അയോധ്യ രാമക്ഷേത്രത്തില്‍ വിഗ്രഹം പ്രതിഷ്ഠിച്ചു; നേതൃത്വം നല്‍കി പ്രധാനമന്ത്രി നരേന്ദ്ര മോദി

അയോധ്യ രാമക്ഷേത്രത്തില്‍ വിഗ്രഹം പ്രതിഷ്ഠിച്ചു; നേതൃത്വം നല്‍കി പ്രധാനമന്ത്രി നരേന്ദ്ര മോദി
യോധ്യ: അയോധ്യയിലെ രാമക്ഷേത്രത്തില്‍ വിഗ്രഹം പ്രതിഷ്ഠിച്ചു. വിവിധ പൂജാചടങ്ങുകള്‍ക്ക് ശേഷം ഉച്ചയ്ക്ക് 12.32നാണ് പ്രാണപ്രതിഷ്ഠ നടന്നത്.
മൈസൂരുവില്‍നിന്നുള്ള ശില്‍പി അരുണ്‍ യോഗിരാജ് തയാറാക്കിയ അഞ്ചടി ഉയരമുള്ള ശ്രീരാമന്‍റെ വിഗ്രഹമാണ് പ്രതിഷ്ഠിച്ചത്. അഞ്ച് വയസുപ്രായമുള്ള ശ്രീരാമന്‍ അമ്ബും വില്ലും ഏന്തിനില്‍ക്കുന്ന വിഗ്രഹമാണിത്.
പ്രതിഷ്ഠാച്ചടങ്ങിന്‍റെ മുഖ്യയജമാനനായത് മോദിയാണ്.  ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു പ്രധാനമന്ത്രി ക്ഷേത്ര പ്രതിഷ്ഠയുടെ യജമാനന്‍ ആകുന്നത്.
കൃത്യം പന്ത്രണ്ടിന് തന്നെ പ്രധാനമന്ത്രി ക്ഷേത്രത്തിലെത്തിയിരുന്നു. ശംഖനാദത്തോടെയാണ് മോദിയെ ക്ഷേത്രത്തിലേക്ക് സ്വീകരിച്ചത്.

കാശിയിലെ വേദപണ്ഡിതൻ ലക്ഷ്മികാന്ത് ദീക്ഷിത് ആയിരുന്നു മുഖ്യ പുരോഹിതൻ. ഉത്തർപ്രദേശ് ഗവർണർ ആനന്ദിബെൻ പട്ടേല്‍, മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ആർഎസ്‌എസ് മേധാവി മോഹൻ ഭഗവത് എന്നിവർ ചടങ്ങുകളില്‍ സന്നിഹിതരായിരുന്നു. ഈ ദിവ്യ പരിപാടിയുടെ ഭാഗമാകാൻ കഴിഞ്ഞതില്‍ വലിയ സന്തോഷമുണ്ടെന്ന് പ്രധാനമന്ത്രി പ്രതികരിച്ചു.

 രാംലല്ല വിഗ്രഹത്തിന്റെ കണ്ണു മൂടിക്കെട്ടിയ തുണി അഴിച്ചുമാറ്റിയതോടെയാണ് പ്രതിഷ്ഠാ ചടങ്ങുകള്‍ പൂർണമായത്. '