കേള്‍ക്കാതെ പോകുന്ന പിന്‍വിളികള്‍: ബുക് റിവ്യൂ , കെ ആർ മോഹൻദാസ്

Sep 3, 2026 - 11:12
Sep 3, 2026 - 11:24
 0  6
കേള്‍ക്കാതെ പോകുന്ന പിന്‍വിളികള്‍: ബുക് റിവ്യൂ , കെ ആർ മോഹൻദാസ്
പ്പോഴും വാകപ്പൂക്കള്‍ പാര്‍വ്വതിയുടെ മേല്‍ കൊഴിഞ്ഞുവീണുകൊണ്ടേയിരുന്നു….
ജീവിതത്തിലെ മറക്കാനാവാത്ത ഒരു നിമിഷം  ഏതായിരിക്കുമെന്ന ഒരു ചോദ്യത്തിന് ഉത്തരം തിരഞ്ഞുകൊണ്ടാണ് ഓരോ കഥയെയും മനസ്സു കൊണ്ടു തൊടുന്നത്. പുഷ്പിച്ചുനില്‍ക്കുന്ന ഒരു വാകമരച്ചോട്ടില്‍ തനിച്ചിരിക്കുമ്പോള്‍  പ്രിയപ്പെട്ട ഓര്‍മ്മകള്‍ പോലെ അടിമുടി മൂടുന്ന വാകപ്പൂക്കളുടെ പരിരംഭണത്തിലെ ലഹരി പിടിപ്പിക്കുന്ന ആ ലയനം. ഉള്ളിലൊരു തണുപ്പുനിറയും. അത്തരം അനുഭവമില്ലാത്തവർ പോലും ആ കാഴ്ചയിലേക്ക് നോക്കിയിരിക്കും. പ്രമീളദേവിയുടെ പൊരുത്തക്കേടിലെ സുഖം എന്ന കഥകളിലൂടെ യാത്രചൊയ്യുമ്പോള്‍ ആ വായനാനുഭവത്തിന് സെപ്തംബറില്‍ മിഴിതുറക്കുന്ന ഗുല്‍മോഹറിന്‍റെ ചെമപ്പുണ്ട്.

                           പ്രമീളാദേവി
ഈ കഥകളെ അറിയുമ്പോള്‍ , എത്ര കരവിരുതോടെയാണ്  താങ്കൾ വാക്കുകളെ അണിയിച്ചൊരുക്കിയിരിക്കുന്നതെന്ന് ചോദിച്ചു പോവുന്നു. ചില പുസ്തകങ്ങൾ അങ്ങനെയാണ്. വായന കഴിഞ്ഞാലും കഥയും കഥാപാത്രങ്ങളും മനസ്സിൽ നിന്ന് അത്ര വേഗം പോകില്ല. ഊരാക്കുടുക്കിലെ ശാലിനിയെ നോക്കൂ. എങ്ങനെ ആത്മഹത്യ ചെയ്യണം എന്നു ചിന്തിച്ചുകൊണ്ടിരിക്കുന്ന ശാലിനി.
തൂങ്ങി മരിക്കുന്നതാണോ, വെള്ളത്തിൽച്ചാടി മരിക്കുന്നതായിരിക്കുമോ നല്ലത്?
അതോ, വിഷം കഴിച്ച്?
വേണ്ട... ഉറക്കഗുളിക പൊടിച്ച് വെള്ളത്തിൽ കലക്കിക്കുടിക്കാം. അതാകുമ്പോൾ ഉറങ്ങിയുറങ്ങി മരിച്ചോളും.
ആത്മഹത്യ ചെയ്യാന്‍ വെമ്പിനടന്ന ശാലിനി കഥ തീരുമ്പോള്‍ ആത്മഹത്യാപ്രവണതയുള്ളവരെ രക്ഷിക്കുന്നയാളായി മാറുന്നു.
ജീവിതം ജീവിതത്തിനുള്ളിലാണ് എന്ന ബോധ്യമാണ് ഈ കഥ.

മനുഷ്യന്‍ ഏറ്റവും കൂടുതൽ സംസാരിക്കുന്നത് മറ്റുള്ളവരോടാണ്. എന്നാൽ ഏറ്റവും കുറച്ച് സംസാരിക്കുന്നത് സ്വന്തം മനസ്സിനോടാണ്. പുറത്തുള്ള ശബ്ദങ്ങൾക്കിടയിൽ ഉള്ളിലെ ശബ്ദം പലപ്പോഴും കേൾക്കാതെ പോകുന്നു. കേള്‍ക്കാതെ പോകുന്ന, ഒരു പക്ഷേ കേള്‍ക്കാനോ മറുപടി കൊടുക്കാനോ ശ്രമിക്കാതെ പോകുന്ന ചില പിന്‍വിളികള്‍ ഒരായുസ്സുമുഴുവന്‍ ആത്മാവിന്‍റെ നീറ്റലായിരിക്കുും. 
