ഗുഢാലോചന തെളിയിക്കുക എപ്പോഴും വെല്ലുവിളി; മേല്‍ക്കോടതിയില്‍ എന്ത് സംഭവിക്കുമെന്ന് നോക്കാം: ബി സന്ധ്യ

Dec 8, 2025 - 13:22
 0  0
ഗുഢാലോചന തെളിയിക്കുക എപ്പോഴും  വെല്ലുവിളി;  മേല്‍ക്കോടതിയില്‍ എന്ത് സംഭവിക്കുമെന്ന് നോക്കാം: ബി സന്ധ്യ
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപ് ഉള്‍പ്പടെയുള്ള നാലുപ്രതികളെ വെറുതെ വിട്ടത് അന്തിമ വിധിയല്ലെന്നും മേല്‍ക്കോടതിയില്‍ എന്ത് സംഭവിക്കുമെന്ന് നോക്കാമെന്നും അന്വേഷണ സംഘം മുന്‍ മേധാവി ബി സന്ധ്യ പറഞ്ഞു. ഗുഢാലോചന തെളിയിക്കുക എപ്പോഴും ഒരു വെല്ലുവിളിയാണെന്നും അവര്‍ പറഞ്ഞു.
'അന്വേഷണ സംഘം മികച്ച ജോലിയാണ് ചെയ്തത്. അവര്‍ അഭിനന്ദനം അര്‍ഹിക്കുന്നുണ്ട്. മാറിമാറി വന്ന പ്രോസിക്യൂട്ടര്‍മാരും നല്ല ജോലി ചെയ്തിട്ടുണ്ട്.
 ഈയൊരു കേസിലൂടെ കേരളത്തിലെ സിനിമാ മേഖലയില്‍ ഒരുപാട് പോസിറ്റീവായ മാറ്റങ്ങള്‍ വന്നു. അന്തിമ വിധി വരുന്നതുവരെ അതിജീവിതയ്‌ക്കൊപ്പം അന്വേഷണം സംഘം ഉണ്ടാകും. ഒരുപാട് വെല്ലുവിളികള്‍ വിചാരണവേളയില്‍ നേരിട്ടുണ്ട്. മേല്‍ക്കോടതിയില്‍ നീതിക്കുവേണ്ടി അന്വേഷണ സംഘവും പ്രോസിക്യൂഷനും പോരാടും' ബി സന്ധ്യ കൂട്ടിച്ചേര്‍ത്തു.
കേസില്‍ നേരിട്ട് പങ്കെടുത്ത പള്‍സര്‍ സുനി ഉള്‍പ്പടെയുള്ള ആറ് പ്രതികളെയാണ് കോടതി കുറ്റക്കാരായി കണ്ടെത്തിയത്. പ്രതികള്‍ക്കുള്ള ശിക്ഷാവിധി വെള്ളിയാഴ്ച പ്രഖ്യാപിക്കും. കൂട്ട ബലാത്സംഗം, സ്ത്രീത്വത്തെ അപമാനിക്കല്‍, ക്രിമിനല്‍ ഗൂഢാലോചന, തട്ടിക്കൊണ്ടുപോകല്‍ എന്നീ കുറ്റങ്ങളാണ് പ്രതികളുടെ മേല്‍ചുമത്തിയിരിക്കുന്നത്.