കോഫി ഹൗസും, ചിക്കൻ കട് ലെറ്റും : ഓർമ;ഓമന ജോൺ

കോഫി ഹൗസും, ചിക്കൻ കട് ലെറ്റും : ഓർമ;ഓമന ജോൺ

ഹൈസ്‌കൂളിൽ പഠിക്കുന്ന കാലത്താണ് അന്നമ്മ ജോസഫ് എന്ന ലില്ലിക്കുട്ടി  എന്റെ സുഹൃത്താകുന്നത്.  പിന്നീട്  ഞങ്ങളുടെ  സൗഹൃദം  വളരുകയും,  ലില്ലിക്കുട്ടിയുടെ  ചേച്ചിയുടെയും,
എന്റെ അമ്മയുടെ ഒരു സഹോദരന്റെയും  വിവാഹത്തിൽ  എത്തുകയും  ചെയ്തു.  അതോടെ,  ഞങ്ങൾ കൂട്ടുകാർ  മാത്രമല്ലാ,  ബന്ധുക്കളും ആയിത്തീർന്നു.

കോളേജ് പഠനം തുടങ്ങിയ  കാലത്തെ കാര്യമാണ് പറഞ്ഞുവരുന്നത്.  സെന്റ്  ജോസഫ്സ്  കോളേജ്,  ആലപ്പുഴയിലാണ് ഞങ്ങളന്ന്.  ഒരിക്കൽ  ഞങ്ങൾ  രണ്ടുപേർക്കും  വീട്ടുകാർ അറിയാതെ  ഇന്ത്യൻ കോഫിഹൗസിൽ പോയി എന്തെങ്കിലും  കഴിക്കണന്ന്  ഒരാഗ്രഹം തോന്നി.  വീട്ടിൽ പറഞ്ഞാൽ  കൊണ്ടുപോകാം എന്നു പറയും.  പക്ഷെ, കൂട്ടുകാരോടൊപ്പം  ഇരുന്ന്, വർത്തമാനമൊക്കെ  പറഞ്ഞു, രസിച്ചു കഴിക്കുന്നതിന്റെ  ഒരു സുഖം  കിട്ടില്ലല്ലോ.

സാമ്പത്തികം  ഒരു വലിയ പ്രശ്നമായി രണ്ടു പേരുടെയും  മുന്നിൽ നിന്നു.   എല്ലാ മാസവും  എന്റെ ആവശ്യങ്ങൾക്കായി അല്പം  പോക്കറ്റ് മണി  അമ്മ തരും.  അത്  ചിലപ്പോൾ പെട്ടന്നങ്ങു   തീരും.   വളരെ ആലോചിച്ചു കഴിഞ്ഞപ്പോൾ   ഒരു വഴി മുന്നിൽ തുറന്നു. അമ്മയറിയാതെ, അമ്മയുടെ  കൈവശം നിന്നും  അല്പം  പണം  ഞാൻ ചോർത്തി. 

അങ്ങനെ  ഒരു ദിവസം രാവിലെ ഞാനും ലില്ലിക്കുട്ടിയും കോഫീ  ഹൗസിൽ എത്തി. മുല്ലക്കൽ അമ്പലത്തിന്റെ  നേരെ എതിർവശത്താണ്  അന്ന്  കോഫീ  ഹൗസ്. ഞങ്ങൾ  നേരെ ഫാമിലി റൂമിൽ കയറി.   ഒരു ടേബിളിന്റെ അപ്പുറവും ഇപ്പുറവും  ആയി ഇരുന്നു. ഞങ്ങളെ കൂടാതെ ഒരു കുടുംബവും  ആ സമയം  അവിടെ ഉണ്ട്. ചട്ടയും മുണ്ടും നേര്യതും  ധരിച്ച,  പ്രായമുള്ള,  സുന്ദരിയായ  ഒരു അമ്മച്ചി.  കൂടെ, മകന്റെ കുടുംബമാണോ.. മകളുടെ കുടുംബമാണോ  എന്നറിയില്ല,  ചെറുപ്പക്കാരായ ദമ്പതികളും  രണ്ടുമൂന്നു കുട്ടികളും ഉണ്ട്.

ലില്ലിക്കുട്ടി  ഇരിക്കുന്ന   കസേരയുടെ പുറകിലായിട്ടാണ് അമ്മച്ചിയും കുടുംബവും.  ഞാൻ ഇരിക്കുന്നതിന്റെ നേരെ എതിർവശത്തും.  അമ്മച്ചിയുടെ നോട്ടം മുഴുവൻ ഞങ്ങളിലാണ്.  ആ നോട്ടത്തിൽ എനിക്കൊരു പന്തികേട് ആദ്യം തോന്നി.  ഒന്നാമത്, വീട്ടുകാർ അറിയാതെയുള്ള  കാര്യമാണ് ചെയ്യുന്നത്.  അമ്മച്ചിക്ക് ഞങ്ങളിൽ  എന്തെങ്കിലും  സംശയം  തോന്നിയിട്ടാണോ  ഞങ്ങളെ  ഇങ്ങനെ ശ്രദ്ധിക്കുന്നത്? 

