ബംഗളൂരുവിലെ 60 സ്കൂളുകള്‍ക്കു നേരെ ബോബ് ഭീഷണി; വിദ്യാര്‍ത്ഥികളെ ഒഴിപ്പിച്ചു

ബംഗളൂരുവിലെ 60 സ്കൂളുകള്‍ക്കു നേരെ ബോബ് ഭീഷണി; വിദ്യാര്‍ത്ഥികളെ ഒഴിപ്പിച്ചു
ബംഗളൂരുവിനെ ഭീതിയിലാഴ്ത്തി സ്കൂളുകളില്‍ ബോംബ് ഭീഷണി സന്ദേശം. ഡിസംബര്‍ ഒന്നിന് പുലര്‍ച്ചെ 7.04 ഓടെയാണ് ബംഗളൂരുവിലെ 60 ഓളം സ്കൂളുകളില്‍ ബോംബ് ഭീഷണി മുഴക്കുന്ന ഇമെയില്‍ സന്ദേശം എത്തിയത്.
സ്കൂള്‍ അധികൃതര്‍ പോലീസില്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് ബോംബ് ഡിറ്റക്ഷൻ സ്ക്വാഡിന്റെ നേതൃത്വത്തില്‍ സമഗ്ര പരിശോധന നടത്തിയെങ്കിലും അപകടകരമായ ഒന്നും കണ്ടെത്തിയില്ല.

ഇതൊരു വ്യാജ ഇമെയില്‍ സന്ദേശമാണെന്നും, 2022 ല്‍ സമാനമായി 15 സ്കൂളുകള്‍ക്ക് ഭീഷണി സന്ദേശം ലഭിച്ചിരുന്നുവെന്നും ബംഗളൂരു പോലീസ് കമ്മീഷ്ണര്‍ ബി ദയാനന്ദ ന്യൂസ്‌ 18 നോട്‌ പറഞ്ഞു. ഭയക്കേണ്ട സാഹചര്യം ഇല്ലെന്നും, എല്ലാവരുടെയും സുരക്ഷ ഞങ്ങള്‍ ഉറപ്പ് വരുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

നവംബര്‍ 26 ന് രക്തസാക്ഷിത്വം വരിച്ചവര്‍ക്ക് വേണ്ടിയാണ് സ്കൂളുകളില്‍ ബോംബ് വെച്ചിരിക്കുന്നത് എന്നാണ് ഇമെയില്‍ സന്ദേശത്തില്‍ പറഞ്ഞിരുന്നത്. ബോംബ് വെച്ചിരിക്കുന്ന സ്കൂളുകളുടെ പേരും ഇമെയിലില്‍ നല്‍കിയിരുന്നു. പോലീസ് എത്തുന്നതിന് മുൻപ് തന്നെ രക്ഷിതാക്കള്‍ എത്തി വിദ്യാര്‍ത്ഥികളെ സ്കൂളുകളില്‍ നിന്നും ഒഴിപ്പിച്ചിരുന്നു. പരിശോധനയില്‍ ഒന്നും കണ്ടെത്തതിനെത്തുടര്‍ന്ന് ഇതൊരു വ്യാജ സന്ദേശമാണെന്ന് പോലീസ് സ്ഥിരീകരിച്ചു