കുപ്രസിദ്ധ മോഷ്ടാവ് ബാലമുരുകൻ കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട സംഭവം; തമിഴ്‌നാട് പോലീസിലെ മൂന്ന് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ

Nov 6, 2025 - 13:33
 0  4
കുപ്രസിദ്ധ മോഷ്ടാവ് ബാലമുരുകൻ കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട  സംഭവം; തമിഴ്‌നാട് പോലീസിലെ മൂന്ന് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ

തൃശ്ശൂർ: കുപ്രസിദ്ധ മോഷ്ടാവ് ബാലമുരുകൻ കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട സംഭവത്തിൽ തമിഴ്‌നാട് പോലീസിലെ മൂന്ന് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ. തമിഴ്‌നാട് വിരുതനഗർ ജില്ലയിലെ ബന്ദൽക്കുടി സ്റ്റേഷനിലെ എസ്.ഐ നാഗരാജൻ അടക്കം മൂന്ന് ഉദ്യോഗസ്ഥരെയാണ് വീഴ്ച വരുത്തിയതിനെ തുടർന്ന് സസ്‌പെൻഡ് ചെയ്തത്. പ്രതി ചാടിപ്പോയതിൽ തമിഴ്‌നാട് പോലീസിന്റെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ചയുണ്ടായെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി.

തെളിവെടുപ്പിന് കൊണ്ടുപോയ പ്രതിയെ സ്വകാര്യ കാറിൽ തിരികെ കൊണ്ടുവന്നതും, കൈവിലങ്ങ് അണിയിക്കാതെ പുറത്തിറങ്ങാൻ അനുവദിച്ചതും കടുത്ത വീഴ്ചയായാണ് വിലയിരുത്തുന്നത്. പ്രതി രക്ഷപ്പെടുന്നതിന് തൊട്ടുമുമ്പ് വിലങ്ങില്ലാതെ തമിഴ്‌നാട് പോലീസ് ബാലമുരുകനുമായി ആലത്തൂരിലെ ഒരു ഹോട്ടലിൽ എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഈ ദൃശ്യങ്ങൾ പോലീസിന്റെ വീഴ്ച തെളിയിക്കുന്നതായിരുന്നു.

ബാലമുരുകൻ രക്ഷപ്പെട്ട സംഭവം തമിഴ്‌നാട് പോലീസ്, കേരളാ പോലീസിനെ അറിയിക്കാൻ വൈകിയതും വീഴ്ചയായി കണക്കാക്കുന്നു. പ്രതി രക്ഷപ്പെട്ട് ഏകദേശം ഒരു മണിക്കൂറിന് ശേഷമാണ് തമിഴ്‌നാട് പോലീസ് വിയ്യൂർ പോലീസിനെ വിവരമറിയിച്ചത്. കവർച്ച, കൊലപാതക ശ്രമം ഉൾപ്പെടെ 53 കേസുകളിലെ പ്രതിയാണ് ബാലമുരുകൻ. ഇയാളെ തമിഴ്‌നാട്ടിൽ രജിസ്റ്റർ ചെയ്ത ഒരു കേസിൽ കോടതിയിൽ ഹാജരാക്കിയ ശേഷം വിയ്യൂരിലേക്ക് തിരികെ കൊണ്ടുവരുന്നതിനിടെയാണ് പ്രതി കസ്റ്റഡിയിൽ നിന്ന് ചാടിപ്പോയത്. ജയിലിന്റെ മുമ്പിൽ മൂത്രം ഒഴിക്കാൻ നിർത്തിയപ്പോൾ കാറിൽ നിന്ന് ഇറങ്ങിയോടുകയായിരുന്നു. നിലവിൽ ബാലമുരുകനായി തെങ്കാശിയും പൊള്ളാച്ചിയും കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.