കാർ യാത്ര: ജയ്മോൻ ദേവസ്യ, തലയോലപ്പറമ്പ്

കാർ യാത്ര: ജയ്മോൻ ദേവസ്യ, തലയോലപ്പറമ്പ്

ഞാൻ ഏഴിൽ പഠിക്കുന്ന വർഷം സെപ്തംബറിൽ ഞങ്ങൾ വീട്ടിലെ  എല്ലാവരും കൂടി കന്യാകുമാരിക്ക് ടൂറ്  പ്ലാൻ ചെയ്തു . അപ്പച്ചന് നാലുവർഷം കൂടുമ്പോൾ  ടൂറ്  പോകുന്നതിന് ബാങ്കിൽ നിന്നും ടൂർ അലവൻസ് ലഭിക്കും. അത്തവണത്തെ ടൂറിന് തലയോലപ്പറമ്പിലെ ടാക്സി സ്റ്റാൻ്റിൽ നിന്നുമാണ് ടൂറിസ്റ്റു കാർ വിളിച്ചത്. തിരുവനന്തപുരം, കോവളം, കന്യകുമാരി എന്നിങ്ങനെ പോകാൻ ആയിരുന്നു പ്ലാൻ ചെയ്തത്. 


പ്ലാൻ ചെയ്തു കാത്തിരുന്നുവെങ്കിലും കന്യാകുമാരി യാത്രയുടെ  കാര്യത്തിൽ ഒരു അനിശ്ചിതത്വം ഉണ്ടായിരുന്നു. ഒറ്റ ഡ്രൈവർക്ക് ഇത്ര ദൂരം ഒറ്റക്ക് വണ്ടിയുമായി പോവാൻ പറ്റില്ല എന്നതായിരുന്നു കാരണം. അപ്പച്ചന് ഡ്രൈവിങ്ങ് അറിയുവാനും വയ്യ. അതിനാൽ ഒരാളെക്കൂടി കൂടെ കൊണ്ടു പോകേണ്ട അവസ്ഥ വന്നു. അവസാനം അമ്മച്ചിയുടെ വീടിനടുത്തുള്ള പ്രകാശി എന്നു പേരുള്ള ചേട്ടൻ ഞങ്ങളുടെ കൂടെ വരുവാൻ സമ്മതിച്ചു. ആൾ ഡ്രൈവറാണ്. 

ഇതിനിടെ ഒരു ദിവസം പി. എം. -മേരി ടീച്ചർ എന്നെ ക്ലാസ് റൂമിലേക്ക് വിളിപ്പിച്ചു. അന്ന് ഞാൻ സ്കൂളിൽ എല്ലാവരും അറിയപ്പെടുന്ന ഒരാളായി മാറിയിരുന്നു. ക്വിസ് പരിപാടികൾക്ക് സമ്മാനം കിട്ടുന്നതാണ് കാരണം. പിന്നെ ദൂരെ നിന്നും സ്കൂളിൽ പഠിക്കാൻ വരുന്ന ആളെന്ന നിലയിലും, വാച്ച് കെട്ടുന്ന പയ്യൻ എന്ന നിലയിലും അറിയാം. അമ്മച്ചിയുടെ ഒരു പഴയ ഹെൻഡ്രി സാൻഡ്രോസ് എന്ന കമ്പനിയുടെ ഒരു വാച്ച് എനിക്കു തന്നിരുന്നു. ഞാൻ അതും കെട്ടി അങ്ങനെ കേമനായി നടക്കും. സ്ട്രാപ്പ് ആണ്, ചെയിൻ ഒന്നുമല്ല. ഒട്ടിച്ചു വയ്ക്കുന്ന വിധത്തിലുള്ള സ്ട്രാപ്പ്. അന്ന് മേരി ടീച്ചർ വിളിച്ചത് വൈക്കം ബോയ്സ് സ്കൂളിൽ ഉപജില്ലാ കരകൗശല- ശാസ്ത്ര പ്രദർശനം വരുന്നു. അതിൽ സ്കൂളിൻ്റെ ഒരു പരിപാടിയുടെ അവതരണത്തിനായി നിൽക്കണം, ജനറേറ്റർ വഴി വെള്ളം ഒഴുക്കി വൈദ്യുതി ഉത്പാദിപ്പിക്കുന്ന ഒരു സംവിധാനത്തിൻ്റെ അവതാരകനാകുക ... അതായിരുന്നു ആവശ്യം. 

