രാജ്യത്ത് പൗരത്വ നിയമഭേദഗതി യാഥാര്‍ത്ഥ്യമായി; 14 പേര്‍ക്ക് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു

രാജ്യത്ത് പൗരത്വ നിയമഭേദഗതി യാഥാര്‍ത്ഥ്യമായി; 14 പേര്‍ക്ക് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു

ന്യൂഡല്‍ഹി: രാജ്യത്ത് മോദി സർക്കാർ പൗരത്വ ഭേദഗതി നിയമം നടപ്പാക്കി. ആദ്യം അപേക്ഷിച്ച 14 പേർക്ക് പൗരത്വ സർട്ടിഫിക്കറ്റ് നല്‍കി.

കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ഇവർ‌ക്ക് പൗരത്വം നല്‍കിയത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയ സെക്രട്ടറി അജയ് കുമാർ ഭല്ലയാണ് രേഖകള്‍ അപേക്ഷിച്ചവർക്ക് കൈമാറിയത്. പൗരത്വ ഭേദഗതി ചട്ടപ്രകാരം പൗരത്വം നേടിയവരെ കേന്ദ്ര ആഭ്യന്തര മന്ത്രാലയ സെക്രട്ടറി അഭിനന്ദിച്ചു ശേഷം നിയമത്തിന്റെ വിവിധ വശങ്ങളെക്കുറിച്ച്‌ അദ്ദേഹം എടുത്തുപറഞ്ഞു,

അപേക്ഷകർ സമർപ്പിച്ച വിവിധ രേഖകള്‍ പരിശോധിച്ച ശേഷം പൗരത്വം നേടിയവർക്ക് പ്രതി‌ജ്ഞ ചൊല്ലിക്കൊടുത്തു. പൂർണമായും ഓണ്‍ലൈനായാണ് സിഎഎ അപേക്ഷ സമർപ്പിക്കുക. ‌ഡല്‍ഹിയിലെ ഡയറക്‌ടറുടെ(സെൻസസ് ഓപ്പറേഷൻസ്) നേതൃത്വത്തിലെ എംപവേർ‌ഡ് കമ്മിറ്റി വിശദമായ പരിശോധനയ്‌ക്ക് ശേഷമാണ് 14 പേ‌ർക്കും പൗരത്വം നല്‍കിയത്.

2019 ഡിസംബറിലാണ് നരേന്ദ്രമോദി സര്‍ക്കാര്‍ പൗരത്വഭേദഗതി നിയമം പാര്‍ലമെന്റില്‍ പാസാക്കിയത്. ഇതോടെ രാജ്യവ്യാപക പ്രതിഷേധങ്ങള്‍ ഉര്‍ന്നിരുന്നു. നിയമപ്രകാരം 2014 ഡിസംബര്‍ 31ന് മുമ്ബ് ബംഗ്ലാദേശ്, പാകിസ്താന്‍, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് കുടിയേറിയ ഹിന്ദു, സിഖ്, ജൈന, ബുദ്ധ, പാഴ്‌സി, ക്രിസ്ത്യന്‍ മതവിഭാഗങ്ങളില്‍ പെട്ടവര്‍ക്ക് ഇന്ത്യന്‍ പൗരത്വം ലഭിക്കും. മതത്തിന്റെ പേരില്‍ പൗരത്വം നല്‍കുന്നതിനെതിരേ വ്യാപക പ്രതിഷേധം ഉയര്‍ന്നപ്പോള്‍ നടപ്പാക്കുന്നതില്‍നിന്ന് മോദി സര്‍ക്കാര്‍ പിന്നോട്ടുപോയിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ കഴിഞ്ഞ മാര്‍ച്ച്‌ 11നാണ് സിഎഎ വിജ്ഞാപനം പുറപ്പെടുവിച്ചത്.