അക്ബറിനൊപ്പം സീതയോ? നടക്കില്ലെന്ന് വിഎച്ച്‌പി; സിംഹങ്ങളുടെ പേരുവിവാദം കോടതിയിലേക്ക്

അക്ബറിനൊപ്പം സീതയോ?  നടക്കില്ലെന്ന് വിഎച്ച്‌പി;  സിംഹങ്ങളുടെ പേരുവിവാദം കോടതിയിലേക്ക്

സിലിഗുരി സഫാരി പാർക്കിലെ സിംഹങ്ങളുടെ പേരു സംബന്ധിച്ച വിവാദം കോടതിയിലേക്ക്. സഫാരിയിലെ ആണ്‍ സിംഹമായ അക്ബറിനൊപ്പം സീതയെന്ന പെണ്‍സിംഹത്തേയും പാർപ്പിച്ചതാണ് വിവാദങ്ങള്‍ക്ക് കാരണമായിരിക്കുന്നത്.

സംഭവത്തില്‍ ഹിന്ദു സംഘടനയായ വിഎച്ച്‌പി കോടതിയെ സമീപിച്ചു. പശ്ചിമ ബംഗാള്‍ വനം വകുപ്പിന്റെ നടപടിയെ ചോദ്യം ചെയ്ത് വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്‌പി) കല്‍ക്കട്ട ഹൈക്കോടതിയെയാണ് സമീപിച്ചിരിക്കുന്നത്.

സംസ്ഥാനത്തെ വനം വകുപ്പ് അധികൃതരെയും ബംഗാളിലെ സഫാരി പാർക്ക് ഡയറക്ടറെയും കക്ഷി ചേർത്തുകൊണ്ടാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്. എന്നാല്‍ ത്രിപുരയിലെ സെപാഹിജാല സുവോളജിക്കല്‍ പാർക്കില്‍ നിന്ന് അടുത്തിടെയാണ് സിംഹങ്ങളെ മാറ്റിയതെന്നും ഫെബ്രുവരി 13ന് സഫാരി പാർക്കില്‍ എത്തിയപ്പോള്‍ പേരുമാറ്റിയില്ലെന്നുമാണ് വനംവകുപ്പ് വിവാദത്തോട് പ്രതികരിച്ചിരിക്കുന്നത്.

അതേ സമയം പ്രശസ്തമായ മുഗള്‍ ചക്രവർത്തിമാരില്‍ ഒരാളായിരുന്നു അക്ബറെന്നും, സീത രാമായണത്തിലെ ഒരു കഥാപാത്രമാണെന്നും, ഹിന്ദു മതത്തില്‍ ഒരു ദൈവമായി കണക്കാക്കപ്പെടുന്നുവെന്നും അതിനാല്‍ തന്നെ സീതയെ അക്ബറിനൊപ്പം പാർപ്പിക്കുന്നത് ഹിന്ദുമതത്തെ അപമാനിക്കുന്ന നടപടിയാണെന്നുമാണ് വിഎച്ച്‌പി ആരോപിക്കുന്നത്.

ഒന്നുകില്‍ സിംഹങ്ങളുടെ പേര് മാറ്റാൻ വനം വകുപ്പ് തയ്യാറാവണമെന്നും അല്ലാത്തപക്ഷം രണ്ട് സിംഹങ്ങളേയും ഒരുമിച്ച്‌ പാർപ്പിക്കുന്നത് ഒഴിവാക്കണമെന്നുമാണ് വിഎച്ച്‌പിയുടെ ആവശ്യം.