10-ാം നമ്ബര്‍ ഇനി ആര്‍ക്കും ഇല്ല; മെസിക്ക് അപൂര്‍വ്വ ആദരവുമായി അര്‍ജന്റീന ഫുട്‌ബോള്‍

10-ാം നമ്ബര്‍ ഇനി ആര്‍ക്കും ഇല്ല; മെസിക്ക് അപൂര്‍വ്വ ആദരവുമായി അര്‍ജന്റീന ഫുട്‌ബോള്‍

ബ്യൂണസ് അയേഴ്‌സ്: സൂപ്പര്‍ താരം ലയണല്‍ മെസി അന്താരാഷ്‌ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിക്കുന്നതോടെ അര്‍ജന്റീന ദേശീയ ഫുട്‌ബോള്‍ താരങ്ങള്‍ക്കുള്ള പത്താം നമ്ബര്‍ ജേഴ്‌സി ഉപേക്ഷിക്കും.താരത്തിനുള്ള ആദരവായാണ് ഇത്തരമൊരു തീരുമാനമെന്ന് അര്‍ജന്‍രീന ഫുട്‌ബോള്‍ അസോസിയേഷന്‍ അറിയിച്ചു.

മെസിക്ക് ശേഷം പത്താം നമ്ബര്‍ ജേഴ്‌സി ആരും ധരിക്കേണ്ടതില്ലെന്നാണ് എഎഫ്‌എ നിലപാട്. സൂപ്പര്‍ താരത്തിന്റെ ജീവിതത്തിന് നല്‍കുന്ന ആദരമായിരിക്കും അത് അത്രയെങ്കിലും താരത്തിന് വേണ്ടി ചെയ്യേണ്ടതുണ്ട് എഎഫ്‌എ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

1978ല്‍ ആദ്യമായി അര്‍ജന്റീനയ്‌ക്ക് ലോകകപ്പ് നേടിക്കൊടുത്ത ടീമിലെ സൂപ്പര്‍ താരം മരിയോ കെംപെസ് പത്താം നമ്ബര്‍ ജേഴ്‌സി അണിഞ്ഞാണ് കളിച്ചിരുന്നത്. പിന്നീട് ഡീഗോ മറഡോണ പത്താം നമ്ബറുകാരനായി കളത്തിലിറങ്ങി. 1986ല്‍ ലോകകപ്പ് നേടുമ്ബോള്‍ മറഡോണ പത്താം നമ്ബറിലാണ് കളിച്ചത്. താരം അന്താരാഷ്‌ട്ര ഫുട്‌ബോള്‍ അവസാനിപ്പിക്കുന്നത് വരെ ആ നമ്ബറില്‍ തുടര്‍ന്നു. ഇതിഹാസതാരത്തിന്റെ കാലത്തിന് ശേഷം ഏരിയല്‍ ഒര്‍ട്ടേഗ, യുവാന്‍ റോമന്‍ റിക്വല്‍മി എന്നിവര്‍ പത്താം നമ്ബറില്‍ കളിച്ചിട്ടുണ്ട്.

അര്‍ജന്റീനയ്‌ക്കായി അരങ്ങേറ്റം കുറിച്ച കാലത്ത് മെസിയുടെ ജേഴ്‌സി നമ്ബര്‍ 19 ആയിരുന്നു. അര്‍ജന്റിന കുപ്പായത്തില്‍ ഇതുവരെ 180 മത്സരങ്ങള്‍ കളിച്ചിട്ടുള്ള മെസി അന്താരാഷ്‌ട്ര ഫുട്‌ബോളില്‍ 106 ഗോളുകള്‍ നേടിയിട്ടുണ്ട്. ഖത്തര്‍ ലോകകപ്പ് നേട്ടത്തോടെ താരം കരിയറിലെ ഏറെക്കുറേ എല്ലാ നാഴികകല്ലും താണ്ടിയ നിലയിലേക്കുയര്‍ന്നിരുന്നു.