മണിപ്പൂരില്‍ വീണ്ടും ആക്രമണം; നാല് പേര്‍ കൊല്ലപ്പെട്ടു

മണിപ്പൂരില്‍ വീണ്ടും ആക്രമണം; നാല് പേര്‍ കൊല്ലപ്പെട്ടു

ഇംഫാല്‍: മണിപ്പൂരില്‍ ആയുധധാരികളായ അക്രമികള്‍ തട്ടിക്കൊണ്ടുപോയെന്ന് സംശയിച്ചിരുന്ന നാല് പേരെ മരിച്ച നിലയില്‍ കണ്ടെത്തി.

ബുധനാഴ്ചയാണ് വീണ്ടും ആക്രമണമുണ്ടായത്. മെയ്തേയ് വിഭാഗത്തില്‍പ്പെട്ടവരാണ് കൊല്ലപ്പെട്ടത്. ഇവരെ മണിപ്പൂരിലെ ബിഷ്ണുപൂര്‍ ജില്ലയിലെ ഹയോതക് ഫൈലൻ ഗ്രാമത്തിന് സമീപം മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

ബുധനാഴ്ച വിറക് എടുക്കാൻ പോയ നാലുപേരെയും കാണാതായതായി മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ആനന്ദ് സിംഗ്, ദാരാ സിംഗ്, ഇബോംച സിംഗ്, റോമൻ സിംഗ് എന്നിവരാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞതായി പോലീസിനെ ഉദ്ധരിച്ച്‌ പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

അതിനിടെ, വ്യാഴാഴ്ച ഹവോതക് ഫൈലെൻ ഗ്രാമത്തില്‍ വീണ്ടും വെടിവെയ്പുണ്ടായി. നൂറിലധികം സ്ത്രീകളും കുട്ടികളും പ്രായമായവരും സുരക്ഷിത സ്ഥലങ്ങളിലേക്ക് പലായനം ചെയ്തു. കഴിഞ്ഞ വര്‍ഷം മെയ് ആദ്യം മുതല്‍ മെയ്തേയ്, കുക്കി സമുദായങ്ങള്‍ തമ്മിലുള്ള വംശീയ കലാപം മണിപ്പൂരില്‍ തുടരുകയാണ്.

സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം ഇരുന്നൂറിലധികം ആളുകള്‍ കൊല്ലപ്പെടുകയും 67,000-ത്തോളം ആളുകള്‍ വീടുകളില്‍ നിന്ന് പലായനം ചെയ്യാൻ നിര്‍ബന്ധിതരാകുകയും ചെയ്തു.