ചുംബനം സ്വപ്നം കാണുന്ന മഞ്ജിമയുടെ മനസ്സിലെ പൂക്കാതുണങ്ങാൻ തുടങ്ങുന്ന മരങ്ങൾ : ബുക് റിവ്യൂ

Apr 28, 2026 - 14:27
Apr 28, 2026 - 14:59
 0  15
ചുംബനം സ്വപ്നം കാണുന്ന മഞ്ജിമയുടെ മനസ്സിലെ പൂക്കാതുണങ്ങാൻ തുടങ്ങുന്ന മരങ്ങൾ :  ബുക് റിവ്യൂ
കെ. ആർ . മോഹൻദാസ്
ഥയോ നോവലോ ലേഖനമോ എന്തു തന്നെയായാലും എം.ടിയുടേതല്ലെങ്കിൽ വായിക്കാന്‍ ഒരു മടി തോന്നുന്നതിനെക്കുറിച്ച്  എവിടയോ  വായിച്ചീട്ടുണ്ട്. ഇതു തന്നെയായിരുന്നു ഒരുകാലത്ത് എന്‍റെയും നിലപാട്, പിന്നീട്, ആ തീവ്രവാദ നിലപാടിനോട് വിടപറയുകയും വായനയുടെ വിശാലമായ വാതായനങ്ങള്‍ മലര്‍ക്കെത്തുറക്കുകയും ചെയ്തു.
മലയാള ചെറുകഥയിൽ പുതുവര്‍ണ്ണങ്ങളും ആഴവും പ്രത്യക്ഷപ്പെടുന്ന ഒരു കാലമാണിത്. കഥാരചന ഏറെ ഗൗരവമുള്ള ഒരു കര്‍മ്മമാണ് എന്ന് എഴുത്തുകാരും വായനക്കാരും ഒരുപോലെ വിശ്വസിക്കുന്നു. വൈവിധ്യങ്ങളും ആശയങ്ങളുടെ ദൃഢതയും ചെറുകഥയുടെ നട്ടെല്ലായി നിലകൊള്ളുന്നതിനാൽ നമ്മുടെ ചെറുകഥാസാഹിത്യം ഇന്ന് സജീവമായ ചർച്ചകള്‍ക്ക്  വിധേയവുമാണ്.
എഴുത്ത് എന്നത് ഒരു ആത്മാന്വേഷണയാത്രയാണ്. പറയാനാകാത്തത് പറയാനുള്ള ഒരു ധൈര്യം. മനസ്സിന്‍റെ ഇരുണ്ട കോണുകളിൽ മറഞ്ഞുകിടക്കുന്ന വികാരങ്ങളെ വെളിച്ചത്തിലേക്ക് കൊണ്ടുവരാനുള്ള ഒരു മാർഗം. അത് ചിലപ്പോൾ ഒരു ആശ്വാസം, ചിലപ്പോൾ ഒരു പ്രതികാരം, ചിലപ്പോൾ ഒരു പ്രാർത്ഥന.
ഒരു മനുഷ്യൻ ജീവിച്ചുപോയതിന്‍റെ തെളിവ് അവൻ ഉണ്ടാക്കിയ സ്മാരകങ്ങളല്ല; അവൻ എഴുതിവെച്ച സത്യങ്ങളാണ്. സ്വയം അടയാളപ്പെടുത്താനുള്ള ഏറ്റവും ശക്തമായ മഷി. 
അവതാരിക എഴുതിയ  ശത്രുഘ്നന്‍ കുറിച്ചതുപോലെ ഇത്രയുമൊക്കെ ഇപ്പോൾ തോന്നിയത് രാജു സമഞ്ജസ എന്ന എഴുത്തു കാരൻ്റെ കഥകളിലൂടെ കടന്നുപോയപ്പോഴാണ്.
