നയപ്രഖ്യാപന പ്രസംഗത്തിന്‍റെ കരടിന് അംഗീകാരം നല്‍കി ഗവര്‍ണര്‍

നയപ്രഖ്യാപന പ്രസംഗത്തിന്‍റെ കരടിന് അംഗീകാരം നല്‍കി ഗവര്‍ണര്‍
തിരുവനന്തപുരം: നയപ്രഖ്യാപന പ്രസംഗത്തിന്‍റെ കരടിന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അംഗീകാരം നല്‍കി. ഫയല്‍ രാജ്ഭവൻ ഇന്ന് സർക്കാരിന് കൈമാറും.
കരടില്‍ ഗവർണർക്കെതിരെ പരാമർശം ഇല്ല.

കഴിഞ്ഞ ദിവസം സ്പീക്കർ എ.എൻ ഷംസീർ നേരിട്ടെത്തി ഗവർണറെ ക്ഷണിച്ചിരുന്നു. നയപ്രഖ്യാപന പ്രസംഗം വായിക്കാനുള്ള ഭരണഘടനാ ബാധ്യത നിറവേറ്റുമെന്ന് നേരത്തെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വ്യക്തമാക്കിയിരുന്നു.

ഈ മാസം 25നാണ് നിയമസഭാ സമ്മേളനം ആരംഭിക്കുന്നത്. മാർച്ച്‌ 27 വരെ നീളുന്ന നിയമസഭാ സമ്മേളനത്തില്‍ ഫെബ്രുവരി അഞ്ചിന് ധനമന്ത്രി കെ.എൻ.ബാലഗോപാല്‍ ബജറ്റ് അവതരിപ്പിക്കും. ജനുവരി 29 മുതല്‍ 31 വരെ നയപ്രഖ്യാപനത്തിന് മേലുള്ള നന്ദി പ്രമേയ ചർച്ച നടക്കും.

സാമ്ബത്തിക പ്രതിസന്ധിക്കിടെയാണ് സംസ്ഥാന ബജറ്റ്. സർക്കാരില്‍ പുതുതായി രണ്ടു മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്തശേഷം നടക്കുന്ന ആദ്യ നിയമസഭ സമ്മേളനം കൂടിയാണിത്.