രാജ്യത്തെങ്ങും സഞ്ചരിച്ച് യുവാക്കളുടെ പ്രശ്നങ്ങൾ കേൾക്കാൻ സി.ജെ.പി
ഡൽഹി: രാജ്യത്ത് വർദ്ധിച്ചുവരുന്ന തൊഴിലില്ലായ്മ, പാർലമെന്റ് മണ്ഡലങ്ങളുടെ പുനർനിർണ്ണയം, ഇന്ധന നയം തുടങ്ങി നിർണ്ണായക വിഷയങ്ങളിൽ യുവാക്കളെ അണിനിരത്തി 'കോക്ക്റോച്ച് ജനതാ പാർട്ടി' (സി.ജെ.പി) രാജ്യവ്യാപക ക്യാമ്പയിനൊരുങ്ങുന്നു. 'ക്യാ ബോൽതി പബ്ലിക്' എന്ന പേരിൽ സംഘടിപ്പിക്കുന്ന പരിപാടി അടുത്ത മാസം ആരംഭിക്കുമെന്ന് സി.ജെ.പി സ്ഥാപകൻ അഭിജീത് ദിപ്കെ അറിയിച്ചു.
ഉന്നത വിദ്യാഭ്യാസമുള്ള യുവാക്കൾക്ക് ജോലിയില്ലാത്ത അവസ്ഥയാണെന്നും പറഞ്ഞു. തൊഴിലില്ലായ്മയ്ക്കും നയപരമായ ആശങ്കകൾക്കും പുറമെ, വിദ്യാഭ്യാസ മേഖലയിലെ കച്ചവടവൽക്കരണത്തെയും ദിപ്കെ കടുത്ത ഭാഷയിൽ വിമർശിച്ചു.
സ്കൂളുകളിലും കോളേജുകളിലും കോച്ചിംഗ് സെന്ററുകളിലും കുത്തനെ ഉയരുന്ന ഫീസ് വിദ്യാഭ്യാസം വലിയൊരു കടബാധ്യതയായി മാറ്റിയിരിക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മാധ്യമ മേഖലയെക്കുറിച്ചും നിയമ വ്യവസ്ഥയെക്കുറിച്ചും ദിപ്കെ ഗുരുതരമായ ആശങ്കകൾ ഉന്നയിച്ചു. വ്യത്യസ്ത ആളുകൾക്ക് വ്യത്യസ്ത മാനദണ്ഡങ്ങൾ ബാധകമാക്കുന്നതും സാധാരണക്കാർ നേരിടുന്ന കടുത്ത കാലതാമസവും കാരണം നീതിന്യായ വ്യവസ്ഥയിലുള്ള ജനങ്ങളുടെ വിശ്വാസം ക്ഷയിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.