ഡയാന രാജകുമാരിയുടെ നീല വസ്ത്രം വിറ്റുപോയത് ഒമ്പത് കോടിയ്ക്ക്!

ഡയാന രാജകുമാരിയുടെ നീല വസ്ത്രം വിറ്റുപോയത് ഒമ്പത് കോടിയ്ക്ക്!

വെയ്ല്‍സിന്‍റെ രാജകുമാരി ...ഡയാന ....ജീവിച്ചിരിക്കുമ്പോഴും മരണ  ശേഷവും  വാര്‍ത്തകളില്‍ നിറഞ്ഞുകൊണ്ടേയിരിക്കുന്ന ഡയാന. ലോകം ഇത്രയധികം സ്നേഹിച്ചൊരു രാജകുമാരി വേറെയുണ്ടാകില്ല.ഡയാനയുടെ സൗന്ദര്യവും ഫാഷനും പ്രണയവും സ്വകാര്യജീവിതവുമെല്ലാം പാപ്പരാസികള്‍ക്ക് വാര്‍ത്തയായിരുന്നു. ഡയാനയുടെ ഓര്‍മകള്‍ക്ക് ഇന്ന് കാല്‍നൂറ്റാണ്ട് തികഞ്ഞിരിക്കുന്നു.

ലോകമെമ്പാടുമുള്ളവര്‍ക്കിടയില്‍ അനശ്വരമായ ഓര്‍മയായി തുടരുകയാണ് ഡയാന രാജകുമാരി. മരണശേഷവും അത്രമേല്‍ സ്‌നേഹത്തോടെയാണ് എല്ലാവരും ഡയാന രാജകുമാരിയെ ഓര്‍ക്കുന്നത്. അത്രമേല്‍ സ്‌നേഹിക്കപ്പെട്ടിരുന്ന രാജകുമാരിയുടെ ഓര്‍മ സൂചകമായി അവര്‍ ഉപയോഗിച്ചിരുന്ന വസ്തുക്കള്‍ ലേലത്തിന് വയ്ക്കുമ്പോള്‍ വലിയ വിലയാണ് ലഭിക്കാറുള്ളത്. ( Princess Diana’s blue dress sold for nine crore )1985-ല്‍ ഡയാന രാജകുമാരി ധരിച്ച നീല നിറത്തിലുള്ള വെല്‍വെറ്റ് വസ്ത്രം ലേലത്തില്‍ വിറ്റുപോയത് 9 കോടി രൂപയ്ക്കാണ്. നീളത്തിലുള്ള പാവാടയും ബോയും അടങ്ങിയ ഈവനിങ് പാര്‍ട്ടി വസ്ത്രമാണ് ലേലത്തില്‍ വച്ചിരുന്നത്. കാലിഫോര്‍ണിയ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ജൂലിയന്‍സ് ലേലക്കമ്പനിയാണ് ലേലം സംഘടിപ്പിച്ചത്. ഡയാന രാജകുമാരി ധരിച്ചതില്‍ ഏറ്റവും ഉയര്‍ന്ന തുകയ്ക്ക് ലേലത്തില്‍ പോയ വസ്ത്രം എന്ന പ്രത്യേകതയും ഇതിനുണ്ട്.

എഡ്വേർഡ് ജോൺ സ്പെൻസറുടെയും ഫ്രാൻസസ് റൂത്ത് ബുർക് റോച്ചിയുടെയും മൂന്നാമത്തെ മകളായി 1961ലായിരുന്നു ​​ഡയാനയുടെ ജനനം. രാജകുടുംബവുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന ഒരു വലിയ കുടുംബത്തിലാണ് ഡയാന വളർന്നത്. 1969 ൽ ഡയാനയുടെ മാതാപിതാക്കൾ വേർപിരിഞ്ഞു.  മാതാപിതാക്കൾ രണ്ടുപേരും പിന്നീട് പുനർവിവാഹം ചെയ്തു. എന്നാൽ മാതാപിതാക്കളുടെ വേര്‍പിരിയല്‍ ഡയാനയെ മുറിവേല്‍പിച്ചു. ചാൾസ് രാജകുമാരനുമായുള്ള വിവാഹനിശ്ചയത്തോടെയാണ് ഡയാന പ്രശസ്തയാവുന്നത്. ചാൾസ് രാജകുമാരനുമായുള്ള വിവാഹശേഷം, ഡയാന വേൽസിലെ രാജകുമാരി എന്നാണ് അറിയപ്പെട്ടിരുന്നത്. ചാൾസ് രാജകുമാരനുമായുള്ള ദാമ്പത്യത്തിൽ ഡയാനക്ക് രണ്ട് കുട്ടികളുണ്ട്.