സിജെ റോയിയുടെ ആത്മഹത്യ: ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർക്കെതിരായ ആരോപണം തള്ളി കോൺഫിഡൻ്റ് ഗ്രൂപ്പ് എംഡി
കൊച്ചി: കോൺഫിഡൻ്റ് ഗ്രൂപ്പ് ചെയർമാൻ സിജെ റോയി ആത്മഹത്യ ചെയ്ത സംഭവത്തിൽ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർക്കെതിരായ ആരോപണം തള്ളി കോൺഫിഡൻ്റ് ഗ്രൂപ്പ് എംഡി ടിഎ ജോസഫ്. ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ ആരെയും മാനസികമായി പീഡിപ്പിക്കാൻ വന്നിട്ടില്ല. അങ്ങനെ പീഡിപ്പിക്കാൻ വന്നാൽ നിൽക്കുന്ന ആളല്ല സിജെ റോയിയും താനും. തങ്ങളെ പീഡിപ്പിക്കാൻ വന്നാൽ അതുപോലെ വേറെ കാര്യങ്ങൾ ചെയ്യുമെന്നും ടിഎ ജോസഫ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
സിജെ റോയിയുടെ സഹോദരൻ സിജെ ബാബു ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ ഉന്നയിച്ച ആരോപണത്തിലാണ് കോൺഫിഡൻ്റ് ഗ്രൂപ്പ് എംഡിയുടെ പ്രതികരണം.
"ഈ സഹോദരൻ അല്ലല്ലോ കൂടെ നടക്കുന്നത്. അദ്ദേഹത്തിന് കമ്പനിയുടെ കാര്യങ്ങൾ അറിയില്ല. അദ്ദേഹം അന്ന് മാധ്യമങ്ങളോട് പറഞ്ഞപ്പോൾ തന്നെ അങ്ങനെയല്ല കാര്യങ്ങളെന്ന് താൻ ഉപദേശിച്ചു. ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ ആരെയും മാനസികമായി പീഡിപ്പിക്കാൻ വന്നിട്ടില്ല. അങ്ങനെ പീഡിപ്പിക്കാൻ വന്നാൽ നിൽക്കുന്ന ആളല്ല സിജെ റോയിയും ഞാനും. ഞങ്ങളെ പീഡിപ്പിക്കാൻ വന്നാൽ അതുപോലെ വേറെ കാര്യങ്ങൾ ചെയ്യും"- ടിഎ ജോസഫ് പറഞ്ഞു.
റോയിയുടെ സഹോദരൻ സംഭവസമയം വിദേശത്തായിരുന്നു. ഏതെങ്കിലും ജീവനക്കാർ പറഞ്ഞതിനെ തുടർന്നുള്ള പെട്ടെന്നുള്ള പ്രതികരണമായിരിക്കാം അദ്ദേഹത്തിൻ്റേത്. സമാനമായി പലരും പ്രതികരിച്ചിട്ടുണ്ട്. എന്നാൽ എല്ലാവരും അത് അവസാനിപ്പിച്ചു. അന്വേഷണം പൂർത്തിയാകുമ്പോൾ കുറ്റക്കാരെ കണ്ടെത്താനാകുമെന്നും ടിഎ ജോസഫ് പറഞ്ഞു.
നിലവിൽ നടക്കുന്ന അന്വേഷണം തൃപ്തികരമാണെന്നും ടിഎ ജോസഫ് പറഞ്ഞു. വളരെ കൃത്യമായ രീതിയിലാണ് അന്വേഷണം നടക്കുന്നത്. ഇവിടെ അന്വേഷണ ഉദ്യോഗസ്ഥരെ പ്രലോഭിപ്പിക്കാനുള്ള ഘടകങ്ങളില്ല. കാരണം ഈ കേസിൽ ഒരു ശത്രുവില്ല. ജനം ശത്രുവായി കാണുന്നത് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരെ ആണ്. എന്നാൽ അവർ ശത്രുവല്ല. സർക്കാരിൻ്റെ നിയമങ്ങൾ നടപ്പാക്കുന്നവരാണ്. അവർ ഒരുവിധത്തിലും ശല്യപ്പെടുത്തിയിട്ടില്ലെന്നും ടിഎ ജോസഫ് പറഞ്ഞു. റോയിയെ ഭീഷണിപ്പെടുത്താൻ ആരുമില്ലെന്നും അതിനുള്ള സാധ്യതയുമില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം റോയിയുടെ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയതായി തനിക്ക് അറിവില്ലെന്നും ടിഎ ജോസഫ് പറഞ്ഞു. അദ്ദേഹം കുടുംബത്തിനുള്ള ചില കാര്യങ്ങൾ പേപ്പറിൽ എഴുതിവെച്ചിരുന്നു. അത് താൻ ലോക്കറിൽവെച്ചു. കുടുംബാംഗങ്ങൾക്കും പിന്നീട് അന്വേഷണ സംഘത്തിനും കൈമാറി. താൻ അത് വായിച്ചിട്ടില്ലെന്നും ടിഎ ജോസഫ് പറഞ്ഞു.