ചില ഗിറ്റാർ സ്മരണകൾ: ഓമന ജോൺ, മസ്കറ്റ്

ചില ഗിറ്റാർ സ്മരണകൾ: ഓമന ജോൺ, മസ്കറ്റ്

സംഗീതവാസനയുള്ള ഒരു കുടുംബത്തിലാണ് ഞാൻ ജനിച്ചത്. എന്റെ വല്യപ്പച്ചൻ, ളാമണ്ണിൽ ജോസഫ് (ഔസേപ്പച്ചൻ) നന്നായി പാടുമായിരുന്നു. നാട്ടിൻപുറത്തെ ഞങ്ങളുടെ  പള്ളിയിലെ ഗായകസംഘത്തിൽ എന്റെ വല്യപ്പച്ചനും,  അപ്പന്റെ ഇളയ സഹോദരൻ ആന്റണി എന്ന അന്തോനിച്ചനും ഉണ്ടായിരുന്നു. അപ്പന്റെ ഇളയ സഹോദരിയും നന്നായി പാടും. 

 അപ്പന്റെ ഭവനത്തിൽ, ഹർമോണിയം, ബുൾ ബുൾ, വയലിൻ, എന്നീ സംഗീതോപകരണങ്ങൾ ഉണ്ടായിരുന്നു. എന്റെ ഉപ്പാപ്പൻ അന്തോനിച്ചൻ ഇതെല്ലാം കൈകാര്യം ചെയ്യുമായിരുന്നു. 

പക്ഷെ, വളർന്നു വന്നപ്പോൾ എനിക്കു താൽപ്പര്യം ഗിറ്റാറിനോടായിരുന്നു. 

കോളേജിൽ ചേർന്നപ്പോൾ ഗിറ്റാർ പഠിക്കണമെന്ന എന്റെ ആഗ്രഹത്തിന് ഒരു വഴി തുറന്നു. എന്നെ പോലെ ഗിറ്റാറിസ്റ്റാകാൻ ആഗ്രഹമുള്ള കുറച്ചു കൂട്ടുകാരികൾ കോളേജ് ഹോസ്റ്റലിൽ ഉണ്ടായിരുന്നു. 

തന്റെ വിദ്യാർത്ഥിനികളുടെ ആഗ്രഹങ്ങൾക്ക് തടസ്സം നിൽക്കാത്ത വ്യക്തിയായിരുന്നു ഞങ്ങളുടെ പ്രിൻസിപ്പൽ മദർ ജോസ്ഫിൻ. എല്ലാ നല്ല കാര്യങ്ങൾക്കും ഞങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ഒരു വലിയ മനസ്സായിരുന്നു മദറിന്റേത്. 

അങ്ങനെ ഒരു ദിവസം മദറിനെ ചെന്നു കണ്ടു. ഞങ്ങളുടെ മനസ്സിലെ ആ സ്വപ്നം അറിയിച്ചു. മദർ വേണ്ടതു ചെയ്യാമെന്ന് ഞങ്ങൾക്കു ഉറപ്പു തന്നു. 

അധിക കാലതാമസം ഇല്ലാതെ, ഒരു ഗിറ്റാർ മാസ്റ്റർ കോളേജിലെത്തി. 

ആ സമയം ഗൾഫിൽ ആയിരുന്ന എന്റെ അപ്പനെ ഗിറ്റാർ പഠനത്തെപറ്റി ഞാൻ അറിയിച്ചു. മൂത്ത സന്താനം ഗിറ്റാർ പഠിക്കാൻ പോകുന്നു എന്നറിഞ്ഞപ്പോൾ അപ്പനു സന്തോഷം. "കുടുംബത്തിന്റെ സംഗീത പാരമ്പര്യം മകൾക്കു കിട്ടാതെ വരില്ലല്ലൊ" അപ്പൻ അങ്ങിനെ ചിന്തിച്ചു കാണും. ഗിറ്റാർ മേടിക്കാൻ ഉടനെ പണവും അയച്ചു തന്നു. 

ഗിറ്റാർ പഠനം കഴിഞ്ഞതിനു ശേഷം, കോളേജ് സ്റ്റേജിൽ...കുടുംബ സദസ്സുകളിൽ...ഞാൻ ഗിറ്റാറും പിടിച്ചു നിൽക്കുന്നതും, മനോഹരമായ ഗാനങ്ങൾ വായിച്ചു എല്ലാവരെയും രസിപ്പിക്കുന്നതും ഭാവനയിൽ കണ്ടു. അല്പസ്വല്പം പാടാനുള്ള കഴിവ് ദൈവം തന്നിട്ടുണ്ട്. അതിന്റെ കൂടെ ഗിറ്റാറും കൂടിയാകുമ്പോൾ, സംഗീത മേഖലയും കൂടെയിങ്ങു പോരുമെന്നു ഞാൻ ഉറപ്പിച്ചു. 

