മ്യാൻമറില്‍ കലാപം: ഇന്ത്യൻ പൗരന്മാര്‍ എത്രയും വേഗം മടങ്ങിയെത്തണമെന്ന് വിദേശകാര്യ മന്ത്രാലയം

മ്യാൻമറില്‍ കലാപം: ഇന്ത്യൻ പൗരന്മാര്‍  എത്രയും വേഗം മടങ്ങിയെത്തണമെന്ന്   വിദേശകാര്യ മന്ത്രാലയം

ന്യൂഡല്‍ഹി: മ്യാൻമറില്‍ കലാപം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഇന്ത്യൻ പൗന്മാർ സുരക്ഷിതരായി രാജ്യത്ത് തിരികെ എത്തണമെന്ന നിർദ്ദേശവുമായി കേന്ദ്രസർക്കാർ.

മ്യാൻമറിലെ റാഖൈൻ മേഖലകളില്‍ അക്രമം രൂക്ഷമാകുകയാണ്. ഈ സാഹര്യത്തില്‍ മ്യാൻമറിലേക്കുള്ള വിനോദസഞ്ചാരങ്ങള്‍ നിർത്തലാക്കണമെന്നും മന്ത്രാലയം നിർദ്ദേശം നല്‍കി.

"മ്യാൻമറില്‍ കലാപങ്ങള്‍ രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഇന്ത്യൻ പൗരന്മാർ തിരികെ രാജ്യത്തിലേക്ക് സുരക്ഷിതരായി മടങ്ങി വരേണ്ടതാണ്. ആശയവിനിമയം വിച്ഛേദിക്കപ്പെടുന്ന സാഹചര്യമാണ് നിലവില്‍ മ്യാൻമറിലുള്ളത്. ഇതിനാല്‍ ഇന്ത്യൻ പൗരന്മാർ മ്യാൻമറിലേക്ക് വിനോദസഞ്ചാരങ്ങള്‍ക്കായി പോകുന്നത് നിർത്തണമെന്നും മുന്നറിയിപ്പ് നല്‍കുന്നു."- വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.

2021 ഫെബ്രുവരി 1ന് ജനാധിപത്യഭരണം അട്ടിമറിച്ച്‌ സൈന്യം മ്യാൻമർ പിടിച്ചടക്കിയതോടെ പൊട്ടിപ്പുറപ്പെട്ട കലാപം ഇപ്പോഴും തുടരുകയാണ്. ജനാധിപത്യഭരണം പുനഃ സ്ഥാപിക്കാൻ നടത്തിയ പ്രതിഷേധങ്ങളില്‍ നിരവധി പേർക്ക് ജീവൻ നഷ്ടപ്പെട്ടു. രാജ്യത്തെ അക്രമങ്ങള്‍ പൂർണമായി നിർത്തലാക്കാൻ കഴിഞ്ഞ ദിവസങ്ങളില്‍ ഇന്ത്യയും മ്യാൻമറിന് നിർദ്ദേശം നല്‍കിയിരുന്നു. തുടർന്നും കലാപങ്ങള്‍ കെട്ടടങ്ങാത്ത സാഹര്യത്തിലാണ് ഇന്ത്യൻ പൗരന്മാർക്ക് മടങ്ങി വരാനുള്ള നിർദ്ദേശം വിദേശകാര്യ മന്ത്രാലയം പുറപ്പെടുവിച്ചിരിക്കുന്നത്.