ചതുരംഗം: കവിത , ബിനേഷ് ചേമഞ്ചേരി

ചതുരംഗം: കവിത , ബിനേഷ് ചേമഞ്ചേരി

രാത്രിയുടെ ഒരു കഷ്ണമെടുത്ത്

കണ്ണീരിൽ നനച്ചുവെച്ചവൾ

ഉറങ്ങാൻ കിടന്നു.

 

പൂന്തോപ്പിൻ ചിത്രമുള്ള

കിടക്കവിരിയിലെ

പനിനീർമുള്ളുകളവളെ

കുത്തിനോവിച്ചു.

 

സ്വപ്നത്തിൽ,

അറുപത്തിമൂന്ന് കളങ്ങളിൽ പൂച്ചകളും,

ഒരു കളത്തിലവളും .

 

കണ്ണുകൾ കൊണ്ടിരുട്ടിനെ പുതയ്ക്കും പൂച്ചകൾ!.

ചൂണ്ടയിട്ടു മീൻ പിടിക്കാനിരിക്കും പൂച്ചകൾ!.

മീൻമുള്ളുകൾ ചവച്ചരയ്ക്കും പൂച്ചകൾ !.

മീശ വിറപ്പിച്ചിരിക്കും പൂച്ചകൾ !.

കളങ്ങളിൽ നിന്നു കളങ്ങളിലേക്കു

കരണംമറിഞ്ഞു 

നാലുകാലിൽ അമർന്നു വീഴും പൂച്ചകൾ !.

 

ഉറക്കത്തിലും,

കറുപ്പും വെളുപ്പും കളങ്ങളിൽ

നഖമൂർച്ചകളാൽ കോറിയിട്ട

ആധിപത്യത്തിന്റെ ചിഹ്നങ്ങളിൽ

ഇടംവലം തിരിയാനാവാതെ

അടിയറവു പറയും

കരുവായവൾ

കരിക്കട്ട കൊണ്ട് ജീവിതമെന്നെഴുതി വെച്ച

പുലരിയിലേക്കു വീണ്ടും

ഞെട്ടിയുണരുന്നു !.

      

      ബിനേഷ് ചേമഞ്ചേരി