വൈകുന്നേരങ്ങളിലാണ് ക്ലാസ്സ്‌. ഹോസ്റ്റൽവാസികളായ ഞാൻ, എന്റെ സീനിയർ ആയ മേരി റീറ്റ ചേച്ചി, എന്റെ സുഹൃത്തുക്കൾ സിസ്സി ബെഞ്ചമിൻ, ബിജി, അനില അലക്സാണ്ടർ, ലിസമ്മ മാത്യു ഇത്രയും പേർ ഗിറ്റാർ പഠിക്കാൻ തുടങ്ങി. കൂടെ, ഞങ്ങളുടെ പ്രിൻസിപ്പൽ മദർ ജോസ്ഫിനും. 

മദർ തിരക്കായതു കൊണ്ടു അപൂർവമേ പഠിക്കാൻ വരാറുണ്ടായിരുന്നുള്ളു. 

പഠിപ്പിക്കാൻ വന്നത് ചെറുപ്പക്കാരനായ ഒരു മാസ്റ്റർ. C major, A major, G major, D major, അങ്ങിനെ കുറച്ചു മേജറുകൾ മാസ്റ്റർ പഠിപ്പിക്കാൻ തുടങ്ങി. 

മേജറുകൾ കൊട്ടി പഠിച്ചു ബോറടിക്കുമ്പോൾ ഞങ്ങൾ മാസ്റ്ററിനോട് പറയും "സാർ, ഒരു മുഖം മാത്രം കണ്ണിൽ, ആ പാട്ടൊന്നു കേൾപ്പിക്കാമോ? "മാടപ്രാവേ വാ" ഒന്നു വായിക്കാമോ? സുന്ദരികളായ കോളേജുകുമാരികൾ പറഞ്ഞാൽ, പിന്നെ സാറിനു മറുവാക്കില്ല. സാർ ഗിറ്റാറിൽ പാട്ടുകൾ വായിച്ചു. അക്കാലത്തിറങ്ങിയ സലിൽ ചൗധരി 

ഹിറ്റ്‌ ഗാനങ്ങളെല്ലാം സാറിനെ കൊണ്ടു ഞങ്ങൾ വായിപ്പിച്ചു. മാസ്റ്റർ ഞങ്ങൾക്കിഷ്ട്ടപ്പെട്ട പാട്ടുകൾ വായിക്കുന്നതും കേട്ട് ഞങ്ങൾ ലഹരി പിടിച്ചിരുന്നു. 

ഗിറ്റാർ പഠനം വേണ്ട രീതിയിൽ നടക്കുന്നില്ലെന്നും, സാറിനെ കൊണ്ട് ഞങ്ങൾ പാട്ടുകൾ വായിപ്പിച്ചു രസിക്കുകയാണെന്നും, ഏതോ കുബുദ്ധികൾ ഞങ്ങളുടെ വാർഡനെ അറിയിച്ചു. ഞങ്ങളുടെ വാർഡനും ആ കാലത്ത് ഒരു മദർ ജോസ്ഫിൻ ആയിരുന്നു. അതോടെ ചെറുപ്പക്കാരൻ ഗിറ്റാർ മാസ്റ്റർ ഔട്ട്‌. 

പിന്നെ വന്നത്, ആറടി പൊക്കവും, വലിയൊരു കുടം പോലെ വയറുമുള്ള ഒരു സീനിയർ സിറ്റിസൺ ആയിരുന്നു. മദർ ഞങ്ങൾക്കിട്ടു ഒരുഗ്രൻ പാര വെച്ചതാ. കിളവൻ ആകുമ്പോൾ ഞങ്ങൾ മര്യാദക്കിരുന്നു പഠിച്ചോളും എന്നു മദർ വിചാരിച്ചു. 

ഗിറ്റാറും പിടിച്ചു അങ്ങേരുടെ മോന്തക്കും നോക്കിയിരുന്നപ്പോൾ, മനസ്സിലുണ്ടായിരുന്ന സംഗീതം വറ്റി വരണ്ടു പോകുന്നത് ഞാനറിഞ്ഞു. അതുകൊണ്ട്, ഞാനാ പഠനം അങ്ങു നിറുത്തി. 