 കന്യാ കുമാരി യാത്ര  നിശ്ചയിച്ച  ദിവസം തന്നെയാണ് ശാസ്ത്ര പ്രദർശനവും. ഇതിൽ രണ്ടിനും പോകാൻ എനിക്കിഷ്ടവുമാണ്. പക്ഷെ വീട്ടുകാരുടെ കൂടെ കാറിൽ കയറി ടൂറിന് പോകാതിരിക്കാൻ പറ്റില്ലാത്ത അത്ര താല്പര്യം ടൂറിനോടുണ്ട്. ടീച്ചറോട് കാര്യം പറഞ്ഞ്, ശാസ്ത്ര പ്രദർശനത്തിന് പങ്കെടുക്കാതെ ടൂറിനു തന്നെ പോയി. 

പോകുന്ന അന്നു രാവിലെ വീട്ടിൽ നിന്നുമിറങ്ങി തലപ്പാറ പള്ളിയിൽ നേർച്ചയും ഇട്ടിട്ട്, മെയിൻ റോഡിലെ ജയൻ്റെ കടയുടെ മുൻപിൽ എത്തിയപ്പോൾ അവിടെ മുട്ടകച്ചവടം നടത്തിയിരുന്ന അയൽവാസിയും അപ്പച്ചൻ്റെ സുഹൃത്ത് പട്ടാളക്കാരനായ ടോമി ചേട്ടൻ്റെയും, അപ്പച്ചൻ ചേട്ടൻ്റെയുമെല്ലാം പിതാവുമായ തയ്യിൽ വീട്ടിലെ അവതച്ചൻ ചേട്ടൻ കാറിലേക്ക് എത്തി നോക്കിയതും അപ്പച്ചൻ മുൻപിലിരുന്ന് ആ വല്യപ്പനോട് കൈവീശി യാത്ര പറഞ്ഞതും ഇന്നു നടന്നതു പോലെ  നന്നായി ഓർക്കുന്നു.. ഇളം നീല ഷർട്ടുമിട്ട് മുട്ടയുടെ കുട്ടകൾ മുന്നിൽ വച്ച് കടയുടെ ഭിത്തിയിൽ ചാരിയിരുന്നിരുന്ന ആ ചേട്ടൻ മനസ്സ് തുറന്ന് നന്നായി അപ്പച്ചനെ നോക്കി ചിരിച്ചു. എന്നാൽ അവതച്ചൻ ചേട്ടനെ അവസാനമായി കണ്ടതായിരുന്നു ആ കാഴ്ച എന്ന് ഞങ്ങൾക്കാർക്കും അപ്പോൾ അറിയില്ലായിരുന്നു 

 വലിയൊരു ഏത്തക്കുലയും രണ്ട് വലിയ ടിൻ ജാമും പിന്നെ കുറെയധികം പലഹാരങ്ങളും  ഞങ്ങൾ യാത്രയിൽ കൂടെ കരുതിയിരുന്നു .. ഇതെല്ലാം കൂടി പ്ലാസ്റ്റിക്കിൻ്റെ വലിയൊരു ബാസ്ക്കറ്റിൽ വച്ച് അത് കാറിൻ്റെ ഡിക്കിയിൽ വച്ചാണ് യാത്ര. അന്നത്തെ സിനിമകളിൽ കാണുന്ന കമ്പിയുടെ പിടികളും, വലപോലെ കളളികളുമുള്ള ഒരു നീല ബാസ്ക്കറ്റായിരുന്നു അത്.

ഞങ്ങളാണെങ്കിൽ വലിയ ഗമയിലാണ് യാത്ര. കാറിൽ കയറി ഇത്ര ദൂരം യാത്ര ചെയ്യുന്നത് ആദ്യമായാണ്. ജീപ്പിൽ മിക്കവർഷവും മലയാറ്റൂരിൽ പോകാറുള്ളതല്ലാതെ കാറിലോ ജീപ്പിലോ അധികം യാത്ര ചെയ്യേണ്ടി വരാറില്ല. അതു കൊണ്ട് തന്നെ ഇതിലെ യാത്ര കൊതിയായ ഒരു കാര്യമാണ്.  

അന്നത്തെ കാലത്ത് നാട്ടിൽ ആരെങ്കിലും മരിച്ചാൽ, ആ വീട്ടിൽ ആദ്യം ചെയ്യുന്ന കാര്യം മലബാറിൽ താമസിക്കുന്ന അവരുടെ സ്വന്തക്കാർ ആരെങ്കിലും ഉണ്ടെങ്കിൽ വിവരം പറഞ്ഞ് കൂട്ടികൊണ്ടു വരാൻ ജീപ്പുകൾ അങ്ങാേട്ടേക്ക്  പറഞ്ഞയക്കുന്നതാണ്. ഇങ്ങനെ പോകുന്ന ജീപ്പിൽ ഇവരെ കൂട്ടിക്കാെണ്ടു വരാൻ പോകുന്നവരെയൊക്കെ കാണുമ്പോൾ അസൂയ തോന്നാറുണ്ട്. അങ്ങനെയുള്ള ഒരു സമയത്താണ് ഇത്ര ദൂരം കാറിൽ യാത്ര പോകുന്നത്. തിരികെ സ്കൂളിൽ എത്തുമ്പോൾ വീരവാദം പറയാൻ ഇതിൽ കൂടുതൽ എന്ത് കാര്യം വേണം..!

