌കാരം ഏറ്റു വാങ്ങിയവരെ,  ആദരവ്‌ ലഭിച്ചവരെ,പുസ്തകം പ്രകാശനം ചെയ്തവരെ ഏവരെയും  ആത്മാർത്ഥമായി അഭിനന്ദിച്ചു  കൊണ്ട് നിർത്തട്ടെ.