മലയാളിനാട്ടിലെ ഓണക്കാഴ്ചകളും മാറുന്ന യാഥാർത്ഥ്യങ്ങളും
കാരൂർ സോമൻ (ചാരുംമൂടൻ)
പഞ്ചാരപാൽപ്പായസവും മുഖസ്‌തുതിയും ഇഷ്ടപ്പെടാത്തവരുണ്ടോ എന്നതുപോലെയാണ് പൊന്നോണം ആർക്കാണ് ഇഷ്ടപ്പെടാത്തത്? ലോകമെങ്ങും ഓണം മുഴക്കോലുപോലെ നീണ്ടുകിടക്കുന്നു. അവിടെയെല്ലാം കുടവയറൻ മാവേലിയും, പുലികളും, ചെണ്ട മേളവും, കിറ്റ് വിതരണവും ഓണപരിപാടികളും ഒരുമിച്ചിരുന്ന് വിഭവ സമൃദ്ധമായ ഓണസദ്യയും ഓണാനന്ദവും സ്നേഹവും സൗഹൃദവും മനസ്സിന് സർവ സമ്പുർണതയും നൽകുന്നു. ഇവിടെ പ്രാന്തവൽക്കരിക്കപ്പെട്ടവരോ മേലാളനോ കീഴാളനോ ഇല്ല.
സത്യത്തിൽ ഓണത്തിൻ്റെ കണക്കെടുപ്പ് നടത്തിയാൽ ഏറ്റവും കൂടുതൽ ലാഭം കൊയ്യുന്നത് മദ്യ മാഫിയയാണ്. സാധുമനുഷ്യരെ അബോധാവസ്ഥയിലാക്കി വിളവെടുപ്പ് നടത്തുന്ന സർക്കാരുകൾ. ആ കൂട്ടത്തിൽ പറയും ബോധവൽക്കരണം നടത്തും. ഓണം വന്നാലും ഉണ്ണിപിറന്നാലും കോരന് കുമ്പിളിൽ കഞ്ഞി തന്നെ. എവിടെയാണ്, ആരിലാണ് ഐശ്യര്യമുള്ള സമ്പദ് സമൃദ്ധി നിറഞ്ഞ ഓണരാവുകൾ?
മലയാളിയുടെ ദേശീയോത്സവമാണ് ഓണം. ശാന്തിയും സമാധാനവും നിറഞ്ഞ മാവേലിമന്നന്റെ നാട്ടിൽ മനുഷ്യരെല്ലാം ഒന്നുപോലെയായിരിന്നു. അന്ന് ജാതി മത ശക്തികൾ ജനിച്ചിട്ടില്ല. ഓണത്തെപ്പറ്റി പല ഐതിഹ്യങ്ങളുണ്ട്. പാശ്ചാത്യനായ ലോഗൻ്റെ മലബാർ മനുവേലിൽ എഴുതിയത് വാമനപ്രതിഷ്ടയുള്ള തൃക്കാക്കര ക്ഷേത്രത്തിലെ ഒരു ഉത്സവമായിട്ടാണ് കേരളത്തിൽ ആഘോഷിക്കപ്പെട്ടത്. സത്യധർമ്മത്തിൽ നാട് ഭരിച്ച മഹാബലിയെ ജനങ്ങൾ ഏറെ ആരാധിച്ചിരുന്നു. വാമനൻ മഹാബലിയെ ചവുട്ടിത്താഴ്ത്തി എന്നും, മാവേലി ഭരിച്ചിരുന്നത് മാവേലിക്കരയെന്നും ഇങ്ങനെ പലവിധ വാദമുഖങ്ങൾ കേട്ടിട്ടുണ്ട്. എഡി ഏഴാം നൂറ്റാണ്ടിന് മുൻപേ ഓണം ആഘോഷിച്ചതായി പെരിയാഴ്‌വരുടെ 'പല്ലാണ്ട്' എന്ന കൃതിയിൽ വിവരിക്കുന്ന രേഖയുണ്ട്.
കഥകൾ എന്തായാലും ക്രിസ്‌തുവില്ലാത്ത ക്രിസ്‌മസ് പോലെ മാവേലി മന്നന്റെ ഗുണമോ മണമോ ഇന്ന് ഭരിക്കുന്നവരിൽ ഇല്ലെന്നുള്ളത് അവരുടെ പ്രവർത്തികളിൽ വെളിപ്പെട്ടുകൊണ്ടിരിക്കുന്നു. ജാതിമത രാഷ്ട്രീയ വേലികെട്ടുകൾക്കപ്പുറം സ്നേഹത്തിൻ്റെ, സഹാനുഭൂതിയുടെ ചലനങ്ങൾ മനുഷ്യഹൃദയങ്ങളെ ധൈര്യചിത്തരാക്കട്ടെ. മലയാളി മൂക്കറ്റം കുടിച്ചു് കൂത്താടുന്നതിനിടയിൽ തിരുവനന്തപുരത്തു് ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികളും പോലീസുകാരും ചേർന്ന് ഓണം ആഘോഷിക്കുക മാത്രമല്ല അതിന്റെ റീൽസ് ചിത്രീകരണം പുറത്താവുകയും ചെയ്‌തു. ആവേശകരമായ പ്രതികരണം സോഷ്യൽ മീഡിയയിൽ നിന്ന് ലഭിക്കയും ചെയ്തു.
കഞ്ചാവ് കൃഷിക്കാരെ തുഫാൻ തൂക്കിയെടുക്കുമ്പോൾ ഓണത്തിനിടക്ക് കുറ്റവാളികളുമായി ഒരു പുട്ടുകച്ചവടം പോലീസ് നടത്തുമെന്ന് ആരും കരുതിയില്ല. ഓണക്കാലത്തും മദ്യപാനികളായ പോലീസുകാർ തമ്മിൽ തല്ലുന്നതും ജനങ്ങൾ കണ്ടു. ഇതിലൂടെ നിയമവകുപ്പിൻ്റെ മാനവികതാബോധം വെളിപ്പെടുന്നു. ഇങ്ങനെ ഓരോ രംഗവും തകർന്ന് തരിപ്പണമായി, പ്രശ്‌നജടിലമായി കിടക്കുകയാണ്. കൊട്ടിഘോഷിക്കപ്പെടുന്ന നമ്മുടെ ഓണരാവുകൾ എത്ര സുന്ദരമാണ്. ഊഷ്‌മളമായ സ്നേഹ സാഹോദര്യത്തിന് പകരം സ്വാർത്ഥത നിറഞ്ഞ കാപട്യം നിറഞ്ഞ ഓണകിറ്റുകളായി നമ്മുടെ ഓണം മാറിയില്ലേ.?