"എടീ, ആ കിളവി നമ്മളെ തന്നെ നോക്കുകാ" - ലില്ലിക്കുട്ടിയോടു  ഞാൻ പറഞ്ഞു.

"നീ ശ്രദ്ധിക്കേണ്ട' - അവൾ കൂളാണ്‌.

അപ്പോഴേക്കും  കോഫീ ഹൗസിലെ  തൊപ്പിക്കാരൻ  ഞങ്ങളുടെ അടുത്ത്  ഓർഡർ എടുക്കാൻ  എത്തി.  നീളമുള്ള ബുക്കിലെ വിഭവങ്ങൾ  നോക്കിയിട്ടു  "ചിക്കൻ  കട്ലെറ്റ്"  മതിയെന്ന്  ഞങ്ങൾ  തീരുമാനിച്ചു.  തൊപ്പിക്കാരൻ പോയി.

എന്റെ നോട്ടം അറിയാതെ  അമ്മച്ചിയിൽ എത്തി.  അമ്മച്ചിയുടെ ചുണ്ടിൽ ഒരു പുഞ്ചിരി.  ഞാനും ചിരിച്ചു.  കാരണം,  അമ്മച്ചി സുന്ദരിയാണ്.  അല്പം കാശൊക്കെയുള്ള  കുടുംബത്തിലേയുമാണെന്ന്, അമ്മച്ചിയേയും മക്കളെയും കണ്ടാൽ അറിയാം. അമ്മച്ചി എന്തിനാണ്  ഞങ്ങളെ ഇങ്ങനെ ശ്രദ്ധിക്കുന്നത്?  അമ്മച്ചിയുടെ വീട്ടിൽ  കല്യാണം കഴിക്കാത്ത  സുന്ദരന്മാരായ  ആൺമക്കൾ  കാണുമോ?  ഞാനും ലില്ലിക്കുട്ടിയും  കാണാൻ തരക്കേടില്ലാത്ത കൂട്ടത്തിലാണ്.  ആരും മോശം പറയില്ലാ.  അമ്മച്ചി എന്നെ നോക്കി ചിരിക്കുമ്പോഴൊക്കെ  തിരികെ  ചിരിക്കാൻ ഞാനും തീരുമാനിച്ചു.  "പോയാൽ ഒരു ചിരി.  കിട്ടിയാൽ,  അമ്മച്ചിയുടെ സുന്ദരനായ  മോന്റെ  കയ്യും പിടിച്ചു,  വലതു കാൽ  വെച്ചു  ആ കുടുബത്തോട്ട്  കയറുക." - എന്റെ ചിന്തകൾ  പൂത്തുലഞ്ഞു.  ഒന്നു രണ്ടുവട്ടം ഞാൻ അമ്മച്ചിയെ നോക്കി ചിരിച്ചു. 

അങ്ങനെ ഇരിക്കുമ്പോഴാണ്  മൂന്നാലു  യുവാക്കൾ  അവിടെ എത്തുന്നത്.  രണ്ടു പെൺകുട്ടികൾ  തനിച്ചിരിക്കുന്നതു  കണ്ടിട്ടാവണം  അവന്മാർ  ഫാമിലി റൂമിൽ കയറിയത്. ഉച്ചത്തിൽ എന്തൊക്കെയോ പറഞ്ഞു ചിരിച്ചാണ് അവരുടെ വരവ് . 

ഒരു വശത്തു ഞങ്ങളെ ശ്രദ്ധിച്ചു കൊണ്ട്  അമ്മച്ചി.  മറ്റൊരു സൈഡിൽ   യുവസുന്ദരന്മാർ. 

"പരിസരം, എത്ര സുഖകരം" - അറിയാതെ ഞാൻ മൂളി.

ഇടക്കിടെ  ഞാൻ കോഫീ  ഹൗസിൽ  കയറി വരുന്ന ആൾക്കാരെ അവിടെ ഇരുന്നു  ശ്രദ്ധിക്കുന്നുമുണ്ട്.  കാരണം,  എന്നെയും.. എന്റെ കുടുംബത്തെയും അറിയുന്ന ആരെങ്കിലും അവിടെ വരുന്നുണ്ടോ  എന്ന് നോക്കണം.  എന്റെ അപ്പൻ സ്ഥലത്ത് ഇല്ലെങ്കിലും,  അപ്പൻ ഏർപ്പാടാക്കിയ CIDകൾ  ആലപ്പുഴയിൽ ഉണ്ടെന്ന് എനിക്കറിയാം.  എന്നെ തനിച്ചു എവിടെയെങ്കിലും കണ്ടാൽ,  അപ്പന്  വിവരം  കിട്ടും.   അതുകൊണ്ട്  മനസ്സിൽ ലേശം അസ്വസ്ഥതയും ഇടയ്ക്കിടെ തോന്നുന്നുണ്ട്.