അപ്രതീക്ഷിതമായാണ് രാജു സമഞ്ജസയുടെ ആനന്ദത്തിന്‍റെ രാസഘടന എന്‍റെ വായനയെ ജ്വലിപ്പിക്കുന്ന കനല്‍ത്തരികളായത്. ഈ കഥാസമാഹാരം വായിച്ചു തീർത്തത് എന്തൊക്കെ വികാരങ്ങളോടെയെന്ന് പറഞ്ഞറിയിക്കാനാവുന്നില്ല, അത്രത്തോളം മനസ്സിനെ പിടിച്ചുലച്ചു ഈ കഥകളുടെ  വായന.  
ആദ്യ പേജിൽ നിന്ന് അവസാന വരിയോളം, ഈ കഥാസമാഹാരം ഒരു വിചിത്രമായ അനുഭവയാത്രയിലേക്ക് കൊണ്ടുപോയി.
വായിച്ചു തീർന്നപ്പോൾ, മനസ്സിൽ നിറഞ്ഞുനിന്ന വികാരങ്ങളെ വാക്കുകളിൽ പകർത്തുക തന്നെ പ്രയാസമായി. ആഴങ്ങളിൽ സ്പർശിച്ച്, ചിന്തകളെ മഥിച്ച്, ഹൃദയത്തെ പിടിച്ചുലച്ച ഒരു വായനാനുഭവം—അതാണ് ഈ കൃതിയുമായി ഉണ്ടായത്. ഓരോ കഥയും ഒരു പ്രകാശജ്വാലയായി മനസ്സിൽ പതിഞ്ഞു, ഏറെ നേരം അതിന്‍റെ അനുരണനങ്ങൾ ഉള്ളിൽ മുഴങ്ങിക്കൊണ്ടിരുന്നു.
ആദ്യകഥയായ പാതിരാക്കുരിശിന്‍റെ ആദ്യവരികള്‍ തന്നെ ഞെട്ടിക്കുന്നതായിരുന്നു- അവൾ മുകളിലായിരുന്നു, അവൻ താഴെയും എന്നിങ്ങനെയുള്ള ചടുലമായ ആഖ്യാനശൈലിയിൽ കഥ പറയുകയാണ് രാജു.  ഒരു ഭ്രമാത്മക അന്തരീക്ഷമുണ്ട് കഥയിൽ അതിനാല്‍  ഒരു സാദാവെറും വായനകൊണ്ടൊന്നും കഥയുടെ ആത്മാവിനെ ഒന്നു തൊടാന്‍ പോലുമാവില്ല. പുനര്‍വായനയിലൂടെ അറിയേണ്ടപ്രഹേളികകളാണ് ഒരോ കഥയും.
ജീവിതവും മരണവും തമ്മിലുള്ള അതിര്‍ത്തി എവിടെയാണ് അവസാനിക്കുന്നതെന്ന് എപ്പോഴെങ്കിലും ചിന്തിച്ച് നോക്കിയിട്ടുണ്ടോ? ആനന്ദത്തിന്‍റെ രാസഘടന എന്ന രണ്ടാമത്തെ കഥയുടെ വായന ഈ വഴിക്കു ചിന്തിപ്പിച്ചപവെന്നു പറയാം.
പ്രസവസമയത്ത് ആശുപത്രിയിൽ വച്ച് മാറിപ്പോയ രണ്ട് കുഞ്ഞുങ്ങളുടെ കഥ- 'പൂക്കാതുണങ്ങാൻ തുടങ്ങുന്ന മരങ്ങൾ. റേബയുടെയും എയ്‌ഞ്ചലിൻ്റെയും കഥ വാസ്‌തവത്തിൽ അത് ആ രണ്ട് കുട്ടികളുടെ കഥയിൽനിന്ന് രണ്ട് കുടുംബങ്ങളുടെ കഥയിലേക്ക് വികസിക്കുമ്പോൾ കഥയ്ക്ക്  മറ്റൊരു മാനം കൈവരുന്നു. 
