തൃശൂർ: തിരുവനന്തപുരം: 55ാ-മത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. ഭ്രമയുഗത്തിലെ കൊടുമൺ പോറ്റി എന്ന കഥാപാത്രത്തിലൂടെ മമ്മൂട്ടി മികച്ച നടനുള്ള പുരസ്കാരം നേടി. ഷംല ഹംസയാണ് മികച്ച നടി . ഫെമിനിച്ചി ഫാത്തിമയിലെ അഭിനയത്തിനാണ് പുരസ്കാരം.
ടൊവിനോ തോമസ്, അസിഫ് അലി, നടിമാരായ ജ്യോതിർമയി, ദർശന രാജേന്ദ്രൻ എന്നിവർ അഭിനയത്തിനുള്ള പ്രത്യേക ജൂറി പുരസ്കാരം കരസ്ഥമാക്കി. മഞ്ഞുമ്മൽ ബോയ്സാണ് മികച്ച ചിത്രം. മികച്ച ജനപ്രിയ ചിത്രത്തിനുള്ള പുരസ്കാരം പ്രേമലു സ്വന്തമാക്കി.
പുരസ്‌കാര പ്രഖ്യാപനം തൃശൂർ രാമനിലയത്തിൽവച്ച് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാനാണ് നടത്തിയത്. ജൂറി അധ്യക്ഷൻ പ്രകാശ് രാജ്, ചലച്ചിത്ര അക്കാദമി ചെയർമാൻ റസൂൽ പൂക്കുട്ടി തുടങ്ങി ചലച്ചിത്ര മേഖലയിലെ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു. നടൻ ടൊവിനോ തോമസിന് മികച്ച നടനുള്ള പ്രത്യേക ജൂറി പുരസ്‌കാരം ലഭിച്ചു.
നേട്ടങ്ങൾ വാരിക്കൂട്ടി 'മഞ്ഞുമ്മൽ ബോയ്‌സ്'
'മഞ്ഞുമ്മൽ ബോയ്‌സ്' ചിത്രം 10 അവാർഡുകൾ വാരിക്കൂട്ടി ശ്രദ്ധേയമായ നേട്ടം കൈവരിച്ചു. മികച്ച ചിത്രം, മികച്ച സംവിധായകൻ, മികച്ച തിരക്കഥ ഉൾപ്പെടെയുള്ള പ്രധാന പുരസ്‌കാരങ്ങളാണ് ചിത്രം നേടിയത്. 'മഞ്ഞുമ്മൽ ബോയ്‌സിൻ്റെ സംവിധായകൻ ചിദംബരം മികച്ച സംവിധായകനായും തെരഞ്ഞെടുക്കപ്പെട്ടു.
മികച്ച ഛായാഗ്രാഹകൻ ഷൈജു ഖാലിദ്, ശബ്ദരൂപകല്പന ഷിജിൻ മെൽവിൻ, അഭിഷേക്, കലാസംവിധാനം അജയൻ ചാലിശ്ശേരി, ഗാനരചയിതാവ് വേടൻ ('കുതന്ത്രം' എന്ന ഗാനം) എന്നിവരും 'മഞ്ഞുമ്മൽ ബോയ്‌സ്' എന്ന ചിത്രത്തിലൂടെ പുരസ്‌കാരങ്ങൾ നേടി. ഏറ്റവും കൂടുതൽ ജനപ്രീതിയും കലാമേൻമയുമുള്ള ചിത്രമായും 'മഞ്ഞുമ്മൽ ബോയ്‌സ്' തെരഞ്ഞെടുക്കപ്പെട്ടു.