ന്യൂയോർക്ക് കേരളാ സമാജം പ്രവർത്തനോദ്‌ഘാടനവും ഈസ്റ്റർ-വിഷു ആഘോഷവും മെയ് 9-ന് എൽമോണ്ടിൽ;  ഡോ. രാജു നാരായണ സ്വാമി, ഐ.എ.എസ്  മുഖ്യാതിഥി

May 2, 2026 - 06:33
 0  6
ന്യൂയോർക്ക് കേരളാ സമാജം പ്രവർത്തനോദ്‌ഘാടനവും ഈസ്റ്റർ-വിഷു ആഘോഷവും മെയ് 9-ന് എൽമോണ്ടിൽ;  ഡോ. രാജു നാരായണ സ്വാമി, ഐ.എ.എസ്  മുഖ്യാതിഥി

 

മാത്യുക്കുട്ടി ഈശോ

ന്യൂയോർക്ക്: അമേരിക്കയിലെ ഏറ്റവും ആദ്യ സംഘടനയായ കേരളാ സമാജം ഓഫ് ഗ്രെയ്റ്റർ ന്യൂയോർക്കിൻറെ അൻപത്തിനാലാമതു വാർഷിക പ്രവർത്തനോദ്ഘാടനവും ഈസ്റ്റർ-വിഷു ആഘോഷവും മെയ് 9 ശനിയാഴ്ച്ച വൈകിട്ട് 6-ന് എൽമോണ്ടിലെ സെൻറ് വിൻസെൻറ് ഡീപോൾ മലങ്കര കത്തീഡ്രൽ ഓഡിറ്റോറിയത്തിൽ (1500 DePaul Street, Elmont, NY 11003)  നടത്തപ്പെടുന്നു. കേരളാ ഗവൺമെൻറ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. രാജു നാരായണ സ്വാമി-IAS, ചടങ്ങിൽ മുഖ്യാതിഥിയായിരിക്കും. ഉദ്‌ഘാടന ചടങ്ങുകൾ നടത്തുന്നതിനുള്ള ക്രമീകരണങ്ങൾ എല്ലാം പുരോഗമിച്ചു വരുന്നു എന്ന് സമാജം പ്രസിഡൻറ് ഹേമചന്ദ്രൻ ലോങ്ങ് ഐലൻഡിൽ പ്രസ്താവിച്ചു.

ചങ്ങനാശ്ശേരി സേക്രഡ് ഹാർട്ട് ഹൈസ്കൂളിൽ നിന്നും 1983-ൽ ഒന്നാം റാങ്കോടെ   SSLC  പരീക്ഷ പാസ്സായി, പിന്നീട് ചങ്ങനാശ്ശേരി S.B കോളേജിൽ നിന്നും പ്രീ ഡിഗ്രി പരീക്ഷയിൽ ഒന്നാംറാങ്ക് കരസ്ഥമാക്കി, മദ്രാസ് IIT -ൽ നിന്നും കമ്പ്യൂട്ടർ സയൻസ് എൻജിനീയറിങ്ങിൽ  വീണ്ടും ഒന്നാം റാങ്ക് നേടി, 1991-ൽ ഓൾ ഇന്ത്യ സിവിൽ സർവീസ് പരീക്ഷയിൽ അടുത്ത ഒന്നാംറാങ്കും കവർന്നെടുത്ത് കേരളാ ഗവണ്മെന്റിൽ പ്രിൻസിപ്പൽ സെക്രട്ടറിയായി സേവനം അനുഷ്ഠിക്കുന്ന അതുല്യ പ്രതിഭയാണ് സമാജത്തിന്റെ പരിപാടിയിൽ മുഖ്യാതിഥിയായി എത്തുന്ന ഡോ. രാജു നാരായണ സ്വാമി.  2011-ൽ അമൃത യൂണിവേഴ്സിറ്റിയിൽ നിന്ന്   പൊളിറ്റിക്കൽ സയൻസിലും 2022-ൽ ഗുജറാത്ത് നാഷണൽ ലോ യൂണിവേഴ്സിറ്റിയിൽ നിന്ന്  നിയമത്തിലും രണ്ട് Ph D  ഡോക്ടറേറ്റ് നേടിയ വ്യക്തിയാണ് ഡോ. രാജു സ്വാമി.  രാജ്യത്തെ കാർന്നു തിന്നുന്ന അഴിമതിക്കെതിരെ നിരന്തരം നിലപാടുകൾ കൈക്കൊള്ളുന്ന ഡോ. സ്വാമി രാഷ്ട്രീയ മേലാളന്മാരുടെ ഇൻഗിതം അനുസരിച്ച് പ്രവർത്തിക്കാത്തതിനാൽ 34 വർഷത്തെ സേവനത്തിനുള്ളിൽ 32 ട്രാൻസ്ഫറുകൾക്ക് ഇരയായി. തൃശൂർ, ഇടുക്കി എന്നീ ജില്ലകളിലെ കളക്ടർ എന്ന പദവിയിൽ അദ്ദേഹം വരുത്തിയ പരിഷ്‌കാരങ്ങൾ ഇന്നും ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ടവയാണ്.

