മാറ്റങ്ങള്‍ ആവശ്യപ്പെട്ടു, സോണിയ വഴങ്ങിയില്ല; 'ബിലോങ്ങിങ്: എ ജേര്‍ണി ഓഫ് ലവ്' ഇന്ത്യന്‍ പ്രസിദ്ധീകരണത്തില്‍ നിന്ന് പെന്‍ഗ്വിന്‍ പിന്‍മാറി

Aug 28, 2026 - 10:37
 0  4
മാറ്റങ്ങള്‍ ആവശ്യപ്പെട്ടു, സോണിയ വഴങ്ങിയില്ല; 'ബിലോങ്ങിങ്: എ ജേര്‍ണി ഓഫ് ലവ്' ഇന്ത്യന്‍ പ്രസിദ്ധീകരണത്തില്‍ നിന്ന് പെന്‍ഗ്വിന്‍ പിന്‍മാറി

ന്യൂഡല്‍ഹി: സോണിയ ഗാന്ധിയുടെ ആത്മകഥയായ 'ബിലോങ്ങിങ്: എ ജേര്‍ണി ഓഫ് ലവ്'ഇന്ത്യയിലെ പ്രസിദ്ധീകരണത്തില്‍ നിന്ന് പെന്‍ഗ്വിന്‍ റാന്‍ഡ് ഹൗസ് പ്രസിദ്ധീകരണം ഒഴിഞ്ഞു. ചില എഡിറ്റോറിയല്‍ മാറ്റങ്ങളും ചില ഒഴിവാക്കലുകളും വേണമെന്ന ആവശ്യം നിരാകരിച്ചതിനെ തുടര്‍ന്നാണ് പിന്‍മാറ്റം. മാറ്റങ്ങള്‍ വരുത്താന്‍ കഴിയില്ലെന്ന് സോണിയ ഗാന്ധി അറിയിച്ചതാണ് കാരണം.

നവംബര്‍ പത്തിന് പുസ്തകം വിപണയില്‍ ഇറങ്ങുമെന്നായിരുന്നു പുസ്തകത്തിന്റെ പ്രസാധകരായ ആല്‍ഫ്രഡ് എ. നോഫ് അറിയിച്ചിരുന്നത്. ഇന്ത്യയില്‍ പെന്‍ഗ്വിന്‍ റാന്‍ഡം ഹൗസ് പുസ്തകം വിപണയിലെത്തിക്കുമെന്നും അറിയിച്ചിരുന്നു. എന്നാല്‍ ചില എഡിറ്റോറിയല്‍ മാറ്റങ്ങള്‍ വേണമെന്ന പ്രസാധകരുടെ അഭ്യര്‍ഥന സോണിയ ഗാന്ധി തള്ളിയതോടെ പിന്‍മാറുകയായിരുന്നെന്നാണ് വിവരം. ആദ്യപതിപ്പില്‍ ഇന്ത്യയില്‍ ഒരുലക്ഷം കോപ്പികള്‍ അടിക്കുമെന്നും പ്രസാധകര്‍ അറിയിച്ചിരുന്നു.

ആത്മകഥയില്‍ എന്തുതരത്തിലുള്ള മാറ്റങ്ങളാണ് ആവശ്യപ്പെട്ടതെന്ന് കാര്യം വ്യക്തമല്ല. ഇത് സംബന്ധിച്ച് പ്രതികരിക്കാന്‍ പ്രസാധകരും സോണിയയുമായി അടുത്ത വൃത്തങ്ങളും തയ്യാറായില്ല.

ഇറ്റലിയിലെ കുട്ടിക്കാലം മുതല്‍ നെഹ്‌റു-ഗാന്ധി കുടുംബത്തിലേക്കുള്ള വിവാഹം, രാഷ്ട്രീയ പ്രവേശനം, പ്രധാനമന്ത്രിപദം നിരസിക്കാനുള്ള തീരുമാനംവരെ എല്ലാം വിശദമായി പുസ്തകത്തിലുണ്ട്. ജീവിതകഥ എഴുതുന്നത് അത്ര എളുപ്പമായിരുന്നില്ലെന്നും സ്നേഹത്തിന്റെ നൂലിഴകളാല്‍ കോര്‍ത്തിണക്കപ്പെട്ട ജീവിതത്തെ ഈ പുസ്തകത്തിലൂടെ നിര്‍വചിക്കാനായിരുന്നു തന്റെ ശ്രമമെന്നും സോണിയ പറയുന്നു. നെഹ്രു കുടുംബത്തെ കുറിച്ച് ഇതിനകം നിരവധി പുസ്തകങ്ങള്‍ ഇറങ്ങിയിട്ടുണ്ടെങ്കിലും പലപ്പോഴും ശരിയായ രീതിയില്‍ വിലയിരുത്തപ്പെട്ടിട്ടില്ലെന്നും സോണിയ പറയുന്നു.

1965ല്‍ കേംബ്രിജില്‍ വെച്ച് 19-ാം വയസ്സില്‍ രാജീവ് ഗാന്ധിയെ കണ്ടുമുട്ടിയത് മുതലുള്ള പ്രണയവും പുസ്തകത്തില്‍ പറയുന്നു, രാജീവ് ഗാന്ധിയുടെ പൈലറ്റ് കാലവും 1980ല്‍ സഞ്ജയ് ഗാന്ധിയുടെ മരണം കുടുംബത്തില്‍ സൃഷ്ടിച്ച ആഘാതവും 1984-ല്‍ ഇന്ദിരാഗാന്ധി സ്വന്തം അംഗരക്ഷകരുടെ വെടിയേറ്റു മരിച്ചതും തുടര്‍ന്ന് രാജീവ് ഗാന്ധി രാഷ്രട്രീയത്തിലെത്തിയതുമെല്ലാം പുസ്തകത്തില്‍ വിശദമായി പ്രതിപാദിക്കുന്നു.

ഇന്ത്യയിലെത്തിയശേഷം സാരി ശീലമാക്കിയതും ഹിന്ദി ഭാഷ പഠിച്ചതും ഇന്ത്യന്‍ ഭക്ഷണരീതികള്‍ സ്വായത്തമാക്കിയതുമെല്ലാം സോണിയ പങ്കുവെക്കുന്നു. രാജീവ് ഗാന്ധിയുടെ കൊലപാതകത്തോടെ തന്റെ ജീവിതത്തിലുണ്ടായ മാറ്റങ്ങളും അവര്‍ തുറന്നു പറയുന്നു. ഹൃദയവേദനയും വലിയ നഷ്ടങ്ങളുമാണ് തന്നെ രാഷ്ട്രീയത്തിലേക്ക് എത്തിച്ചതെന്നും, അതുവരെ തന്റെ സ്വകാര്യത കാത്തുസൂക്ഷിക്കാന്‍ താന്‍ ആഗ്രഹിച്ചിരുന്നുവെന്നും സോണിയ പറയുന്നു. 2004-ല്‍ പ്രധാനമന്ത്രി പദം നിരസിക്കാനുള്ള തന്റെ തീരുമാനത്തിന് പിന്നിലെ കാരണങ്ങളും അവര്‍ പുസ്തകത്തില്‍ പ്രതിപാദിക്കുന്നുണ്ട്.