കട് ലെറ്റുമായി തൊപ്പിക്കാരൻ എത്തി.  വലിയ പ്ലേറ്റിൽ കട് ലെറ്റ്.  കൂടാതെ, പ്ലേറ്റിന്റെ  സൈഡിൽ,  കത്തിയും മുള്ളും.  ഈ ആയുധങ്ങൾ  കൈകാര്യം ചെയ്യാൻ  ഞങ്ങൾക്കു രണ്ടു പേർക്കും അറിയില്ല.

 ഞങ്ങൾ ആകെ പരുങ്ങലിലാണ്. എന്റെ മുഖം മ്ലാനമായി ,ചിരിക്കാനുള്ളഎന്റെ  ശ്രമം വൃഥാവിലാകുന്നത് അമ്മച്ചി തിരിച്ചറിയുന്നുണ്ടായിരുന്നു.

എതിർവശത്തിരുന്ന്  അമ്മച്ചി എന്നെ നോക്കി ചിരിക്കുന്നത് ഞാൻ ഒളികണ്ണിട്ടു കണ്ടു.  അമ്മച്ചിക്ക് കാര്യം മനസ്സിലായെന്നു  തോന്നുന്നു.  സൈഡിലുള്ള  യുവാക്കൾ  എന്തൊക്കെയോ പറഞ്ഞു ചിരിക്കുന്നു,  ഞങ്ങൾ അവരെ ശ്രദ്ധിക്കാതെ ഗൗരവത്തിലിരുന്നു .

എന്തു ചെയ്യണമെന്ന്  ഒരു എത്തും പിടിയും ഇല്ലാ.  കൈകൊണ്ട്  എടുത്തു  കഴിക്കാൻ  ഒരു നാണക്കേട്.  പല കണ്ണുകൾ  ഞങ്ങളെ  നിരീക്ഷിക്കുന്നുണ്ട്  എന്നതാണ്  കാരണം. 

"കൈകൊണ്ട് എടുത്തു  കഴിച്ചോ  മക്കളെ" - അമ്മച്ചിയുടെ  ശബ്ദം  ഞങ്ങൾ  കേട്ടു. 

പണ്ട് സീതാദേവി പ്രാർത്ഥിച്ചതു  പോലെ,  "കോഫീ ഹൗസിന്റെ തറ ഇളകി  ഞാനും  ലില്ലിക്കുട്ടിയും   കൂടി  അങ്ങു  കീഴോട്ടു പോയിരുന്നെങ്കിൽ" എന്ന്  ഞാനും ഒരു നിമിഷം  പ്രാർത്ഥിച്ചു. 

കത്തിയും മുള്ളും തെറ്റായി  ഉപയോഗിച്ച്  ചുറ്റുമിരിക്കുന്നവരുടെ പരിഹാസം കാണേണ്ടല്ലോ, അമ്മച്ചിയുടെ വാക്കുകൾ   അനുസരിക്കാൻ തന്നെ ഞങ്ങൾ  തീരുമാനിച്ചു.  കൈകൊണ്ട്  കട്ലെറ്റ് കഴിച്ചു,  വളരെ വേഗത്തിൽ.  എന്നിട്ട്  ആരെയും ശ്രദ്ധിക്കാതെ  ബില്ലിന്റെ  കാശും  കൊടുത്ത്  ഞങ്ങൾ  കോഫീ  ഹൗസ്  വിട്ടു. കൂട്ടുകാരിക്കൊപ്പം വർത്തമാനമൊക്കെ പറഞ്ഞു ആസ്വദിച്ച് കഴിക്കാൻ കയറിയ ഞങ്ങൾ ഒരുവിധേന അവിടെ നിന്ന് രക്ഷപെട്ടുവെന്ന് പറഞ്ഞാ മതിയല്ലോ.

ഇന്നും  കോഫീഹൗസിൽ  പോകുമ്പോൾ, ചിക്കൻ കട്ലറ്റ്  കഴിക്കുമ്പോൾ,  ഈ ഓർമ്മകൾ  മനസ്സിലേക്ക്  കടന്നു വരും.  പ്രത്യേകിച്ചും,  ഭക്ഷണത്തോടൊപ്പം  പ്ലേറ്റിൽ  ഫോർക്കും  ക്നൈഫും  കാണുമ്പോൾ. 

- ഓമന ജോൺ