ബംഗളൂരുവില്‍നിന്ന് കേരളത്തിലേക്ക് പുതിയ ബസ്റൂട്ടുകള്‍ അനുവദിക്കാമെന്ന് മന്ത്രി ഗണേഷ് കുമാര്‍

ബംഗളൂരുവില്‍നിന്ന് കേരളത്തിലേക്ക് പുതിയ ബസ്റൂട്ടുകള്‍ അനുവദിക്കാമെന്ന് മന്ത്രി ഗണേഷ് കുമാര്‍

ബംഗളൂരു: ബംഗളൂരു നഗരത്തില്‍നിന്ന് കേരളത്തിലെ പുതിയ റൂട്ടുകളില്‍ ബസ് സർവിസ് അനുവദിക്കാമെന്ന് കേരള ഗതാഗത മന്ത്രി കെ.ബി.ഗണേഷ് കുമാറിന്റെ ഉറപ്പ്.

വോള്‍വോ ബസുകളും സ്വിഫ്റ്റ് ബസുകളും ദീർഘദൂര റൂട്ടുകളില്‍ സർവിസ് നടത്താൻ കഴിയുന്ന ബസുകളും സഞ്ചാരയോഗ്യമാക്കിയ ശേഷം പുതിയ റൂട്ടുകള്‍ അനുവദിക്കാമെന്നാണ് കർണാടക-കേരള ട്രാവലേഴ്സ് ഫോറം (കെ.കെ.ടി.എഫ്) ഭാരവാഹികള്‍ക്ക് മന്ത്രി വാക്കു നല്‍കിയത്. കെ.കെ.ടി.എഫ് ഭാരവാഹികള്‍ തിരുവനന്തപുരത്ത് മന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ബംഗളൂരു മലയാളികളുടെ യാത്രാ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി നിവേദനവും കൈമാറി.

കെ.എസ്.ആർ.ടി.സിയുടെ ബംഗളൂരു ഡിപ്പോയിലേക്കും മൈസൂരു ഡിപ്പോയിലേക്കും ഓരോ സ്പെയർ ബസ് അനുവദിക്കണമെന്ന ആവശ്യവും കെ.കെ.ടി.എഫ് ജനറല്‍ കണ്‍വീനർ ആർ. മുരളീധർ ഉന്നയിച്ചു. കോഴിക്കോട് - ബംഗളൂരു (കുറ്റ്യാടി, മാനന്തവാടി വഴി), കാഞ്ഞങ്ങാട്- ബംഗളൂരു (വെള്ളരിക്കുണ്ട്, ചെറുപുഴ, ഇരിട്ടി, മൈസൂരു വഴി), ബംഗളൂരു- കോട്ടയം (കുമളി വഴി), കോഴിക്കോട്- മടിക്കേരി (കുറ്റ്യാടി, മൈസൂരു വഴി), എറണാകുളം- ഹാസൻ (സുല്‍ത്താൻ ബത്തേരി വഴി), തലശ്ശേരി - ബംഗളൂരു (മാഹി, പാനൂർ, കുറ്റ്യാടി.

കല്‍പറ്റ, മൈസൂരു വഴി), പയ്യന്നൂർ- ബംഗളൂരു (ചെറുപുഴ, വെള്ളരിക്കുണ്ട്, സുള്ള്യ, ഹാസൻ വഴി), കണ്ണൂർ- മൈസൂരു (മട്ടന്നൂർ, കൊട്ടിയൂർ, മാനന്തവാടി വഴി), കോഴിക്കോട്- ശിവമൊഗ്ഗ (സോമവാർപേട്ട്, സകലേഷ് പുര വഴി), ബംഗളൂരു- നീലേശ്വരം (മൈസൂരു, മടിക്കേരി, സുള്ള്യ, പാണത്തൂർ വഴി), ബംഗളൂരു- കൊല്ലം (ചെങ്കോട്ടെ, പുനലൂർ, കൊട്ടാരക്കര വഴി), കോഴിക്കോട് -ഹുബ്ബള്ളി (ഹാസൻ, ശിവമൊഗ്ഗ വഴി), മലപ്പുറം -ബംഗളൂരു (താമരശ്ശേരി, കല്‍പറ്റ, മൈസൂരു വഴി) റൂട്ടുകളിലാണ് പുതിയ സർവിസുകള്‍ ആവശ്യപ്പെട്ടത്.