ഹൃദയാഴങ്ങളിലേക്ക്; ബുക് റിവ്യൂ: മോഹൻ ദാസ്

Feb 6, 2025 - 20:02
 0  70
ഹൃദയാഴങ്ങളിലേക്ക്;  ബുക് റിവ്യൂ: മോഹൻ ദാസ്
പ്രമീളാദേവിയുടെ 'ഹൃദയാക്ഷരങ്ങള്‍' തുറക്കുമ്പോള്‍ എൻ്റെ ഓണം എന്ന കവിതയെക്കുറിച്ച് ഒരു വരി കുറിക്കാതെ മുന്നോട്ടു പോകാനാവില്ല. കരള്‍ മുറിയുന്നതുപോലെ കരയുന്ന കേരളത്തെ നടുക്കിയ ഇരട്ടക്കൊലപാതകത്തോടെ അനാഥരായ  നെന്മാറയിലെ രണ്ടു പെണ്‍കുരുന്നുകളുടെ കണ്ണുനീര്‍ക്കണങ്ങള്‍ ഈ കവിതയില്‍ ഞാന്‍ കാണുന്നു. സഹജീവിയുടെ ഓണം രക്തപങ്കിലമാക്കുന്ന നീചജന്മങ്ങള്‍ക്കെതിരെ കവി പൊട്ടിത്തെറിക്കുന്നു.
 എൻ്റെ ഓണം
ഇനി... എൻ്റെ വിരലിൽ നിന്നും കവിത ഒഴുകില്ല പകരം കണ്ണിൽ നിന്നും ചോര ചിന്തുന്നു.
ഇനി...
എനിക്ക് ഓണമില്ല പുത്തനുടുപ്പില്ല മാവേലി എന്നെത്തേടി വരികയുമില്ല.
ഇനി...
എന്‍റെ പൂക്കൾക്ക് നിറമില്ല, മണമില്ല വരണ്ടുണങ്ങിയ ചുണ്ടുകളിൽ ഓണപ്പാട്ടുമില്ല.
ഇനി...
എൻ്റെ പോന്നോണത്തിന് പുടവയില്ല...
 'ഹൃദയാക്ഷരങ്ങള്‍' നമുക്ക് വെറുതെ തൊട്ടു തലോടിപ്പോകാനുള്ളതല്ല. നമ്മുടെയുള്ളില്‍ വളരാനുള്ളതാണ്. സ്വയം തിരിച്ചറിയാനുള്ള ദര്‍പ്പണമാണ്. ഉറവിടങ്ങളിലേക്കുള്ള മടക്കയാത്രയാണ്. അക്ഷരങ്ങളാല്‍ തഴുകിയുണര്‍ത്തപ്പെട്ട ജീവിതത്തിന്‍റെ ഗാഢമായ ആശ്ലേഷങ്ങളാണ് ഈ കവിതകള്‍
ഈ പുസ്തകത്തിലേക്കു ജാലകങ്ങള്‍ തുറക്കും മുന്‍പേ നമുക്ക് നമ്മുടെ അഹന്തയുടെ പാദുകങ്ങള്‍ ഊരിവയ്ക്കാം. ആത്മാവിനെ സ്ഫടികശുദ്ധമാക്കാം.
കണ്ണും കര്‍ണ്ണങ്ങളും സംവേദനഗ്രന്ഥികളും കഴുകി വെടിപ്പാക്കി, നഗ്നപാദരായി വേണം നമുക്കീ വാക്കുകളുടെ വാതിൽ തുറക്കേണ്ടത്. .
ശലഭങ്ങൾ സുഷുപ്തിയിലാണ്ടുപോയ പൂമൊട്ടുകളെ ചുംബിച്ചുണര്‍ത്തുന്നതുപോലെയുള്ള ഒരു പ്രഭാതത്തിലേക്ക് നമുക്കുള്ളിലെ ഒരു അരുണോദയത്തെ ഈ കവിതകള്‍ വിളിച്ചുണർത്തുന്നു. നീലവാനിന്‍റെഅതിരുകളെ മായ്ച്ച് മായ്ച്ച് പറന്നുപോകുന്ന ഒരു പാതിരാക്കിളിയുടെ ചിറകടികൾ ഇതിലെ വരികളിലുണ്ട്.
"എത്രയോ കാലമായ് പറയുവാനാശിച്ച കാവ്യബിംബങ്ങൾ പിറന്നു വിണു “പ്രിയതം ഗുരുക്കൾതൻ ശ്രേഷ്ടമുഖങ്ങളും മുന്നിൽത്തെളിയുന്നു കുമ്പിടുന്നു." പ്രേണതി) 
എന്നീ വരികളിലൂടെയുള്ള കവയിത്രിയുടെ പ്രണാമം ഒരു നല്ല ശുഭാരംഭത്തിന്‍റെ  ലക്ഷണമാണ്.
