പൊതു പ്രവര്‍ത്തകന്‍ ഡിജോ കാപ്പന്‍ അന്തരിച്ചു
കൊച്ചി: പൊതു പ്രവര്‍ത്തകന്‍ ഡിജോ കാപ്പന്‍ (68) അന്തരിച്ചു. പാലായിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 2025 ഒക്ടോബറില്‍ തിരുവനന്തപുരത്ത് വച്ച് അദ്ദേഹത്തിന് ഒരു കാര്‍ അപകടത്തില്‍ പരിക്കേറ്റിരുന്നു. തുടർന്ന് മാസങ്ങളായി ചികിത്സയിലായിരുന്നു. തിരുവനന്തപുരത്തെ ഫ്‌ളാറ്റിന്റെ മുകളിലത്തെ പാര്‍ക്കിംഗ് നിലയില്‍ നിന്നും കാര്‍ താഴേയ്ക്ക് ഇറക്കുന്നതിനിടെ ബ്രേക്ക് നഷ്ടപ്പെട്ടായിരുന്നു അപകടം ഉണ്ടായത്. ഭാര്യയും ഒപ്പമുണ്ടായിരുന്നു.
ഉപഭോക്തൃ കേന്ദ്രീകൃതമായ നിരവധി നിയമ പോരാട്ടങ്ങള്‍ക്ക് ഡിജോ കാപ്പന്‍ നേതൃത്വം നല്‍കിയിട്ടുണ്ട്. സെന്റര്‍ ഫോര്‍ കണ്‍സ്യൂമര്‍ എജ്യുക്കേഷന്‍ ട്രസ്റ്റി ആണ്. അഴിമതിക്കെതിരെയുള്ള പോരാട്ടങ്ങളിലും പൊതുജനപ്രശ്‌നങ്ങളിലും സജീവമായി ഇടപെട്ടയാളാണ് ഡിജോ കാപ്പൻ. ഉപഭോക്തൃ നിയമങ്ങളെക്കുറിച്ച് സാധാരണക്കാര്‍ക്ക് അറിവ് നല്‍കുന്നതിലും അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിലും ശ്രദ്ധേയനായ വ്യക്തിയാണ്. തുടർന്ന് സെന്‍റർ ഫോർ കണ്‍സ്യൂമർ എഡ്യൂക്കേഷൻ സ്ഥാപിച്ചു.
മാധ്യമ സ്ഥാപനങ്ങളിലെ സ്ഥിരം സാന്നിധ്യമായിരുന്നു അദ്ദേഹം. കേരള കോണ്‍ഗ്രസിലൂടെയാണ് രാഷ്ട്രീയ രംഗത്തേക്കിറങ്ങുന്നത്. 1998ല്‍ സജീവ രാഷ്ട്രീയം ഉപേക്ഷിക്കുകയായിരുന്നു.