'ഇഴയടുപ്പങ്ങൾ' എന്നൊരു കഥ നോക്കുക. അതിസമർത്ഥമായി ഒരു ക്ലൈമാക്‌സിലേക്ക് കൊണ്ടുചെന്ന് എത്തിച്ച കഥ. മരിച്ചു പോയ അപ്പന്‍റെ അടക്കത്തിന് വന്ന മക്കൾ ചുമരിൽ തൂക്കിയ ഫോട്ടോ അന്വേഷിച്ച് ഹോം നഴ്സിന്‍റെ കൂരയിൽ എത്തുന്നുണ്ട്. അവിടെയാണ് അപ്രതീക്ഷിതമായ ഒരു കഥാവസാനം. ഇറയിൽ നിന്ന് വലിച്ചൂരിയ വാക്കത്തിയുടെ മൂർച്ചമുനയിൽ വിറച്ച് നിൽക്കുന്ന അമേരിക്കൻ മകൻ്റെ നില്‍ലുമുണ്ടൊരു കൗതുകം. മക്കൾ പോയപ്പോൾ ഫോട്ടോയിലെ ഒരു കൈക്ക് ജീവൻ വച്ചതും രസകരം.

സ്വപ്നങ്ങളുടെ പ്രിയ രാജകുമാരിയിലെ മഞ്ജിമ ഒരു ചുംബനം സ്വപ്നം കാണുന്ന കഥാപാത്രമാണ്. 
യെസ്. ഐ ഹാവ് എ ഡ്രീം. ഈ ആൾക്കൂട്ടത്തെ സാക്ഷി നിർത്തി, ഇതു കാണുന്ന ലോകത്തെ സാക്ഷി നിർത്താ എൻ്റെ ഭർത്താവിന് എനിക്കൊരുമ്മ കൊടുക്കണം എന്ന മോഹം പരസ്യമായി പ്രകടിപ്പിക്കുന്ന മഞ്ജിമയെ എങ്ങനെ മറക്കും?
രാജുവിൻ്റെ രചനാരീതിയുടെ പുതുമയെക്കുറിച്ച് അവതാരികകാരനായ ശത്രുഘ്നന്‍ പറയുന്നത് ശ്രദ്ധേയമാണ് - 'പാത്രം കൊട്ടിയ കൊറോണക്കാലം പോലെ', 'കിടുക്കാച്ചി കെമിസ്ട്രി, 'ഊമയായ അടിമയ്ക്ക് കിട്ടുന്ന നിധിപോലെ, 'ജിമിക്കിയിലെ മണിമുത്തുകൾ കുച്ചിപ്പുടി കളിച്ചു' എന്നൊക്കെയുള്ള രസകരമായ പ്രയോഗങ്ങൾ പല കഥകളിലായി കണ്ടുവെന്ന അദ്ദേഹത്തിന്‍റെ നിരീക്ഷണം സത്യസന്ധമാണ്.

'ദി ഗോഡ്, 'നൃത്തമാടാൻ ആഗ്രഹിക്കുന്ന മനുഷ്യത്വം', പാതിരാ കുരിശ് . ആനന്ദത്തിൻ്റെ രാസഘടന, പൂക്കാതുണങ്ങാൻ തുടങ്ങുന്ന മരങ്ങൾ നൃത്തമാടാൻ ആഗ്രഹിക്കുന്ന മനുഷ്യത്വം  കൊലുസ്സൊച്ചകൾ, രജസ്വല അന്നും ഇന്നും, സ്വപ്‌നങ്ങളുടെ പ്രിയ രാജകുമാരി, അങ്കലാപ്പിൻ ഗ്രാഫ്, വന്മരങ്ങൾ, മന:സാക്ഷിയും കാഴ്ച്‌ചപ്പാടും നേർക്കുനേർ , എൻ്റെ നായകൻ തുടങ്ങി  പതിനഞ്ച് കഥകളുണ്ട് ഈ സമാഹാരത്തിൽ. ഓരോ കഥയും വായനക്കാരനെ അവൻ കണ്ടതിലും ആഗ്രഹിച്ചതിലും അപ്പുറത്തുള്ള ഒരു ലോകത്തിലേക്ക് എത്തിക്കുന്നു.