പേടിഎം പേയ്‌മെന്റ് ബാങ്കിന്റെ ലൈസൻസ് റദ്ദാക്കി ആർബിഐ

Apr 24, 2026 - 15:50
 0  2
പേടിഎം പേയ്‌മെന്റ് ബാങ്കിന്റെ ലൈസൻസ് റദ്ദാക്കി ആർബിഐ

പേടിഎം പേയ്‌മെന്റ്‌സ് ബാങ്കിന്റെ ബാങ്കിംഗ് ലൈസൻസ് റദ്ദാക്കി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ). നിക്ഷേപകരുടെ താൽപ്പര്യങ്ങൾക്ക് ഹാനികരമായ രീതിയിലാണ് ബാങ്കിന്റെ പ്രവർത്തനമെന്നും, ലൈസൻസ് വ്യവസ്ഥകൾ പാലിക്കുന്നതിൽ സ്ഥാപനം പരാജയപ്പെട്ടുവെന്നും ആർബിഐ ഏ പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു. ഈ നടപടി ബാങ്കിന്റെ ഭാവി പ്രവർത്തനങ്ങളെ ഗുരുതരമായി ബാധിക്കും.

'1949-ലെ ബാങ്കിംഗ് റെഗുലേഷൻ ആക്ടിലെ സെക്ഷൻ 22(4) പ്രകാരം, 2026 ഏപ്രിൽ 24-ലെ ഉത്തരവിലൂടെ പേടിഎം പേയ്‌മെൻ്റ്‌സ് ബാങ്ക് ലിമിറ്റഡിന്റെ ബാങ്കിംഗ് ലൈസൻസ് ആർബിഐ റദ്ദാക്കി. 2026 ഏപ്രിൽ 24-ന് പ്രവർത്തനസമയം അവസാനിക്കുന്നതോടെ ഈ തീരുമാനം പ്രാബല്യത്തിൽ വരും. ഇതോടെ, ആക്ടിലെ സെക്ഷൻ 5(ബി) അല്ലെങ്കിൽ സെക്ഷൻ 6 പ്രകാരം നിർവചിച്ചിട്ടുള്ള ഒരു ബാങ്കിംഗ് ബിസിനസ്സും നടത്താൻ പേടിഎം പേയ്‌മെൻ്റ്‌സ് ബാങ്കിന് ഇനി അനുവാദമില്ല. ബാങ്കിന്റെ പ്രവർത്തനം അവസാനിപ്പിക്കാൻ ഹൈക്കോടതിയിൽ അപേക്ഷ നൽകും', ആർബിഐ പത്രക്കുറിപ്പിൽ വിശദീകരിച്ചു.

ബാങ്ക് മാനേജ്മെൻ്റിൻ്റെ പൊതുവായ സ്വഭാവം നിക്ഷേപകരുടെയും പൊതു താൽപ്പര്യങ്ങൾക്ക് എതിരായിരുന്നുവെന്നും ബാങ്കിനെ തുടർന്നു പ്രവർത്തിക്കാൻ അനുവദിക്കുന്നത് പൊതുതാൽപര്യങ്ങൾക്കോ മറ്റോ ഉപകരിക്കില്ലെന്നും ലൈസൻസ് വ്യവസ്ഥകൾ പൂർണ്ണമായി പാലിക്കുന്നതിൽ ബാങ്ക് പരാജയപ്പെട്ടുവെന്നും ആർബിഐ പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.