തൻ്റെ പുസ്തകത്തിൽ കുറവുകളുണ്ടെന്നു സ്വയം വെളിപ്പെടുത്തുന്നതിലെ എളിമ കാണുമ്പോൾ ഈ പുസ്തകത്തിന് വേറൊരു അവതാരിക അനിവാര്യമല്ലെന്നാണ് തനിക്കുതോന്നുതെന്ന് 
ആര്‍ കെ തഴക്കര അവതാരികയില്‍ കുറിച്ചീട്ടുണ്ട്
ജീവിതത്തിന്‍റെ കനൽപ്പുറങ്ങളിൽ പെയ്തിറങ്ങുന്ന മഴയുടെ കുളിരാണ് പ്രമീളാദേവിയ്ക്കു കവിത എന്ന ആശംസ എഴുതിയ പ്രഭാവര്‍മ്മയുടെ നിരീക്ഷണം അന്വര്‍ത്ഥമാക്കുന്ന വായനയാണ് ഹൃദയാക്ഷരങ്ങള്‍.
വിങ്ങുന്ന മേഘത്തിനു പെയ്യലാണു സമാശ്വാസം. വിടരാന്‍ വിതുമ്പുന്ന പൂമൊട്ടിനു വിടരലാണു സ്വാത്രന്ത്യം. ഇത്തരമൊരു സ്വാതന്ത്ര്യവും സമാശ്വാസവുമാണ് പ്രമീളയ്ക്കു കവിത. ഉതിരുന്ന കണ്ണുനീർത്തുള്ളികള്‍ പോലെ അത് അനുവാചകൻ്റെ മനസ്സിൽ പതിക്കുന്നു. ഒരേസമയം മനസ്സിനെ ഊഷ്മളവും ആർദ്രവുമാക്കുന്നു.
'തെരുവുബാല്യം' പോലെ സങ്കടങ്ങളുടെ ഇരുൾവീണ ഇടനാഴികളുണ്ട് ഈ കവിതാസമാഹാരത്തിൽ. അനുഭൂതിയുടെ ഋതുശോഭകൾ പകർന്നു വെയ്ക്കുന്ന 'സ്വപ്നവും'ഹൃദയനിമന്ത്രണങ്ങൾ പകർന്നുതരുന്ന കനിവിന്‍റെ ലയാത്മകത സംവേദനം ചെയ്യുന്ന 'വെറുതെയും' രാധാകൃഷ്ണ സമന്വയ-ത്തിന്‍റെ ദീപ്തസൗന്ദര്യം അനുഭവിപ്പിക്കുന്ന ' 'എൻ്റെ കണ്ണനും', ജന്മാന്തരസൗഹൃദങ്ങളെ ഓർമ്മിപ്പിക്കുന്ന *തിരമാലകളും* ഏകാന്തദുഃഖത്തിൻ്റെ ആഴങ്ങൾ അളക്കുന്ന 'നിശീഥത്തിൻ തേങ്ങലുകളും' ജീവിതസംഘർഷത്തിന്‍റെ കനൽത്തരികൾ തൊട്ടെടുക്കുന്ന ' *പ്രണയവിഷവും* തുടങ്ങിയ കവിതകളൊക്കെയും മനസ്സിനു നേർക്കു പിടിച്ച ദർപ്പണങ്ങളാവുന്നുവെന്നുള്ള പ്രഭാവര്‍മ്മയുടെ നിരീക്ഷണങ്ങള്‍ക്ക് ഉജ്ജ്വലകാന്തിയുണ്ട്.
"പിഡനം, കൊല്ലും കൊലയുമില്ലാത്തൊരു നല്ലകാലം പിറക്കട്ടെ ധരണിയിൽ എന്ന ഈരടിയിൽ നല്ലൊരു ശുഭാപ്തിവിശാസിയെയും ദർശിക്കാനാവും.
ഈ ചെറുകാവ്യഗ്രന്ഥം വായിച്ചുകൊണ്ടിരുന്നപ്പോൾ ജീവിതത്തിന്‍റെ വൈവിദ്ധ്യമാര്‍ന്ന രംഗങ്ങളിലൂടെ ഞാൻ കടന്നുപോവുകയായിരുന്നു. അവയെ ഇണക്കിച്ചേർക്കാനുള്ള തീക്ഷ്ണമായ അവബോധങ്ങൾ ഉണർന്നുവരികയായിരുന്നു. ഇവിടെ വാക്കുകൾ വർണ്ണശബളമായ ഒരു പൂമരമായി നമ്മിൽ തളിരിടുന്നു. 
നാം ജീവിക്കേണ്ടതും ജീവിക്കാതെ പോകുന്നതുമായ ഒരു ശൈശവം വീണ്ടെടുക്കപ്പെടുകയാണിവിടെ. വാക്കുകളുടെ മുകുളങ്ങളിലേക്ക് ഒരു പെൺകുഞ്ഞ് നടന്നുവരികയാണ്.
ഒരു പുസ്തകത്തിന്‍റെ അന്തിമവിധികര്‍ത്താക്കള്‍ വായനക്കാരാണ്. അനുവാചകരോടുള്ള തന്‍റെ
സ്നേഹാദരങ്ങള്‍ പ്രകാശിപ്പിച്ചു കൊണ്ടാണ് പ്രമീളാദേവി 'ഹൃദയാക്ഷരങ്ങള്‍ എന്ന പുസ്തകവുമായി അനുവാചകരുടെ മുന്നിലേക്കത്തുന്നത്.
36 ഓളം കവിതകള്‍ ഈ സമാഹാരത്തെ ധന്യമാക്കുന്നു.
പ്രസാധകര്‍ - മയൂഖം  വില - 150 രൂപ