പേട്രിയറ്റ് അഡ്വാന്‍സ് ബുക്കിങ് ആരംഭിച്ചു; ബുക്ക് മൈ ഷോയില്‍ ട്രെന്‍ഡിങ്! വിദേശത്തും വമ്പന്‍ പ്രതികരണം
മലയാളക്കര ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് പേട്രിയറ്റ്. മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ നീണ്ട ഇടവേളയ്ക്ക് ശേഷം മലയാളത്തിന്‍റെ ഇതിഹാസ താരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിച്ചെത്തുന്നുവെന്നത് തന്നെയാണ് ഏറ്റവും വലിയ പ്രത്യേകത.
മെയ് 1 ന് ആഗോളതലത്തില്‍ റിലീസിന് എത്തുന്ന ഈ ചിത്രത്തിനായി വലിയ ആവേശത്തോടെയും ആകാംക്ഷയോടെയുമാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ഇന്ന് രാവിലെ ( ഏപ്രില്‍ 28 ചൊവ്വാഴ്‌ച) ഒന്‍പത് മണിയോടെ ആരംഭിച്ച അഡ്വാന്‍സ് ബുക്കിങ് ട്രെന്‍ഡിങ് ആയി മുന്നേറുകയാണ്. പ്രമുഖ ടിക്കറ്റ് ബുക്കിംഗ് ആപ്പായ ബുക്ക് മൈ ഷോയില്‍ ആദ്യ പത്ത് മിനുറ്റുകള്‍ക്കുള്ളില്‍ 10,000 ടിക്കറ്റുകളാണ് വിറ്റു തീര്‍ന്നത്.
നിലവില്‍ മണിക്കൂറില്‍ 12,000 ത്തിലധികം ടിക്കറ്റുകളാണ് ബുക്ക് മൈ ഷോ ആപ്പിലൂടെ വിറ്റുകൊണ്ടിരിക്കുന്നത്. ഇതിലൂടെ ചിത്രത്തിന്‍റെ ആദ്യ ബോക്‌സ് ഓഫിസ് കലക്ഷനും ട്രാക്കര്‍മാര്‍ പുറത്തുവിട്ടിട്ടുണ്ട്. കേരള ബോക്‌സ് ഓഫിസില്‍ നിന്നും വെറും 42 മിനുറ്റുകൊണ്ട് 50 ലക്ഷം രൂപയാണ് ചിത്രം മറികടന്നത്. ആദ്യ 45 മിനുറ്റിനുള്ളില്‍ 55.68 ലക്ഷത്തിലേക്കും കലക്ഷന്‍ എത്തി. 30,000 ടിക്കറ്റുകളാണ് ഞൊടിയിടയില്‍ വിറ്റഴിഞ്ഞത്.
കേരളത്തിൽ ബുക്കിംഗ് ആരംഭിക്കുന്നതിനു മുമ്പുതന്നെ, ചിത്രത്തിന്റെ വിദേശ വിൽപ്പന 200,000 ഡോളർ (1.8+ കോടി) കവിഞ്ഞു, ഇത് ശക്തമായ ആഗോള ഡിമാൻഡിനെ സൂചിപ്പിക്കുന്നു. ഇന്ത്യയ്ക്ക് പുറത്ത്, പ്രത്യേകിച്ച് ജിസിസി വിപണികളിൽ, ചിത്രത്തിന്റെ വ്യാപകമായ ആകർഷണം ഈ ആദ്യകാല സ്വീകാര്യത എടുത്തുകാണിക്കുന്നുമുണ്ട്. വിദേശത്ത് വലിയ കലക്ഷന്‍ നേടുമെന്ന് തന്നെയാണ് ട്രാക്കര്‍മാരുടെ കണക്കുക്കൂട്ടല്‍.
സിനിമാ പ്രേമികള്‍ ചിത്രത്തിന് എത്രത്തോളം അക്ഷമരായാണ് കാത്തിരിക്കുന്നതെന്ന് തന്നെയാണ് ഇതിലൂടെ വ്യക്തമാകുന്നത്. അതേസമയം മെയ് 1 ന് തിയേറ്ററുകളില്‍ എത്തുന്ന ഈ ചിത്രം റിലീസിനു മുന്‍പേ എത്ര നേടുമെന്നാണ് സിനിമാ പ്രേമികളും ട്രാക്കര്‍മാരും ഉറ്റുനോക്കുന്നത്.