അങ്ങനെയിരിക്കെ, ഞാനും റീറ്റ ചേച്ചിയും ഒരു പ്രശ്നത്തിൽ പെട്ടു. ഏതോ ഒരു പ്രത്യേക ദിവസം, കോൺവെന്റ് ചാപ്പലിലെ കുർബാനക്ക്, പാട്ടുകൾക്ക് ഗിറ്റാറടിക്കാൻ എന്നെയും റീറ്റ ചേച്ചിയെയും സിസ്റ്റേഴ്സ് തിരഞ്ഞെടുത്തു. ഞങ്ങൾക്കു ഗിറ്റാർ പിടിക്കാൻ അറിയാം എന്നുള്ളതല്ലാതെ, പാട്ടുകൾക്കനുസരിച്ചു വായിക്കാൻ അറിയില്ല. എന്നാൽ, "അറിയത്തില്ല" എന്ന കാര്യം ഞങ്ങൾ ആരോടും പറഞ്ഞില്ല. രാത്രി കാലങ്ങളിൽ പ്രാക്റ്റീസ് ഉണ്ട്. ഞാനും ചേച്ചിയും ഞങ്ങളുടെ ഗിറ്റാറുകളുമായി ഇരിക്കും. ഞങ്ങൾ ഇടയ്ക്കിടെ തമ്മിൽ തമ്മിൽ നോക്കും. പാട്ടുകാർ പാടി. പാട്ടുകൾ ഒരു വഴിക്കും, ഞങ്ങളുടെ ഗിറ്റാർ വായന മറ്റൊരു വഴിക്കും പോയി. എന്താണെന്നു അറിയില്ല, ഞങ്ങളെ ആരും പിടിച്ചില്ല. 

ഗിറ്റാറും കയ്യിൽ വഹിച്ചു കൊണ്ടു ഹോസ്റ്റലിൽ നിന്നും ക്ലാസ്സ്‌ നടക്കുന്ന ഓഡിറ്റോറിയത്തിന്റെ എതിർവശത്തുള്ള ഹാളിലേക്ക് ഒരു വരവുണ്ട്. അതുപോലേ ക്ലാസ്സ്‌ കഴിഞ്ഞു തിരിച്ചൊരു പൊക്കും. ആ സമയത്ത് മറ്റു ഹോസ്റ്റൽവാസികൾ അവിടെ പല സ്ഥലങ്ങളിൽ ഇരുന്നു പഠിക്കുകയും നടക്കുകയും ചെയ്യും. അവരുടെ നോട്ടം എന്നിലേക്കു വരുമെന്നു എനിക്കറിയാം. ദാസേട്ടന്റെ (പ്രശസ്ത ഗായകൻ യേശുദാസ് ആണേ) ട്രൂപ്പിലെ അന്നത്തെ ലീഡ് ഗിറ്റാറിസ്റ്റു എമിൽ ഐസക്കിനേക്കാൾ ഗമയിൽ ഞാൻ നടക്കും. 

ഗിറ്റാർ പഠനം തുടരാൻ കഴിഞ്ഞില്ലെങ്കിലും, ഗിറ്റാർ എന്റെ കിടപ്പുമുറിയിൽ ദിവ്യമായ ഒരു സാധനം പോലെ ഞാൻ സൂക്ഷിച്ചിരുന്നു. 

കല്യാണം കഴിഞ്ഞു. മക്കളായി. ഞാൻ വിചാരിച്ചു, മക്കൾ വളർന്നു വരുമ്പോൾ അവർ ഗിറ്റാർ പഠിക്കുമെന്ന്. പക്ഷെ, വളർന്നപ്പോൾ, രണ്ടു പേരും കീബോർഡ്‌ പഠിക്കാൻ താല്പര്യപ്പെട്ടു. കുറച്ചു കാലം രണ്ടു പേരും പഠിച്ചു. പിന്നെ, നിറുത്തി. 

കുറച്ചു കാലം മുൻപ്, മകൾ പറഞ്ഞു, "അമ്മ, എനിക്കു ഗിറ്റാർ പഠിക്കണം." എനിക്കു സന്തോഷമായി. ഉടനെ തന്നെ ഗിറ്റാർ വാങ്ങി. അധികം താമസിക്കാതെ മറ്റൊരു രാജ്യത്തേക്ക് ട്രാൻസ്ഫർ ആയി അവൾക്കു പോകേണ്ടിയും വന്നു. 

ആ ഗിറ്റാർ ഞാൻ സൂക്ഷിച്ചു വെച്ചിരിക്കുന്നു. ചെറുപ്പത്തിൽ മുടങ്ങിയ ഗിറ്റാർ പഠനം വീണ്ടും തുടങ്ങണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. 

"അതിനെനിക്കു കഴിയുമോ? എന്റെ ആ ചോദ്യത്തിനു ഉത്തരം തരേണ്ടതു കാലമാണ്. 

 

 ഓമന ജോൺ