ദ്വീപുകഥ : കവിത, ഡോ. അജയ് നാരായണൻ, Lesotho 

ദ്വീപുകഥ : കവിത, ഡോ. അജയ് നാരായണൻ, Lesotho 

 

പ്പലേറി കരയ്ക്കിറങ്ങണ 

ദ്വീപുവാസിയേയറിയുമോ നിങ്ങൾ!

ഒരു കൊച്ചുനക്ഷത്രമാവാം 

മലനാട്ടീന്നെന്നോ 

പുറപ്പെട്ടുപോയൊരരചന്റെ 

പിന്മുറക്കാരനാവാം 

മലയാണ്മ പാതിമുറിച്ചൊരു 

ഭാഷയിൽ 

സത്യം പിറന്നതാകാം 

കുന്നത്തുനാടിന്റെ 

പൊക്കിൾകൊടിയിലെ 

നാരിൽ വിരിഞ്ഞോരു 

പൗർണ്ണമിച്ചിന്തുമാകാം 

അവർ ദ്വീപിലെക്കുട്ടികൾ

വാനിലെയമ്പിളിമാമന്റെ 

വീട്ടിലെ പൈങ്കിളികൾ!

 

ലക്ഷദ്വീപിന്നൊരു 

മാർഗമാണവിടമൊരു 

വാഗ്ദത്ത ദ്വീപു പണിയണം 

പുത്തനായ് 

തീർക്കണം ലക്ഷനക്ഷത്രലോകം 

പൂന്തേനൊഴുക്കണം

പൂക്കൾ വിരിക്കണം 

‘അഭിമാനപൂരിത’മൊരു 

കാഷ്മീരമാകണം 

ഇനിയീ ലക്ഷദ്വീപിനൊരു 

നവനാമവുമേകണം 

 

നമുക്കിനിയും 

പുതുകവിത ചൊല്ലാനൊരു 

തൂലികയുമായി വരുന്നോരു 

ഭാരതഗാഥ 

ജീവനില്ലാത്തൊരു ഗാഥ

രചിക്കണം!

 

എങ്കിലും 

നെഞ്ചകം പൊള്ളുന്നൊരക്ഷരമാലയായ് 

ചോരയീ മണ്ണിലുറയും മുൻപേ 

ശ്വാസവിശ്വാസം നിലയ്ക്കും മുൻപേ 

ദ്വീപൊരു കടലിലും മുങ്ങാതെ 

നോക്കേണമേയെന്റെ 

മാമലനാട്ടിലെ ദൈവങ്ങളേ

ചേറളനാട്ടിലെ തമ്പ്രാക്കളേ…

 

ഡോ. അജയ് നാരായണൻ, Lesotho