ഉയിര്‍ത്തെഴുന്നേല്‍പ്പ്‌ : കവിത , ടോബി തലയല്‍

ഉയിര്‍ത്തെഴുന്നേല്‍പ്പ്‌ : കവിത , ടോബി തലയല്‍

ത്രാധിപരുടെ ചവറ്റുകൊട്ടയില്‍ കിടന്നു
മുളച്ചകവിത
നിരൂപകന്റെ പിന്നാമ്പുറത്ത്‌
മരമായി
കുരിശ്ശില്‍തറച്ചുകൊന്ന വിശുദ്ധവചനങ്ങള്‍
സൈബറിടത്തില്‍ ഉയിര്‍ത്തെഴുന്നേറ്റു!
കൊലചെയ്യപ്പെട്ട വാക്കുകള്‍
കല്ലറ പിളര്‍ന്ന്‌
മിന്നുന്ന വാളായി
മഹാപുരോഹിതന്മാരേയും ശാസ്‌ത്രിമാരേയും
ലക്ഷ്യമാക്കി പാഞ്ഞു...
സൂക്കര്‍ബര്‍ഗിന് ‌സ്‌തുതിയായിരിക്കട്ടെ
എന്നശരീരിഉണ്ടായി!
ഡെസ്‌കില്‍ വെച്ച്‌ കഴുത്തറുക്കപ്പെട്ടകവി
അള്‍ത്താരയില്‍ വന്ന്‌
ഫേസ്‌ബുക്കും വാട്‌സാപ്പുംനീട്ടി
വായനക്കാര്‍ക്ക്‌ കൊടുത്തിട്ടുപറഞ്ഞു:
ഇത്‌ ഞാന്‍ നിങ്ങള്‍ക്കായി പകുത്തുനല്‍കുന്ന
എന്റെ രക്തവും ശരീരവും...സ്വീകരിപ്പിന്‍!
നുറുക്കപ്പെട്ട അക്ഷരങ്ങള്‍
അവര്‍ ഹൃദയത്തിലേറ്റുവാങ്ങി.
കാലസമ്പൂര്‍ണതയില്‍,
എഴുത്തുകാരനെയും വായനക്കാരനെയും
മറച്ചിരുന്ന അച്ചടിശാലയിലെ കൂറ്റന്‍ തിരശ്ശീല
പഴകിയ പത്രംപോലെ
രണ്ടായി ചീന്തിപ്പോയി
മഗ്‌ദലനമറിയം യുട്യൂബിലിട്ട കവിത വൈറലായി!