മുംബൈയിൽ 1745 കോടിയുടെ ലഹരിവേട്ട; 349 കിലോ കൊക്കെയ്ൻ പിടികൂടി
മുംബൈയിൽ അന്താരാഷ്ട്ര മയക്കുമരുന്ന് മാഫിയയുടെ വലിയൊരു ശൃംഖലയെ തകർത്ത് നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ. 1745 കോടി രൂപ വിലമതിക്കുന്ന 349 കിലോ ഹൈ-ഗ്രേഡ് കൊക്കെയ്‌നാണ് എൻ.സി.ബി പിടിച്ചെടുത്തത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് വിവരം ഔദ്യോഗികമായി അറിയിച്ചത്.
വളരെ ചെറിയൊരു മയക്കുമരുന്ന് കടത്തിനെക്കുറിച്ച് ലഭിച്ച വിവരത്തിൽ നിന്ന് ആരംഭിച്ച്, താഴെത്തട്ടിൽ നിന്ന് മുകളിലേക്ക് നടത്തിയ ശാസ്ത്രീയമായ അന്വേഷണമാണ് ഇത്രയും വലിയ അന്താരാഷ്ട്ര റാക്കറ്റിനെ കുടുക്കാൻ സഹായിച്ചത്. ലഹരി മാഫിയാ ശൃംഖലയെ ക്രൂരമായി അടിച്ചമർത്താൻ പ്രതിജ്ഞാബദ്ധമാണെന്ന് അമിത് ഷാ ‘എക്സിൽ’കുറിച്ചു. ഈ സ്തുത്യർഹമായ നേട്ടത്തിന് അദ്ദേഹം എൻ.സി.ബി ഉദ്യോഗസ്ഥരെ അഭിനന്ദിച്ചു. സമീപകാലത്ത് ഇന്ത്യയിൽ നടക്കുന്ന ഏറ്റവും വലിയ ലഹരിവേട്ടകളിൽ ഒന്നാണിത്.