‘’ദേ, ഒരു നിമിഷം’’ എന്ന കഥയിലെ  ഭാമ എന്ന കഥാപാത്രത്തെ അത്രയെളുപ്പം മറക്കാന്‍ കഴിയില്ല. ഡോ. ആദിത്യനോട്  ഒറ്റയ്ക്കു സംസാരിക്കാന്‍ കൊതിച്ചുകൊണ്ട് അയാളുടെ പിന്നാലെ വരുന്ന ഭാമ. ആദിത്യനാവട്ടെ ഭാമയെ അവഗണിക്കുന്നു. ഒരു മഞ്ഞുതുള്ളിയെ മോഹിക്കുന്ന പനിനീര്‍പ്പൂവിന്‍റെ നൊമ്പരത്തെക്കുറിച്ചുള്ള ഒരു വരി പോലെ ഭാമ. ചില പിന്‍വിളികള്‍ കേള്‍ക്കാതിരിക്കുമ്പോള്‍ അതു നല്‍കുന്ന വേദന താങ്ങാവുന്നതിലുമപ്പുറമാണ്.
ഈ സമാഹാരത്തിലെ കഥകള്‍ വായിക്കുമ്പോൾ  വായനക്കാർക്കും തോന്നാം. 'ഇത് എന്‍റെ മനസ്സിൽ ഒരിക്കൽ തോന്നിയ കാര്യമല്ലേ? കഥകള്‍ അനുവാചകനുമായി സംവദിക്കുന്നതിനാലാണ് ഈ തോന്നല്‍ വരുന്നത്. അതുകൊണ്ടുതന്നെ ഈ കഥകള്‍ വായനക്കാരന് അന്യമായി തോന്നുന്നില്ല. മറിച്ച്, എവിടെയോ മുമ്പ് കണ്ടുമുട്ടിയ ഒരു സുഹൃത്തിനെപ്പോലെ അടുപ്പം സൃഷ്ടിക്കുന്നു. 
‘’….അച്ഛൻ ബഹളം വയ്ക്കുമ്പോളോക്കെ അമ്മ എന്തിനായിരുന്നു ചിരിച്ചിരുന്നതെന്ന് ഇപ്പോഴാണ് കൃഷ്‌ണന് മനസ്സിലായത്…..’’
ജീവിതത്തിന്‍റെ ആകുലതകളെ ഒരു ചെറുചിരിയിലൂടെ നേരിടാൻ കഴിയുമെന്ന് ഇവിടെ എഴുത്തുകാരി ഓർമ്മിപ്പിക്കുന്നു. ആ ചിരി പൊട്ടിച്ചിരിക്കാനുള്ളതല്ല; , ഉള്ളിൽ ചെറിയൊരു പുഞ്ചിരി വിടർത്തി ചിന്തിപ്പിക്കുന്നതാണ്.  പൊരുത്തക്കേടിലെ സുഖം എന്ന കഥയിലെ കൃഷ്ണനും - വസുമതിയും നമ്മുടെ അയല്‍വീട്ടിലെ, അല്ലെങ്കില്‍ നമ്മുടെയുള്ളില്‍ തന്നെ ജീവിക്കുന്നവരാണ്.
ജീവിതത്തിൽ നിന്ന് പുറത്തുകടക്കണമെന്ന തോന്നലിനും, അതേസമയം പിടിച്ചുനിന്ന് വീണ്ടും ജീവിക്കണമെന്ന ആഗ്രഹത്തിനുമിടയിൽ നിൽക്കുന്ന മനുഷ്യമനസ്സിനെ കഥാകാരി സൂക്ഷ്മമായി നിരീക്ഷിക്കുന്നു.  പടവാള്‍ എന്ന കഥയിലെ നദീറയുടെ ജീവിതസമരങ്ങള്‍ പ്രത്യേകം അടയാളപ്പെടുത്തുന്നു.
‘’….ഈ ലോകം സ്ത്രീകൾക്ക്കൂടി വേണ്ടിയുള്ളതാണ് എന്ന സത്യമിപ്പോൾ തിരിച്ചറിയുന്നു. അബലകളായി ആരുംതന്നെ ജനിക്കുന്നില്ല. നമ്മൾ ശക്തിയാർജ്ജിക്കേണ്ടസമയം അതിക്രമിച്ചിരിക്കുന്നു. സമൂഹത്തിന് നന്മ ചെയ്യാൻവേണ്ടി പുനർജ്ജനിക്കുക…’’
പെണ്‍മനസ്സുകളെ പ്രചോദിപ്പിക്കുന്ന പടവാള്‍തന്നെയാണ് ഇക്കഥ.