കേരളാ സമാജത്തിന്റെ അൻപത്തിനാല് വർഷത്തെ പ്രവത്തനങ്ങളിൽ ചരിത്ര മുഹൂർത്തമായി മാറുന്ന ചടങ്ങാണ് ഈ വർഷം സംഘടിപ്പിക്കുന്ന പ്രവർത്തനോദ്‌ഘാടനവും ഈസ്റ്റർ-വിഷു ആഘോഷവും എന്ന്  സമാജം പ്രസിഡന്റും ലോങ്ങ് ഐലൻഡിലെ പ്രമുഖ വ്യാപാര  സ്ഥാപനമായ മഹാരാജാ സൂപ്പർമാർക്കറ്റിന്റെ  പാർട്ണറുമായ  ഹേമചന്ദ്രൻ പെരിയൽ ന്യൂഹൈഡ് പാർക്കിൽ പ്രസ്താവിച്ചു.  കേരളാ സമാജത്തിന്റെ പരിപാടിയിൽ പങ്കെടുക്കുന്നതിന് മാത്രമായി മൂന്നു ദിവസത്തേക്ക് ന്യൂയോർക്കിൽ എത്തിച്ചേരുന്ന ഡോ. രാജു നാരായണ സ്വാമിയുടെ മലയാള പ്രഭാഷണം ശ്രവിക്കുന്നതിനായി ധാരാളം പേർ ആകാംക്ഷാഭരിതരായി കാത്തിരിക്കുകയാണെന്ന് ഹേമചന്ദ്രൻ പ്രത്യാശ പ്രകടിപ്പിച്ചു.

പ്രസിഡന്റിന്റെ നേതൃത്വത്തിൽ വൈസ് പ്രസിഡൻറ് ഷാജി വർഗ്ഗീസ്, സെക്രട്ടറി മാത്യുക്കുട്ടി ഈശോ, ട്രഷറർ വിനോദ് കേയാർക്കേ, ജോയിൻറ് സെക്രട്ടറി ജോസി സ്കറിയ, ജോയിൻറ് ട്രഷറർ മാമ്മൻ എബ്രഹാം എന്നിവർ കാര്യപരിപാടി ക്രമീകരണങ്ങളിൽ ശ്രദ്ധ ചെലുത്തുന്നു.  ട്രസ്റ്റീ ബോർഡ് ചെയർമാൻ വർഗ്ഗീസ് കെ. ജോസഫ്,  ട്രസ്റ്റീ ബോർഡ് അംഗംങ്ങളായ പോൾ പി ജോസ്, ഫിലിപ്പോസ് കെ ജോസഫ്, സിബി ഡേവിഡ്, സജി എബ്രഹാം എന്നിവർ പരിപാടിയുടെ വൻ വിജയത്തിനായി പ്രവർത്തിക്കുന്നു. മറ്റ് കമ്മറ്റി അംഗങ്ങളായ ലീലാ മാരേട്ട്, ഷാജു സാം, വർഗ്ഗീസ്  പോത്താനിക്കാട്, ബെന്നി ഇട്ടീര, സജി തോമസ്, പ്രകാശ് തോമസ്, ജോർജ് തോമസ്, ഏലിയാമ്മ അപ്പുകുട്ടൻ, സുനിൽ ചാക്കോ എന്നിവരും വിവിധ ഉത്തരവാദിത്വങ്ങൾ ഏറ്റെടുത്ത് ആഘോഷ ചടങ്ങിന്റെ വിജയത്തിനായി അക്ഷീണം പ്രവർത്തിക്കുന്നു.

മെയ് 9  ശനിയാഴ്ച വൈകിട്ട് 6-ന് എൽമോണ്ടിൽ നടക്കുന്ന കേരളാ സമാജത്തിൻറെ പ്രവർത്തനോദ്ഘാടനത്തിൽ പങ്കെടുക്കുവാനും  മുഖ്യാതിഥി ഡോ. രാജു നാരായണ സ്വാമി, IAS-ൻറെ മാസ്മരിക പ്രഭാഷണം കേൾക്കുന്നതിനും  ഏവരെയും ക്ഷണിക്കുന്നു എന്ന് സമാജം സെക്രട്ടറി മാത്യുക്കുട്ടിയും, ട്രഷറർ വിനോദും സംയുക്തമായി പറഞ്ഞു.  പരിപാടിയോടനുബന്ധിച്ച് നടത്തപ്പെടുന്ന നൃത്ത കലാപരിപാടികളും, ലൈവ് ഓർക്കസ്ട്രയോടുകൂടിയ ഗാനമേളയും വിഭവസമ്യദ്ധമായ ഡിന്നറും ആസ്വദിക്കുന്നതിന് ഏവരും എത്തിച്ചേരണമെന്ന് ഇരുവരും ചേർന്ന്  പ്രസ്താവിച്ചു. പ്രവേശനം പാസ്സ്  മൂലം നിയന്ത്രിക്കുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക  (1) ഹേമചന്ദ്രൻ, പ്രസിഡൻറ് - (516)-366-9262   (2)  മാത്യുക്കുട്ടി ഈശോ - സെക്രട്ടറി - (516)- 455-8596   (3)  വിനോദ് കെയാർക്കെ, ട്രഷറർ  - (516)- 633-5208.