അങ്ങനെ ഞങ്ങൾ നന്നായി ആസ്വദിച്ച് യാത്ര ചെയ്ത്  തിരുവനന്തപുരത്ത് എത്തി . കാഴ്ചബംഗ്ളാവിലും മ്യൂസിയത്തിലും കയറി. വൈകിട്ട് കന്യാകുമാരിക്ക് പോയി. അവിടെയെത്തി അടുത്ത ദിവസം ഉദയവും, വിവേകാനന്ദ പാറയും,

ഗാന്ധി മന്ദിരവും കണ്ടു . കന്യാകുമാരി ദേവിയുടെ അമ്പലത്തിലും പോയി. വൈകിട്ട് അസ്തമയവും കണ്ട് അന്ന് രാത്രിയും അവിടെ തങ്ങി പിറ്റേന്ന് രാവിലെ ഉദയത്തിനു ശേഷം തിരികെ പോന്നു. നേരെ കോവളത്തു പോയി.

കോവളമാകെ സായിപ്പന്മാരും മദാമ്മകളും. അതിനാൽ തന്നെ അവിടെ അധികം തങ്ങാതെ  ഒരു ഹോട്ടലിൽ നിന്ന് ഉച്ചഭക്ഷണവും കഴിച്ച് നേരെ തിരുവനന്തപുരത്ത് എത്തി സെക്രട്ടറിയേറ്റ് കണ്ടു. അപ്പച്ചൻ SBT യുടെ ഹെഡ് ഒഫീസിൽ കയറി ആരെയാേ കണ്ടു.

അധികം വൈകാതെ തിരികെ ആലപ്പുഴ ഹൈവേ വഴി പോന്നു. നാഷണൽ ഹൈവേ 47 എന്നൊരു റോഡ് കേരളത്തിലൂടെ ഉള്ളതായി വായിച്ചിട്ടുണ്ടെങ്കിലും അതിലൂടെയുള്ള യാത്ര ആദ്യമായിട്ടായിരുന്നു.  ആലപ്പുഴയിൽ എത്തി റേഡിയോ നിലയം പുറത്ത് നിന്നു കണ്ടു. അതിൻ്റെ മാനംമുട്ടിയുള്ള ആന്റിന കണ്ടപ്പോൾ ഉണ്ടായ അത്ഭുതവും, അതിന് മുകളിലെ ചുവന്ന ബൾബ്  ഫ്യൂസായാൽ മാറുവാൻ ആരു കയറും എന്ന ചോദ്യവും കുറച്ചധികം കാലമെന്നെ അലട്ടിയ പ്രശ്നങ്ങളായിരുന്നു.

അന്ന് പാതിരാത്രിയൊടെയാണ് ഞങ്ങൾ വീട്ടിലെത്തിയത്. അതിൻ്റെ അടുത്ത ദിവസവും ഞങ്ങളാരും സ്കുളിൽ പോയില്ല. പിറ്റേന്ന് നേരം വെളുത്തപ്പൊഴാണ് തയ്യിൽ അവതച്ചൻ ചേട്ടൻ മരിച്ച വിവരം ഞങ്ങൾ അറിയുന്നത്. ഞങ്ങൾ യാത്ര തുടങ്ങിയപ്പോൾ ഞങ്ങളെ നോക്കി ചിരിച്ച് യാത്രയാക്കിയ ചേട്ടനാണ് .. പെട്ടെന്നുണ്ടായ എന്തോ അസ്വസ്ഥതയാലാണ് മരിച്ചത്. വാർത്ത കേട്ടപ്പോൾ എല്ലാർക്കും സങ്കടമായി. എന്തു ചെയ്യാം, അവതച്ചൻ ചേട്ടനെ അവസാനമായി ഒന്നു കാണാൻ പറ്റിയില്ല.. അതായിരുന്നു സങ്കടം. 

അക്കാലത്ത് ചില വീടുകളിലെല്ലാം ടി വി വാങ്ങുന്ന പ്രവണത കൂടി..വലിയ ആൻ്റിന വീടിന് മുകളിൽ കാണുന്നത് അന്തസാണെന്ന രീതിയിൽ ആളുകളുടെ ചിന്ത മാറിയിരിക്കുന്നു ..അധികം താമസിയാതെ വീട്ടിലുമെത്തി സോളിഡൈർ കമ്പനിയുടെ ഒരു ബ്ലാക്ക് & വൈറ്റ് ടി വി.


ജയ്മോൻ ദേവസ്യ, തലയോലപ്പറമ്പ്