അവതാരികയെഴുതിയ പുസ്തകനിരൂപകന്‍ രാജുമോഹന്‍ ശ്രദ്ധേയമായ നിരീക്ഷണങ്ങള്‍ നടത്തിയിട്ടുണ്ട്-
"കഥപറച്ചിലിലെ സാരള്യവും ലാളിത്യവുമാണ് ഈ സമാഹാരത്തിലെ ഓരോ കഥയുടെയും ഏറ്റവുംവലിയ സവിശേഷത. അങ്ങേയറ്റം ഋജുവും ലളിതവുമായ ഭാഷയിലാണ് ഈ കഥപറച്ചിൽ. ഇതേറ്റവും സ്വാഭാവിക മായി സംഭവിക്കുന്നതാണ്. സൗഹൃദം, പ്രണയം, വിരഹം, ദാമ്പത്യത്തിലെ അലോസരങ്ങൾ, രോഗപീഡ..ഇങ്ങനെ പലതരത്തിലുള്ള ജീവിതയാഥാർത്ഥ്യങ്ങളുടെ സത്യസന്ധമായ ആവിഷ്ക്കരണത്തിന് ഇണങ്ങുന്നതും അനുരൂപവുമായ ഭാഷാശൈലിയും ആഖ്യാനശൈലിയുമാണ് ഈ സമാ ഹാരത്തിലെ ഓരോ കഥയിലുമുള്ളത്. ഏതാണ്ടെല്ലാ കഥകളും റിയലിസ്റ്റിക് ശൈലിയിലാണ് രചിച്ചിട്ടുള്ളത്; കാല്പനികതയുടെ പീലി ചുഴറ്റിത്തലോടൽ ഒട്ടുമിക്ക കഥകൾക്കും അന്യമാണെന്നുതന്നെ പറയാം. ജീവിത സത്യങ്ങളുടെ കണ്ണഞ്ചിക്കുന്ന പ്രഭാപൂരത്തിൻ്റെ തിളക്കം ഈ കഥകളെ വേറിട്ട ഒരു തലത്തിലേയ്ക്ക് ഉയർത്തുന്നുണ്ട്. ‘’
ഊരാക്കുടുക്ക് , വാടാമല്ലി, മധുരപ്രതികാരം, കൃഷ്ണതുളസി, രാജാവിന്‍റെ മകൻ, പൊരുത്തക്കേടിലെ സുഖം, ഒരു സൈക്കിൾ അപാരത, പടവാൾ, ദേ, ഒരു നിമിഷം, തീർത്ഥാടനത്തിലെ ഗൃഹസ്ഥാശ്രമം, അണയാദീപം, ദേവയാനി, ജ്വാലയായ്,അവസാനത്തിൽ നിന്നും ആരംഭത്തിലേക്ക്, മനക്ഷതങ്ങൾ, ശരീരത്തിന്‍റെയും, സ്വപ്നക്കൂട്, പൂവാക, മണ്ണാങ്കട്ടയും കരീലയും തുടങ്ങിയ 18 കഥകളാണ് ഈ സമാഹാരത്തിലുള്ളത്. തന്‍റെ കഥകളിലൂടെ കഥാകാരി ജീവിതത്തെ ഒരു മന്ദസ്മിതത്തോടെ ഉറ്റുനോക്കുകയാണ്. ലളിതവും സ്വാഭാവികവുമായ ഭാഷയാണ് ഇക്കഥകളുടെ ശക്തി. ഒരാൾ അരികിലിരുന്ന് സംസാരിക്കുന്നതുപോലെയുള്ള അടുപ്പമാണ് അനുഭവപ്പെടുന്നത്. 
‘’…കഥകളുടെ പ്രസക്തിയും പ്രാധാന്യവും ഏറിവരുന്ന ഇക്കാലത്ത്, ഫാൻ്റസിയുടെ തോരണം കെട്ടാതെ, അതിശയോക്തി തൊട്ടുകൂട്ടാൻ പോലും ഇലയുടെ തുമ്പിൽ വിളമ്പാതെ, 'പെണ്ണെ'ന്ന സ്വത്വത്തെയും അവളുടെ ചിന്തകളെയും വികാരങ്ങളെയും സ്വ‌പ്നമോഹങ്ങളെയും യഥാതഥമായി ആവിഷ്കരിച്ച കഥകളാണ് ഇവ "മലയാണ്മയുടെ കൈപ്പുണ്യങ്ങൾ" എന്നടയാളപ്പെടുത്താവുന്ന കഥകൾ…’’
പ്രമീളാദേവിയുടെ കഥകളെക്കുറിച്ചുള്ള എഴുത്തുകാരിയായ  ഗിരിജാവാര്യരുടെ ഈ നിരീക്ഷണം ശ്രദ്ധേയമാണ്.  

കെ ആര്‍ മോഹന്‍ദാസ്