മുഖ്യമന്ത്രിയുടെ എഐ ഡാൻസ് നീക്കം ചെയ്ത് മെറ്റ; ഇന്ത്യയിൽ കാണാൻ സാധിക്കില്ല
മുഖ്യമന്ത്രി വി. ഡി. സതീശന്റെ കെഎസ്ഇബി ജീവനക്കാരുമൊത്തുള്ള എഐ ഡാൻസ് വീഡിയോ നീക്കം ചെയ്ത് മെറ്റ. ഇന്ത്യയിലെ നിലവിലെ ഐടി നിയമങ്ങൾക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് മെറ്റയുടെ നടപടി. അതേസമയം മറ്റു രാജ്യങ്ങളിൽ വീഡിയോ കാണാനാകും.
പവർകട്ടുമായി ബന്ധപ്പെട്ട വിഷയം സാമൂഹിക മാധ്യമങ്ങളിൽ വൻതോതിൽ വിമർശനമുയർന്ന സമയത്താണ് കെഎസ്ഇബി ജീവനക്കാരുമൊത്തുള്ള മുഖ്യമന്ത്രിയുടെ എഐ ഡാൻസ് വീഡിയോ സോഷ്യൽ മീഡിയയിൽ ഒന്നാകെ വൈറലാകുന്നത്. തൃശ്ശൂർ സ്വദേശിയായ അഭിജിത്ത് ദുബായിലെ സുഹൃത്ത് അഖിലുമൊത്താണ് വീഡിയോ നിർമ്മിച്ചത്.
നിലവിൽ മറ്റു ചില സാമൂഹിക മാധ്യമ അക്കൗണ്ടുകളിൽ വീഡിയോ ഉണ്ടെങ്കിലും വൈകാതെ തന്നെ അവ ഇന്ത്യയിൽ ലഭ്യമായേക്കില്ലെന്നാണ് വിവരം. വീഡിയോയിൽ എഐ വീഡിയോ ആണെന്ന മുന്നറിയിപ്പ് നേരത്തെ തന്നെ നൽകിയിരുന്നു.
വീഡിയോയെക്കുറിച്ച് മുഖ്യമന്ത്രി വി.ഡി. സതീശനും പ്രതികരിച്ചിരുന്നു. എ.ഐ. വീഡിയോയിൽ താൻ മോഹൻലാലിനേക്കാളും വിജയിനേക്കാളും മികച്ച രീതിയിൽ താൻ നൃത്തം ചെയ്യുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്.