മാര്‍ച്ച്‌ 15ന് മുമ്ബ് ഇന്ത്യൻ സൈന്യം രാജ്യം വിടണം; അന്ത്യശാസനവുമായി മാലദ്വീപ്

മാര്‍ച്ച്‌ 15ന് മുമ്ബ് ഇന്ത്യൻ സൈന്യം രാജ്യം വിടണം; അന്ത്യശാസനവുമായി മാലദ്വീപ്

ന്യൂഡല്‍ഹി: മാലദ്വീപില്‍നിന്ന് ഇന്ത്യൻ സൈന്യത്തെ പിൻവലിക്കണമെന്ന് പ്രസിഡന്‍റ് മുഹമ്മദ് മുഇസ്സു. മാര്‍ച്ച്‌ 15ന് മുമ്ബായി ഇന്ത്യൻ സൈന്യത്തോട് ദ്വീപ് രാജ്യം വിടാനാണ് അന്ത്യശാസനം നല്‍കിയിരിക്കുന്നത്.

അഞ്ചു ദിവസത്തെ ചൈന സന്ദര്‍ശനം പൂര്‍ത്തിയാക്കി മടങ്ങി എത്തിയതിനു പിന്നാലെയാണ് പ്രസിഡന്‍റ് ഇക്കാര്യം വ്യക്തമാക്കിയത്.

ലക്ഷദ്വീപ് സന്ദര്‍ശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അധിക്ഷേപിച്ച്‌ മൂന്നു മാലദ്വീപ് മന്ത്രിമാര്‍ നടത്തിയ പരാമര്‍ശം വിവാദമായിരുന്നു. ഇന്ത്യ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയതോടെ മൂന്നു മന്ത്രിമാരെയും സസ്പെൻഡ് ചെയ്തിരുന്നു. ഇതിന്‍റെ അലയൊലികള്‍ കെട്ടടങ്ങുന്നതിനു മുമ്ബാണ് സൈന്യത്തെ പിൻവലിക്കണമെന്ന് മാലദ്വീപ് ഇന്ത്യയോട് ആവശ്യപ്പെട്ടിരിക്കുന്നത്. മുഇസ്സു അധികാരത്തിലെത്തിയതു മുതല്‍ മാലദ്വീപിലെ ഇന്ത്യൻ സൈന്യത്തിന്‍റെ സാന്നിധ്യം കുറക്കണമെന്ന് ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ സമയപരിധി നിര്‍ദേശിച്ചിരുന്നില്ല.

കടല്‍ സുരക്ഷക്കും ദുരന്ത നിവാരണത്തിനുമായാണ് ഇന്ത്യൻ സൈന്യം മാലദ്വീപിലുള്ളത്. റിപ്പോര്‍ട്ട് പ്രകാരം 88 സൈനികരാണ് മാലദ്വീപിലുള്ളത്. ദ്വീപ് രാജ്യം ചൈനയോട് കൂടുതല്‍ അടുക്കുന്നതായി നേരത്തെ തന്നെ ആരോപണങ്ങളുണ്ട്. 'ഇന്ത്യൻ സൈന്യത്തിന് മാലദ്വീപില്‍ തങ്ങാനാകില്ല. പ്രസിഡന്‍റ് മുഹമ്മദ് മുഇസ്സുവിന്‍റെയും അദ്ദേഹത്തിന്‍റെ ഭരണകൂടത്തിന്‍റെയും നയനിലപാടാണിത്' -പ്രസിഡന്‍റിന്‍റെ ഓഫിസിലെ പബ്ലിക് പൊളിസ് സെക്രട്ടറി അബ്ദുല്ല നസീം ഇബ്രാഹീം പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു.